എസ്എഫ്ഐ – കെഎസ്യു സംഘർഷത്തെ തുടർന്ന് അടച്ചിട്ട ലോ കോളജിൽ പിടിഎ യോഗം
എസ്എഫ്ഐ – കെഎസ്യു സംഘർഷത്തെ തുടർന്ന് അടച്ചിട്ടിരുന്ന തിരുവനന്തപുരം ലോ കോളജിൽ ഇന്ന് പിടിഎ യോഗം ചേരും. ക്ലാസുകൾ പുനരാരംഭിക്കുന്നതിനടക്കം യോഗത്തിൽ തീരുമാനമുണ്ടായേക്കും. കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഘർഷമുണ്ടായി കോളജ് അടച്ചത്.
കെഎസ്യുവിൻ്റെ കൊടിമരവും തോരണങ്ങളും നശിപ്പിച്ച 24 എസ് എഫ് ഐ പ്രവർത്തകരെ സ്റ്റാഫ് കൗൺസിൽ സസ്പൻഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെ പ്രവർത്തകരെ അകാരണമായി പുറത്താക്കിയെന്ന് ആരോപിച്ച് തിരുവനന്തപുരം ലോ കോളേജിൽ അധ്യാപകരെ എസ്എഫ്ഐ ഉപരോധിച്ചു. ഇതിനു പിന്നാലെയാണ് കോളജ് അടച്ചിട്ടത്.
അക്രമത്തിൽ ഉൾപ്പെട്ട കെഎസ്യു വിദ്യാർത്ഥികളെ ഒഴിവാക്കി കോളജ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ മാത്രം അച്ചടക്ക നടപടി സ്വീകരിച്ചെന്നാണ് എസ്എഫ്ഐയുടെ പ്രധാന ആരോപണം. കോളജിലെ നൂറിലധികം വിദ്യാർത്ഥികൾ ഇപ്പോഴും പ്രതിഷേധത്തിൽ പങ്കെടുക്കുകയാണ്. പ്രതിഷേധം ഇനിയും നീണ്ടുപോകാനാണ് സാധ്യത.