വീണ്ടും ഭൂകമ്പബാധിതർക്ക് സഹായമായി റൊണാൾഡോ; ഇത്തവണ അയച്ചത് ഒരു വിമാനം നിറയെ സാധനങ്ങൾ
അൻപത്തിനായിരത്തിന് മുകളിൽ മനുഷ്യരുടെ ജീവനെടുത്ത തുർക്കിയിലേറെയും സിറിയയിലെയും ജനങ്ങൾക്ക് വീണ്ടും സഹായവുമായി ഫുട്ബോളിലെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഒരു വിമാനം നിറയെ സാധനങ്ങളാണ് താരം ഇത്തവണ ഇരു രാജ്യങ്ങളിലേക്കും അയച്ചത്. ദുരന്ത ബാധിതർക്ക് അത്യാവശ്യമായി വേണ്ട ടെന്റുകൾ, ഭക്ഷണപ്പൊതികൾ, തലയിണകൾ, പുതപ്പുകൾ, കിടക്കകൾ, ബേബി ഫുഡ്, പാൽ, മെഡിക്കൽ സപ്ലൈസ് എന്നിവയാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ബ്രിട്ടീഷ് മാധ്യമമായ ഡെയിലി മെയിലാണ് വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്.
ഇത് ആദ്യമായല്ല ഭൂകമ്പ ബാധിതർക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ സഹായം നൽകുന്നത്. തുർക്കിയിലും സിറിയിലും ഭൂകമ്പം ഉണ്ടായതിന് രണ്ടാമത്തെ ദിവസം ഇറ്റാലിയൻ ക്ലബ് അറ്റ്ലാന്റയുടെ ടർക്കിഷ് ഗോൾകീപ്പർ മെറിഹ് ഡെമിറൽ താരത്തെ ബന്ധപ്പെട്ടിരുന്നു. തുടർന്ന്, ഭൂകമ്പബാധിത പ്രദേശങ്ങളിലേക്കുള്ള സഹായത്തിനായുള്ള ധനസമാഹാരത്തിന്റെ ലേലത്തിൽ വെക്കുന്നതിനായി റൊണാൾഡോ തന്റെ ജേഴ്സി നൽകിയിരുന്നു. മെസ്സിയും നെയ്മറും അന്ന് തങ്ങളുടെ ജേഴ്സികൾ ലേലത്തിനായി നല്കയിരുന്നു.
കൂടാതെ, ഇറ്റാലിയൻ ലീഗിൽ നിന്ന് പൗലോ ഡിബാല, പോൾ പോഗ്ബ, ഏഞ്ചൽ ഡി മരിയ എന്നിവരും ജേഴ്സികൾ നൽകി. ലിയനാർഡോ ബോണൂച്ചി, ഡാനിലോ, ഫെഡറിക്കോ ചീസ, ഡുസാൻ വ്ലഹോവിച്ച് തുടങ്ങി ഒട്ടനവധി താരങ്ങൾ നീക്കത്തിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ഒപ്പിട്ട ഷർട്ടുകൾ സംഭാവന ചെയ്തിരുന്നു. ജിയാൻലൂജി ബഫൺ ഒപ്പിട്ട ഒരു ജോടി ഗ്ലോവുകളും അന്ന് ലേലത്തിന്റെ ഭാഗമായി ഡെമിറലിന് ലഭിച്ചു.