Thursday, April 10, 2025
Kerala

കൊച്ചിയിൽ സ്‌കൂൾ കുട്ടികളുമായി പോയ വാഹനം വാട്ടർ അതോറിറ്റിയുടെ കുഴിയിൽ വീണ് അപകടം; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കൊച്ചിയിൽ സ്‌കൂൾ കുട്ടികളുമായി പോയ വാഹനം വാട്ടർ അതോറിറ്റിയുടെ കുഴിയിൽ വീണ് അപകടം. വാട്ടർ അതോറിറ്റിയുടെ കുഴി ശരിയായ വിധം മൂടാത്തതാണ് അപകടകാരണമെന്നാണ് പരാതി. ആർക്കും പരുക്കില്ല. തലനാരിഴയ്ക്കാണ് വലിയ ദുരന്തം ഒഴിവായത്.

ഇന്ന് രാവിലെ സെന്റ് തെരേസാസ് സ്‌കൂളിലേക്കുള്ള വിദ്യാർത്ഥികളെ കൊണ്ട് പോയവാഹനമാണ് കടവന്ത്ര വിദ്യാനഗർ റോഡിൽ അപകടത്തിൽ പെട്ടത്. വാട്ടർ അതോറിറ്റി അറ്റകുറ്റപണികൾക്കായി കുഴിച്ച കുഴി ശരിയായ വിധം മൂടാത്തതാണ് അപകടകാരണമെന്നാണ് പരാതി. മുന്നൂറ് മീറ്ററോളം ദൂരത്തിൽ കുഴിയുടെ മുകളിൽ മണ്ണിട്ട് മൂടുക മാത്രമാണ് ചെയ്തത്. ഇതോടെ വാഹനം ഒരു ഭാഗത്തേക്ക് ചരിയുകയായിരുന്നു. യൂകെജി കുട്ടികൾ ഉൾപ്പടെ ഇരുപതോളം കുട്ടികൾ വാഹനത്തിൽ ഉണ്ടായിരുന്നു. ആർക്കും പരുക്കില്ല.

താൽക്കാലികമായി മണ്ണിട്ട ഈ ഭാഗങ്ങളിൽ അപായസൂചനകൾ പോലും സ്ഥാലിച്ചിട്ടില്ലെന്നും അപകടങ്ങൾ തുടർക്കഥയാവുകയാണെന്നും പ്രദേശവാസികൾ പറയുന്നു.

സ്‌കൂൾ വാഹനം അപകടത്തിൽ പെട്ടതോടെ വിദ്യാർത്ഥികളെ മറ്റൊരു വാഹനത്തിൽ സ്‌കൂളിലേക്ക് അയച്ചു. വീഴ്ച വരുത്തിയവർക്കെതിരെ നടപടിയും, നഷ്ടപരിഹാരവും ആവശ്യപ്പെട്ട് വാഹന ഡ്രൈവർ തേവര പോലീസിൽ പരാതി നൽകി.

Leave a Reply

Your email address will not be published. Required fields are marked *