Friday, January 10, 2025
Kerala

സിപിഐഎം കേരള ഘടകത്തെ തിരുത്താന്‍ ദേശീയനേതൃത്വം തയ്യാറാകുമോ? യെച്ചൂരിയോട് ചോദ്യശരങ്ങളുമായി കെ സുധാകരന്‍

സിപിഐഎം കേരള ഘടകം ജീര്‍ണതയുടെ പടുകുഴിയില്‍ വീണുകിടക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. പി കൃഷ്ണപിള്ളയും എ.കെ.ജിയും ഇ.എം.എസും നയിച്ച പാര്‍ട്ടി പിണറായി വിജയനും എം.വി ഗോവിന്ദനും കീഴിൽ അധോലോക സംഘമായി മാറി. ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള കേന്ദ്രനേതാക്കള്‍ കൈയ്യും കെട്ടി നിശബ്ദമായിരിക്കുന്നത് എന്തുകൊണ്ടാണ്? കേന്ദ്രനേതൃത്വം പാലിക്കുന്ന നിശബ്ദത ഭയാനകമാണെന്നും സുധാകരന്‍ വിമർശിച്ചു.

സിപിഐഎം കേരള ഘടകത്തിന് നേര്‍വഴി കാട്ടാന്‍ ദേശീയ നേതൃത്വം ഇടപടുമോ? സമീപകാലത്ത് സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ സമകാലിക സംഭവങ്ങളില്‍ സിപിഐഎമ്മിനു നിര്‍ണായക പങ്കുള്ളതിനാല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണം കേള്‍ക്കാന്‍ കേരളീയ സമൂഹത്തിന് താല്‍പ്പര്യമുണ്ടെന്ന് പറഞ്ഞ അദ്ദേഹം 10 ചോദ്യങ്ങൾ കൂടി ഉന്നയിച്ചു. കെട്ടിവച്ചിരിക്കുന്ന കൈകള്‍ അഴിച്ചിട്ടും മൂടിവച്ചിരിക്കുന്ന വായ്തുറന്നും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കണമെന്നും രാജാവ് നഗ്‌നനാണെന്ന് ഇനിയെങ്കിലും തുറന്നു പറയാനുള്ള ധൈര്യം ദേശീയ നേതൃത്വം കാട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

1) ലൈഫ് മിഷന്‍ കോഴയിടപാട് കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ആരോപണം ഉന്നയിക്കുന്ന വ്യക്തിയും അന്വേഷണ ഏജന്‍സികളും പുറത്തുവിട്ടെങ്കിലും അധരവ്യായമത്തിലൂടെ എത്രനാള്‍ സ്വന്തം തെറ്റുകളെ മുഖ്യമന്ത്രിക്ക് ന്യായീകരിക്കാനാകും? അന്താരാഷ്ട്രതലത്തില്‍ കറന്‍സി കടത്തിയ സംഭവുമായി ബന്ധപ്പെട്ട് കിടക്കുന്ന കേസുകൂടിയാണിത്. ഒരു മുഖ്യമന്ത്രിയുടെ പേര് ഒരിക്കലും വരാന്‍പാടില്ലാത്ത സ്ഥലത്താണ് ഈ കേസുമായി ബന്ധപ്പെട്ട് പോളിറ്റ് ബ്യൂറോ അംഗം കൂടിയായ പിണറായി വിജയന്റെ പേര് ഉയര്‍ന്നു വന്നത്. ഇതിന്റെ സത്യാവസ്ഥ കണ്ടെത്തേണ്ടത് പാര്‍ട്ടിയുടെ നിലനില്‍പ്പിന് കൂടി അനിവാര്യമല്ലേ? നിഷ്പക്ഷമായ അന്വേഷണത്തോട് സഹകരിക്കാന്‍ സംസ്ഥാന ഘടത്തിന് നിര്‍ദ്ദേശം നല്‍കുമോ?

2) ലൈഫ് മിഷൻ കോഴക്കേസില്‍ സിബിഐ അന്വേഷണത്തിന് എതിരേ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിക്കാന്‍ കേരള സര്‍ക്കാരിനോട് ആവശ്യപ്പെടുമോ? തെറ്റുതിരുത്തല്‍ രേഖ നടപ്പാക്കേണ്ടത് മുന്‍കാല തെറ്റുകള്‍ തിരുത്തിക്കൊണ്ടായിരിക്കേണ്ടേ? കുറഞ്ഞകാലയളവിലെ സംഘടനാപ്രവര്‍ത്തനത്തിലൂടെ വന്‍സമ്പത്ത് വാരിക്കൂട്ടിയവരെക്കുറിച്ച് സിപിഐഎമ്മിന്റെ തെറ്റുതിരുത്തല്‍ രേഖയില്‍ പരാമര്‍ശം ഉണ്ടായത് സമകാലിക സംഭവവികാസങ്ങളുടെ വെളിച്ചത്തിലാണോ?

3) മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലിലടയ്ക്കപ്പെട്ട സാഹചര്യത്തില്‍ ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകുമോ? സ്വര്‍ണക്കടത്ത് ഇടപാടിലെ മറ്റൊരു പ്രതി സ്വപ്ന സുരേഷിന്, മുഖ്യന്ത്രി നിര്‍ദേശിച്ച പ്രകാരമാണ് സര്‍ക്കാര്‍ ജോലി നല്കിയതെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് പുറത്തുവന്നത്. മുഖ്യമന്ത്രിക്ക് ചെമ്പിലും ബാഗിലുമൊക്കെ പണം എത്തിച്ചതായും മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളും സര്‍ക്കാര്‍ പ്രതിനിധികളുമൊക്കെ ഇടപാടിലുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഇത്രയേറെ ഗുരുതര ആരോപണം ഉയര്‍ന്നിട്ടും ദേശീയ നേതൃത്വം എന്തുകൊണ്ടാണ് കുറ്റകരമായ മൗനം പാലിക്കുന്നത്? പിണറായി വിജയന്റെ സാമ്പത്തിക അപ്രമാധിത്വത്തിന് മുന്നില്‍ ദേശീയ നേതൃത്വം കീഴടങ്ങിയോ? സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ കേന്ദ്രനേതൃത്വത്തിനു താല്‍പ്പര്യമില്ലേ ?

4) മട്ടന്നൂരില്‍ ശുഹൈബിനെ കൊന്നതു താനണെന്നും സിപിഐഎം നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം ആണിതെന്നുമുള്ള ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയുടെ തുറന്നുപറച്ചില്‍ ശ്രദ്ധയില്‍പ്പെട്ടു കാണുമല്ലോ. കണ്ണൂരുകാര്‍ക്ക് നേരത്തെ അറിയാവുന്ന സത്യമാണ് ഇപ്പോള്‍ ആക്‌സമികമായി പുറത്തുവന്നത്. അനേകരെ കൊന്നു തള്ളിയിട്ടും രക്തദാഹം തീരാത്ത മനുഷ്യത്വം മരവിച്ച പ്രസ്ഥാനമായി മാറിയ സിപിഎം ബോംബുകളും വടിവാളുകളും നിര്‍മ്മിക്കുകയും ശേഖരിക്കുകയും ചെയ്യുന്ന ഭീകരപ്രസ്ഥാനമായി മാറി. എന്നിട്ടും ദേശീയ നേതൃത്വം എന്തുകൊണ്ടാണ് അതിനു നേരേ കണ്ണടയ്ക്കുന്നത്? മക്കളെ നഷ്ടപ്പെട്ട അച്ഛനമ്മമാരുടെയും കൂടപ്പിറപ്പുകളുടെയും ദുഃഖത്തിന് സാന്ത്വനമേകാന്‍ പോളിറ്റ് ബ്യൂറോയ്ക്ക് എന്താണ് ചെയ്യാന്‍ സാധിക്കുക?

5) കേരള നേതാക്കളുടെ ആര്‍ഭാട ജീവിതം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലേ? കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജന്റെ ഉടമസ്ഥയില്‍ കണ്ണൂരിലുള്ള വന്‍കിട ആയൂര്‍വേദ റിസോര്‍ട്ടിന്റെ ധനസമാഹരണവും ഇതിലെ ക്രമക്കേടും സംബന്ധിച്ച് മുന്‍ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായ പി ജയരാജന്‍ ഉന്നയിച്ച അതീവ ഗുരുതരമായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഭയപ്പെടുന്നത് എന്തിനാണ്? ഇതിന്റെ സത്യാവസ്ഥ ജനങ്ങളെയും അണികളെയും ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തം നിങ്ങള്‍ക്കില്ലേ? റിസോര്‍ട്ട് വിവാദത്തില്‍ ഗുരുതരമായ ക്രമക്കേടുകളും വഴിവിട്ട സാമ്പത്തിക ഇടപാടുകളും നടന്നിട്ടുണ്ടെന്നു വ്യക്തമാണെങ്കിലും വസ്തുനിഷ്ഠമായ അന്വേഷണം നടത്താന്‍ ഭയക്കുന്നത് എന്തുകൊണ്ടാണ്? കേന്ദ്രനേതൃത്വം ഇക്കാര്യത്തില്‍ ഇടപെട്ട് സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തുമോ?

