ഫല പ്രഖ്യാപനത്തിന് പിന്നാലെ അക്രമം; പ്രതിപക്ഷ പ്രതിനിധി സംഘം ഇന്ന് ത്രിപുരയിൽ
പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത പ്രതിനിധി സംഘം ഇന്ന് ത്രിപുരയിലെത്തും. തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്തുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ സിപിഐഎം, സിപിഐ, കോൺഗ്രസ് എന്നിവരടങ്ങുന്ന എട്ടംഗ സംഘം അക്രമ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചിരുന്നു.
സിപിഐഎം എംപിമാരായ എളമരം കരീം, പി.ആർ നടരാജൻ, ബികാഷ് രഞ്ജൻ ഭട്ടാചാര്യ, എ.എ റഹീം, ബിനോയ് വിശ്വം എന്നിവരും രണ്ട് കോൺഗ്രസ് എംപിമാരും ത്രിപുര കോൺഗ്രസിന്റെ ചുമതലയുള്ള മുൻ എംപി അജോയ് കുമാറും അടങ്ങുന്നതാണ് പ്രതിനിധി സംഘം. സംസ്ഥാനത്ത് എത്തുന്ന സംഘം ഗവർണറെ കാണും. ഉദ്യോഗസ്ഥരുമായും ചീഫ് സെക്രട്ടറി കൂടിക്കാഴ്ച നടത്തും. അക്രമ ബാധിത പ്രദേശങ്ങളിലുള്ള കുടുംബങ്ങളെ സന്ദർശിക്കുകയും ചെയ്യുമെന്ന് യെച്ചൂരി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതു മുതൽ വ്യാപക അക്രമസംഭവങ്ങളാണ് ത്രിപുരയിൽ അരങ്ങേറിയത്. അക്രമ രാഷ്ട്രീയം നടത്തി ഒരുതരം ഭീകര അന്തരീക്ഷം ഭാരതീയ ജനതാ പാർട്ടി സൃഷ്ടിച്ചു. ജനങ്ങൾ ബിജെപിയെ പരാജയപ്പെടുത്തിയ പ്രദേശങ്ങളിൽ പാർട്ടി അക്രമം അഴിച്ചുവിടുകയും, സിപിഐഎം പ്രവർത്തകർക്ക് നേരെ ആക്രമണം നടത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പ്രതിനിധി സംഘത്തെ അയക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാർച്ച് 11 വരെ സംഘം സന്ദർശനം തുടരുമെന്നും ആവശ്യമെങ്കിൽ മാർച്ച് 12 വരെ നീട്ടുമെന്നും യെച്ചൂരി അറിയിച്ചു.