ഹരിപ്പാട് എസ്എഫ്‌ഐ വനിതാ നേതാവിനെ ഡിവൈഎഫ്‌ഐ നേതാവ് മര്‍ദിച്ച സംഭവം; പരസ്പരം പഴിചാരി സംഘടനകള്‍
ആലപ്പുഴ ഹരിപ്പാട് ഡിവൈഎഫ്‌ഐ നേതാവിന്റെ ആക്രമണത്തിനിരയായ വനിതാ നേതാവിനെതിരെ ഡിവൈഎഫ്‌ഐയിലെ ഒരു വിഭാഗം രംഗത്ത്. ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി അംഗമായ യുവതിയെയും പുറത്താക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു.
പെണ്‍കുട്ടി ബൈക്കിടിച്ച് വീഴ്ത്തിയ അമ്പാടി ഉണ്ണിയെ ഇന്നലെ ഡിവൈഎഫ്‌ഐയില്‍ നിന്ന് പുറത്താക്കിയിരുന്നു. മര്‍ദനത്തിരയായ എസ്എഫ്‌ഐ ഹരിപ്പാട് ഏരിയ പ്രസിഡന്റും ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി അംഗവുമാണ്.
ഇന്നലെ വൈകിട്ടാണ് സ്‌കൂട്ടറില്‍ സുഹൃത്തുമായി പോകുകയായിരുന്നു എസ്എഫ്‌ഐ വനിതാ നേതാവിനെ മുന്‍ സുഹൃത്ത് കൂടിയായ ഡിവൈഎഫ്‌ഐ നേതാവും സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുമായ അമ്പാടി ഉണ്ണി ബൈക്ക് ഇടിച്ചു വീഴ്ത്തി മര്‍ദ്ദിച്ചത്. സംഭവം പൊലീസിന് മുന്നില്‍ എത്തിയതോടെയാണ് നിയമനടപടികള്‍ ഒഴിവാക്കാന്‍ പാര്‍ട്ടി ഇടപെട്ടത്.
ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയെയും വീട്ടുകാരെയും സമ്മര്‍ദ്ദം ചെലുത്തി ഇന്നലെ തന്നെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യിപ്പിച്ചിരുന്നു. പരാതിയില്ലാത്തതിനാല്‍ കേസെടുക്കാന്‍ ആകില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. വാഹനത്തില്‍ നിന്ന് വീണു പരിക്കുപറ്റി എന്നാണ് പെണ്‍കുട്ടി പൊലീസിനു മൊഴി നല്‍കിയത്. കേരള സര്‍വകലാശാല യൂണിയന്‍ ഭാരവാഹിയായ പെണ്‍കുട്ടി നങ്ങ്യാര്‍കുളങ്ങര ടികെഎംഎം കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്.
യുവതികളോട് മോശമായി പെരുമാറി എന്ന് ആരോപിച്ച് പെണ്‍കുട്ടി അമ്പാടി ഉണ്ണിക്ക് എതിരെ സിപിഐഎം ജില്ലാ സെക്രട്ടറിക്ക് നേരത്തെ പരാതി നല്‍കിയിരുന്നു.പരാതിയില്‍ അമ്പാടി ഉണ്ണിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.ഇത് ഇയാളുടെ വിവാഹാലോചനയെ ബാധിച്ചെന്നും അക്രമത്തിന് കാരണം ഇതാണെന്നുമാണ് വിവരം. സംഭവത്തില്‍ അമ്പാടി ഉണ്ണിയെ ഡിവൈഎഫ്‌ഐ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഒഴിവാക്കി. എന്നാല്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി കൂടിയായ അമ്പാടി ഉണ്ണിക്കെതിരെ സിപിഐഎം നേതൃത്വം മൗനം പാലിക്കുകയാണ്.