സ്വപ്‌നയുടെ പരാതിയില്‍ വിജേഷ് പിള്ളയ്‌ക്കെതിരെ കേസെടുത്ത് ബെംഗളൂരു പൊലീസ്
സ്വപ്‌ന സുരേഷിന്റെ പരാതിയില്‍ വിജേഷ് പിള്ളയ്‌ക്കെതിരെ കേസെടുത്തു. ബെംഗളൂരു കെആര്‍ പുരം പൊലീസാണ് കേസെടുത്തത്. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് പൊലീസ് നടപടി. വിജേഷ് പിള്ളയെ ചോദ്യം ചെയ്‌തേക്കും.
സ്വപ്നയെ ഇവര്‍ കൂടിക്കാഴ്ച നടത്തിയ ഹോട്ടലിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മൊഴിയും പൊലീസ് രേഖപ്പെടുത്തി. ഹോട്ടലിലെ ദൃശ്യങ്ങള്‍ കൂടി പരിശോധിച്ച ശേഷമായിരിക്കും തുടര്‍ നടപടികള്‍.
തന്റെ പരാതിയില്‍ കര്‍ണാടക പൊലീസ് നടപടികള്‍ ആരംഭിച്ചെന്ന് ചൂണ്ടിക്കാട്ടി സ്വപ്‌ന സുരേഷ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഹോട്ടലില്‍ വിജേഷ് പിള്ളയോടൊപ്പം മറ്റൊരാളും താമസിച്ചിരുന്നെന്ന് ഹോട്ടല്‍ മാനേജ്‌മെന്റ് പൊലീസിനെ അറിയിച്ചതായും ആരായിരിക്കും പിന്നണിയില്‍ ഉള്ള ആ അജ്ഞാതനെന്നും സ്വപ്ന പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ സ്വപ്നയെ കാണാന്‍ എത്തിയപ്പോള്‍ തനിക്കൊപ്പം ആരും ഉണ്ടായിരുന്നില്ലെന്നാണ് വിജേഷ് പിള്ളയുടെ വാദം. ഒപ്പം മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നെന്ന ആരോപണമാണ് വിജേഷ് തള്ളിയത്. സ്വപ്ന പറഞ്ഞ അജ്ഞാതന്‍ ആരാണെന്ന് അറിയില്ല. ഹോട്ടല്‍ രേഖകള്‍ പരിശോധിച്ചാല്‍ സത്യം മനസിലാകും. കര്‍ണാടക പൊലീസ് തന്നെ ബന്ധപ്പെട്ടില്ലെന്നും വിജേഷ് ട്വന്റിഫോറിനോട് പ്രതികരിച്ചിരുന്നു.