മേഘാലയയിൽ മമത മാജിക്ക്; ടിഎംസിക്ക് മുന്നേറ്റം
മേഘാലയയിൽ തൃണമൂൽ കോൺഗ്രസിന് മുന്നേറ്റം. 13 സ്ഥലങ്ങളിൽ ടിഎംസി ലീഡ് ചെയ്യുകയാണ്.
ടിഎംസിയെ ബംഗാളി പാർട്ടിയെന്ന് വിളിച്ചതിനെ ചൊല്ലി എൻപിപിയുടെ കോൺറാഡ് സാംഗ്മയും ടിഎംസിയുടെ മുകുൾ സാംഗ്മയും തമ്മിൽ വാക്‌പോര് നടന്നിരുന്നു. ടിഎംസിയെ ‘ബംഗാളി’ പാർട്ടിയെന്ന് വിളിച്ചുകൊണ്ട് പ്രദേശവാസികളിൽ ടിഎംസിക്കെതിരെ ഭയം കുത്തിനിറയ്ക്കാനും ബിജെപി ശ്രമിച്ചിരുന്നു. എന്നാൽ ഈ ശ്രമങ്ങളെല്ലാം വിഫലമായി എന്നതാണ് നിലവിലെ തെരഞ്ഞെടുപ്പ് ചിത്രം ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, സംസ്ഥാനത്ത് മേഘാലയയിൽ എൻപിപി കുതിപ്പ് തുടരുകയാണ്. മേഘാലയയിൽ എൻപിപി 26 സീറ്റുകളിലും ബിജെപി 12 സീറ്റുകളിലും കോൺഗ്രസ് 6 സീറ്റുകളിലുമാണ് മുന്നേറുന്നത്. ഫലം വരുന്നതിന് മുൻപേ സർക്കാർ രൂപികരണ ചർച്ചകൾ തുടങ്ങിയിരിക്കുകയാണ് എൻപിപിയുടെ കോൺറാഡ് സാങ്മ. ഇന്നലെ മേഘാലയ മുഖ്യമന്ത്രി അസമിലെത്തി ബിജെപി നേതാവും മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശർമയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്്. മേഘാലയ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ആർക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന എക്സിറ്റ് പോൾ സർവേ ഫലം പുറത്ത് വന്നതിന് തൊട്ടുപിന്നാലെയായിരുന്നു ചർച്ച.