Saturday, October 19, 2024
Kerala

‘അടിയന്തര ഇടപെടല്‍ വേണം’; ബ്രഹ്മപുരം വിഷയത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രിയുമായി ചര്‍ച്ച നടത്തി വി.മുരളീധരന്‍

ബ്രഹ്മപുരം വിഷയത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രിയുമായി ചര്‍ച്ച നടത്തി കേന്ദ്ര വിദേശകാര്യ സഹമന്ത്രി മുരളീധരന്‍. ബ്രഹ്മപുരത്ത് ആരോഗ്യ വകുപ്പിന്റെ അടിയന്തര ഇടപെടല്‍ വേണം. മാലിന്യപ്ലാന്റില്‍ ചട്ടങ്ങള്‍ പാലിച്ചില്ലെന്നും അഴിമതി നടന്നിട്ടുണ്ടെന്നും വി മുരളീധരന്‍ കുറ്റപ്പെടുത്തി.

ബ്രഹ്മപുരം വിഷയം സമയബന്ധിതമായി പരിശോധിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ടെന്നും വി മുരളീധരന്‍ പറഞ്ഞു.

ബ്രഹ്മപുരം തീപിടുത്തത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും രംഗത്തെത്തി. നമ്പര്‍ വണ്‍ കേരളത്തെ ജനങ്ങള്‍ എത്രമാത്രം പരിഹാസത്തോടും പുച്ഛത്തോടും കൂടിയാണ് കാണുന്നതെന്നുള്ളതിന്റെ തെളിവാണ് കൊച്ചിയിലേതെന്ന് സുരേന്ദ്രന്‍ വിമര്‍ശിച്ചു.

കൊച്ചി നഗരം ഒരു സാധാരണ നഗരമല്ല. കേന്ദ്ര സര്‍ക്കാര്‍ പ്രത്യേകിച്ച് വാജ്‌പേയി സര്‍ക്കാരിന്റെ കാലം മുതല്‍ പിന്നീട് വന്ന നരേന്ദ്രമോദി സര്‍ക്കാരും കൊച്ചി നഗരത്തിന്റെ വികസനത്തിനായി ആയിരക്കണക്കിന് കോടി രൂപയുടെ പദ്ധതികളാണ് നല്‍കിയിട്ടുള്ളത്. വേസ്റ്റ് മാനേജിന് വേണ്ടിയുള്ള നിരവധി സഹായങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ചെയ്തു. ലോകബാങ്കിന്റെ സഹായം ലഭ്യമാക്കാനും കേന്ദ്രം തന്നെ നേരിട്ട് ശുചിത്വ മിഷന് വേണ്ടിയും ആയിരക്കണക്കിന് കോടി രൂപ ഇതിനോടകം അനുവദിച്ചിട്ടുണ്ട്. അതെല്ലാം കൊള്ളയടിക്കുന്ന ഒരു സമീപനമാണ് കേരളത്തിന്റേതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published.