ബംഗളൂരു മയക്കുമരുന്ന് കേസ്: റെയ്ഡിന് പിന്നാലെ നടി സഞ്ജന ഗൽറാണിയെ സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു
ബംഗളുരൂ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സിനിമാനടി സഞ്ജന ഗൽറാണിയെ ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കേസിൽ രാഗിണി ദ്വിവേദിക്ക് പിന്നാലെ അറസ്റ്റിലാകുന്ന രണ്ടാമത്തെ നടിയാണ് സഞ്ജന. രാവിലെ ഇന്ദിരനഗറിലെ സഞ്ജനയുടെ വീട്ടിൽ സിസിബി നടത്തിയ റെയ്ഡിനും പിന്നാലെയാണ് നടിയെ അറസ്റ്റ് ചെയ്തതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
നടിയെ വിശദമായ ചോദ്യം ചെയ്യലിനായി സെൻട്രൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിക്കും. ലഹരി കടത്തുകേസിൽ നടി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നുവെന്ന് ബംഗലൂരു ജോയിന്റ് കമ്മീഷണർ സന്ദീപ് പാട്ടീൽ പറഞ്ഞു. കേസിൽ നടിയോട് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും, സ്ഥലത്തില്ലെന്ന് മറുപടി നൽകുകയായിരുന്നു.
ഇതേത്തുടർന്ന് കോടതിയുടെ സെർച്ച് വാറണ്ട് സഹിതമാണ് ക്രൈംബ്രാഞ്ച് സംഘം ഇന്നുപുലർച്ചെ നടിയുടെ വീട്ടിൽ പരിശോധനയ്ക്കെത്തിയത്. ഉന്നതർ ഉൾപ്പെട്ട പാർട്ടിയിൽ ലഹരിമരുന്ന് എത്തിച്ചെന്ന കേസിൽ നടി രാഗിണി ദ്വിവേദിയെ നേരത്തെ സിസിബി അറസ്റ്റ് ചെയ്തിരുന്നു.