6) പിണറായി സര്‍ക്കാര്‍ ഈയിടെ കേരളത്തില്‍ പ്രാണവായു ഒഴികെ എല്ലാത്തിനും നികുതി കൂട്ടിയത് താങ്കള്‍ അറിഞ്ഞിരിക്കുമല്ലോ. കേന്ദ്രസര്‍ക്കാരിന്റെ ഇന്ധന വില വര്‍ധനവിനെതിരെ സമരം ചെയ്യുകയും ഭരണത്തില്‍ ഇരിക്കുന്ന സംസ്ഥാനത്തില്‍ മോദിയുടെ അതേ നടപടി ആവര്‍ത്തിക്കുകയുമല്ലേ സിപിഎം ചെയ്യുന്നത്. ഭരണത്തിലിരിക്കുമ്പോള്‍ സിപിഎമ്മും ബിജെപിയും തമ്മിലെന്താണ് വ്യത്യാസം? ഇന്ധനസെസിനെതിരേ സമരം നടത്തിയ കേന്ദ്രനേതൃത്വം എന്തുകൊണ്ട് പിണറായി സര്‍ക്കാരിന്റെ ഇത്തരം തെറ്റായ നടപടി തിരുത്താന്‍ തയ്യാറാകുന്നില്ല? സാധാരണക്കാരെ രൂക്ഷമായി ബാധിക്കുന്ന വിഷയങ്ങളില്‍ സമരരംഗത്തുള്ള ദേശീയ നേതൃത്വത്തിന് കേരള ഘടകത്തെ തിരുത്താനും നിയന്ത്രിക്കാനും അവകാശവും അധികാരവുമില്ലേ? കേന്ദ്രനേതൃത്വം തെറ്റുകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിനെ പോലുള്ള മുന്‍ എല്‍ഡിഎഫ് സര്‍ക്കാരുകള്‍ അവ തിരുത്താന്‍ തയ്യാറാകുമ്പോള്‍ പിണറായി വിജയന്റെ മുന്നില്‍ സിപിഎം ദേശീയ നേതൃത്വം പഞ്ചപുച്ഛമടക്കി നില്‍ക്കേണ്ട ഗതികേടിലേക്ക് അധഃപതിച്ചോ ?

7) പിണറായി സര്‍ക്കാരിന്റെ കാലത്ത് ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ക്ക് ഇരയാകുന്നത് പാര്‍ട്ടി പ്രവര്‍ത്തകരായ സ്ത്രീകളാണ് എന്ന വസ്തുത ശ്രദ്ധയില്‍പ്പെടുത്തുന്നു. ഷൊര്‍ണ്ണൂര്‍ മുന്‍ എംഎല്‍എക്കെതിരെ പാര്‍ട്ടിയിലെ യുവ വനിതാ സഖാവ് നല്‍കിയ പീഡന പരാതിയില്‍ വാദിയെ പ്രതിയാക്കാന്‍ നോക്കിയതും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഗത്യന്തരമില്ലാതെ ആരോപണവിധേയനെതിരെ നടപടിയെടുത്തതും ഈ പാര്‍ട്ടിയല്ലേ? ഇതു സംബന്ധിച്ച് അന്വേഷണം വല്ലതും നടന്നിട്ടുണ്ടോ സഖാവേ? സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷ് മുന്‍മന്ത്രിമാരായ തോമസ് ഐസക്ക്, കടകംപള്ളി സുരേന്ദ്രന്‍, മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചിട്ട് ആരോപണം ഉന്നയിച്ച വ്യക്തിക്കെതിരെ ഒരു അപകീര്‍ത്തി കേസ് കൊടുക്കാന്‍ പോലും ശേഷിയില്ലാതെ പോയില്ലെ നിങ്ങളുടെ പാര്‍ട്ടിക്ക്? കണ്ണൂരില്‍ ഒരു യുവപാര്‍ട്ടി പ്രവര്‍ത്തക തന്റെ ഭര്‍ത്താവും സിപിഎം സംരക്ഷണത്തിലുള്ള ഗുണ്ടയുമായ വ്യക്തിക്കെതിരേ പൊട്ടിക്കരഞ്ഞ് പരസ്യമായി രംഗത്തുവന്നിട്ടും എന്തു നടപടി സ്വീകരിച്ചു? ആലപ്പുഴയില്‍ ഒരു വീട്ടമ്മ അശ്ലീല വീഡിയോ സംബന്ധിച്ച് പാര്‍ട്ടി നേതാക്കള്‍ക്കെതിരേ പരാതി നല്കിയെങ്കിലും എന്തു നടപടിയാണെടുത്തത്? സ്ത്രീ ശാക്തീകരണത്തെയും സുരക്ഷയെയും കുറിച്ച് വാതോരാതെ സംസാരിക്കുന്ന സിപിഎം നേതാക്കളില്‍നിന്നും പാര്‍ട്ടി അംഗങ്ങളായ സ്ത്രീകള്‍ക്കു പോലും തിക്താനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ മറ്റുള്ളവരുടെ കാര്യം പറയേണ്ടതില്ലല്ലോ. പീഡന വീരന്‍മാരെ സംരക്ഷിക്കുന്ന നിലപാട് തിരുത്താന്‍ നിങ്ങള്‍ തയ്യാറാകുമോ ?

