‘നര്‍മം കൊണ്ട് രസിപ്പിച്ച ഇന്നസെന്റ് എക്കാലവും ഓര്‍മിക്കപ്പെടും’; അനുശോചിച്ച് പ്രധാനമന്ത്രി
ഇന്നസെന്റിന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളെ നര്‍മം കൊണ്ട് രസിപ്പിച്ച ഇന്നസെന്റ് എക്കാലവും ഓര്‍മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
‘പ്രശസ്ത നടനും മുന്‍ എംപിയുമായ ഇന്നസെന്റ് വറീത് തെക്കേത്തലയുടെ നിര്യാണത്തില്‍ അനുശോചിക്കുന്നു. പ്രേക്ഷകരെ ആവേശത്തിലാക്കിയതിനും ജനജീവിതത്തില്‍ നര്‍മ്മം നിറച്ചതിനും അദ്ദേഹം എക്കാലത്തും ഓര്‍മ്മിക്കപ്പെടും. ഇന്നസെന്റിന്റെ വിയോഗത്തില്‍ കുടുംബാംഗങ്ങള്‍ക്ക് അനുശോചനമറിയിക്കുന്നു. ആത്മാവിന് ശാന്തി നേരുന്നു.’. പ്രധാനമന്ത്രി കുറിച്ചു.
ഇന്നസെന്റിന്റെ നിര്യാണത്തില്‍ രാഹുല്‍ ഗാന്ധിയും അനുശോചനമറിയിച്ചു. അനുകരണീയമായ ശൈലിയിലൂടെ ജനഹൃദയത്തില്‍ ആഴത്തിലുള്ള മുദ്ര പതിപ്പിച്ച വ്യക്തിയാണ് ഇന്നസെന്റ് എന്ന് രാഹുല്‍ ഗാന്ധി കുറിച്ചു. തന്റെ അഭിനയ മികവ് കൊണ്ട് ആളുകളെ ചിരിപ്പിച്ചതും, ക്യാന്‍സറിനെതിരായ ധീരമായ പോരാട്ടവും, അദ്ദേഹത്തിന്റെ പുസ്തകങ്ങളും ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചിട്ടുണ്ടെന്നും രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.