സിപിഐഎമ്മിന്റെ പ്രധാന എതിരാളി ബിജെപി; എം.വി ഗോവിന്ദൻ
സിപിഐഎമ്മിന്റെ പ്രധാന എതിരാളി ബിജെപിയാണെന്ന് എം വി ഗോവിന്ദൻ. പശ്ചിമ ബംഗാളിലും ബിജെ പി തന്നെയാണ് എതിരാളി. ഓരോ സംസ്ഥാനത്തിലെയും ബിജെപിവിരുദ്ധ വോട്ടുകൾ ഏകീകരിക്കാനാണ് നീക്കം. പിന്തുണ രാഹുൽ ഗാന്ധിക്കല്ല. അദ്ദേഹത്തിന് നേരെ കേന്ദ്രം സ്വീകരിച്ച സമീപനത്തിനെയാണ് പാർട്ടി എതിർക്കുന്നത്. കേന്ദ്ര അന്വേഷണ ഏജൻസികളെ ആർഎസ്എസ് പ്രതിപക്ഷ പാർട്ടികൾക്കെതിരെ ഉപയോഗിക്കുന്നുവെന്ന് എം വി ഗോവിന്ദൻ ആരോപിച്ചു.
കേരളത്തിൽ കോൺഗ്രസിനെതിരായ നിലപാടുകളിൽ മാറ്റമുണ്ടാകില്ല. സംസ്ഥാനത്ത് കോൺഗ്രസിനെ അതിശക്തമായി എതിർത്തുകൊണ്ട് തന്നെ പാർട്ടി മുന്നോട്ട് പോകും. അതിൽ വിട്ടുവീഴ്ചയുണ്ടാകില്ല. സിപിഎം ഇപ്പോൾ എടുക്കുന്ന നിലപാട് കോൺഗ്രസിനെ സഹായിക്കുമോ എന്നതല്ല. ജനാധിപത്യ സംവിധാനത്തിന് മുന്നോട്ടുപോകാനുള്ള വഴിയൊരുക്കുകയാണ് രാഷ്ട്രീയപാർട്ടിയെന്ന നിലയിൽ ചെയ്യുന്നതെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
അതേസമയം വയനാട്ടിൽ ഉപതിരഞ്ഞെടുപ്പുണ്ടായാൽ നേരിടാൻ തയ്യാറാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞിരുന്നു. ഏത് സമയത്ത് ഏത് തിരഞ്ഞെടുപ്പ് വന്നാലും പാർട്ടി നേരിടാൻ തയ്യാറാണെന്നും എന്നാൽ ഉപ തെരഞ്ഞെടുപ്പിലേക്ക് പോകില്ല എന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഉണ്ടായാൽ ഇപ്പോൾ സ്വീകരിച്ച സമീപനമാകില്ല, പ്രതിപക്ഷ പാർട്ടികൾ സ്വീകരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ ഭരണഘടനാ സംവിധാനങ്ങളെയും ഉപയോഗിച്ചുകൊണ്ട് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. കോടതി വിധി അന്തിമമല്ല. ഏത് വിധേനയും പ്രതിപക്ഷ പാർട്ടി നേതൃത്വത്തെ പാർലമെന്റിൽ നിന്നും ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. രാഹുൽ ഗാന്ധി വിഷയത്തിൽ സിപിഐഎമ്മും തെരുവിൽ പ്രതിഷേധിക്കുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞിരുന്നു.