8) ലഹരിയുടെ പ്രചാരകരും വില്‍പ്പന്നക്കാരുമായി മാറിയ ഡിവൈഎഫ്‌ഐക്കാര്‍ സമീപകാലത്ത് നിരവധി ലഹരിക്കേസുകളില്‍ പ്രതിസ്ഥാനത്താണ്. ലഹരിക്കെതിരായ ബോധവത്കരണം സിപിഎമ്മില്‍നിന്ന് തുടങ്ങേണ്ട അവസ്ഥയാണ്. സിപിഎം നേതാക്കളും പ്രവര്‍ത്തകരും മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള വിനാശകരമായ ബിസിനസുകളില്‍ ഏര്‍പ്പെടുന്നു. ഭരണത്തണലില്‍ മയക്കുമരുന്നു ലഹരിയിലാണ്ട ഇവര്‍ നാട്ടില്‍ കൊലപാതകവും ക്വട്ടേഷനുമായി വിലസുമ്പോള്‍ യുവനേതൃനിരക്ക് നേര്‍വഴികാട്ടി സംസ്ഥാനത്തെ മദ്യലഹരി മാഫിയില്‍നിന്നു രക്ഷിക്കാന്‍ ഒരു തിരുത്തല്‍ ശക്തിയായി കേന്ദ്രനേതൃത്വം മാറുമോ?

9) സംസ്ഥാനത്തെ സര്‍ക്കാര്‍ നിയമനങ്ങളെല്ലാം പാര്‍ട്ടി പ്രവര്‍ത്തകര്‍ അപഹരിക്കുകയും അര്‍ഹതയുള്ളവര്‍ തിരസ്‌കരിക്കപ്പെടുകയും ചെയ്യുന്ന ഗുരുതരമായ സാഹചര്യമുണ്ട്. തൊഴിലില്ലായ്മ ഏറ്റവും കൂടുതലുള്ള കേരളത്തിലെ യുവജനങ്ങള്‍ വന്‍തോതില്‍ വിദേശത്തേക്ക് കുടിയേറുന്നത് ഇവിടത്തെ സാഹചര്യങ്ങളില്‍ മനംമടുത്താണ്. സര്‍ക്കാരിന്റെ ധൂര്‍ത്തും അഴിമതിയും കെടുകാര്യസ്ഥയും കേരളത്തെ സാമ്പത്തിക അരാജകത്വത്തിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. ഇതിനൊരു പരിഹാരം കാണാനുള്ള ബാധ്യതയില്ലേ? മുമ്പ് സമ്പന്ന സംസ്ഥാനമായിരുന്ന കേരളം ഇന്ന് വലിയ സാമ്പത്തിക തകര്‍ച്ചയിലേക്കു കൂപ്പുകുത്തുമ്പോള്‍ സംസ്ഥാന നേതൃത്വത്തിന് ഒരു മുന്നറിയിപ്പെങ്കിലും കൊടുക്കാനുള്ള ബാധ്യത നിങ്ങള്‍ക്കില്ലേ?

10) ഏറ്റവുമൊടുവില്‍ നടന്ന വകുപ്പ് അധ്യക്ഷന്മാരുടെ യോഗത്തില്‍, സ്വതന്ത്രവും നിഷ്പക്ഷവുമായ ഭരണനിര്‍വഹണം പാര്‍ട്ടി ഇടപെടല്‍ മൂലം സാധിക്കാത്ത സാഹചര്യമാണെന്നു ഗവ. സെക്രട്ടറിമാര്‍ മുഖ്യമന്ത്രിയുടെ മുഖത്തുനോക്കി പറഞ്ഞിരിക്കുകയാണ്. നിരവധി ഉന്നതോദ്യോഗസ്ഥര്‍ കേരളത്തില്‍നിന്ന് ഡെപ്യുട്ടേഷന്‍ വാങ്ങി പലായനം ചെയ്യുന്നതുമൂലം ഉണ്ടായിട്ടുള്ള ഭരണസ്തംഭനം ഒഴിവാക്കാന്‍ പാര്‍ട്ടി കേന്ദ്രനേതൃത്വം ഇടപെടുമോ?

Leave a Reply

Your email address will not be published. Required fields are marked *