ഉപഹാരം വാങ്ങി വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചു; ബിഷപ്പ് പാംബ്ലാനിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി
ബിഷപ്പ് പാംബ്ലാനിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി. മലയാളവേദി കൺവീനർ ജോർജ് വട്ടുകുളം ആണ് പരാതിക്കാരൻ. റബർ വില 300 ആക്കിയാൽ വോട്ട് ചെയ്യാമെന്ന പ്രസ്താവനക്കെതിരായാണ് പരാതി. ഉപഹാരം വാങ്ങി വോട്ട് ചെയ്യാൻ പാംബ്ലാനി പ്രേരിപ്പിച്ചെന്ന് പരാതിക്കാരൻ പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ റബര്‍ വില 300 രൂപയായി പ്രഖ്യാപിച്ചാല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കാമെന്ന് സഭ പറഞ്ഞിട്ടില്ലെന്നാണ് വിഷയത്തില്‍ മാര്‍ ജോസഫ് പാംപ്ലാനി പ്രതികരിച്ചത്. കത്തോലിക്ക കോണ്‍ഗ്രസിന്റെ റാലിയിലായിരുന്നു ബിഷപ്പിന്റെ വിവാദ പ്രസ്താവന. കേരളത്തില്‍ ഒരു എം.പിപോലുമില്ലെന്ന ബിജെപിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിച്ചു തരുമെന്നും ജനാധിപത്യത്തില്‍ വോട്ടായി മാറാത്ത ഒരു പ്രതിഷേധവും പ്രതിഷേധമല്ലെന്ന സത്യം കര്‍ഷകര്‍ തിരിച്ചറിയണമെന്നുമായിരുന്നു പാംപ്ലാനിയുടെ വാക്കുകള്‍. എന്നാല്‍ ഇത് സഭയുടെ നിലപാടായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും രാഷ്ട്രീയലക്ഷ്യത്തോടെയല്ല പ്രസ്താവന നടത്തിയതെന്നും ബിഷപ്പ് പറഞ്ഞു.
സഭയ്ക്ക് ഒരു പക്ഷമെയുള്ളൂ, അത് കർഷക പക്ഷമാണ് . രാഷ്ട്രീയ പാർട്ടിയുമായി ബന്ധപ്പെടുത്തി കർഷകരുടെ പ്രശ്നങ്ങളെ അവഗണിക്കാനില്ല. കർഷകരുടെ പ്രശ്‌നങ്ങൾ പറയുമ്പോൾ ഗോഷ്ടി കാണിച്ചിട്ട് കാര്യമില്ല. രാഷ്ട്രീയ ബന്ധം ഉയർത്തി പുകമറ സൃഷ്‌ടിക്കാൻ ശ്രമിക്കുന്നെന്ന് ആർച്ച് ബിഷപ്പ് ആരോപിച്ചു.