സെന്റർ ഫോർ പോളിസി റിസർച്ചിന്റെ എഫ്സിആർഎ ലൈസൻസ് സസ്പെൻഡ് ചെയ്തു
കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ മകളുമായി ബന്ധമുള്ള എൻ.ജി.ഒയുടെ എഫ്.സി.ആർ.എ ലൈസൻസ് സസ്പെൻഡ് ചെയ്തു. സെന്റർ ഫോർ പോളിസി റിസർച്ചിന്റെ(CPR) ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട്(FCRA) ലൈസൻസാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സസ്പെൻഡ് ചെയ്തിരിക്കുന്നത്. വിദേശ വിനിമയ ചട്ട ലംഘനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി.
ഡൽഹി ആസ്ഥാനമായുള്ള സെന്റർ ഫോർ പോളിസി റിസർച്ചിന്റെ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവുമാണ് മണിശങ്കർ അയ്യരുടെ മകൾ യാമിനി അയ്യർ. ഫോർഡ് ഫൗണ്ടേഷൻ ഉൾപ്പെടെ നിരവധി വിദേശ സംഘടനകളിൽ നിന്ന് സിപിആർ ഫണ്ട് സ്വീകരിച്ചതായി ആരോപണം ഉണ്ടായിരുന്നു. ടീസ്റ്റ സെതൽവാദിന്റെ എൻജിഒയ്ക്ക് സംഭാവന നൽകിയെന്ന ആരോപണവും തിങ്ക് ടാങ്കിനെതിരെ ഉയർന്നിരുന്നു.
സാമ്പത്തിക ക്രമക്കേട് ആരോപിച്ച് സിപിആർ ഓഫീസിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. കഴിഞ്ഞ വർഷം സെപ്തംബറിൽ ഡൽഹിയിലെ ഓക്‌സ്ഫാം ഇന്ത്യയുടെ ഓഫീസിലും പരിശോധന നടത്തി. ഇതിന് പിന്നാലെയാണ് ലൈസൻസ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. ലൈസൻസ് സസ്‌പെൻഡ് ചെയ്‌തശേഷം അന്വേഷണം നടക്കുകയാണെന്നും ആറ് മാസത്തിനകം തുടർ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും അധികൃതർ അറിയിച്ചു.