മുഖ്യമന്ത്രി പരിഹാസ പാത്രമാകുന്നു; ഭീരുവായി 100 കണക്കിന് പൊലീസിന്റെ പിറകിൽ ഒളിക്കുന്നുവെന്ന് വി.ഡി സതീശൻ
മുഖ്യമന്ത്രി പിണറായി വിജയൻ പരിഹാസ പാത്രമാകുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രി ഭീരുവായി 100 കണക്കിന് പൊലീസിന്റെ പിറകിൽ ഒളിക്കുന്നു. പ്രതിഷേധിക്കുന്നവരെ കുറിച്ച് ഓർത്ത് അഭിമാനിക്കുന്നു. സത്യാഗ്രഹ സമരം എന്ന് പരിഹസിച്ചവർ ആത്മഹത്യാ സ്ക്വാഡുകൾ എന്ന് ഇപ്പോൾ പറയുന്നു. കറുപ്പിനോട് ഇത്ര വെറുപ്പ് എന്തിനാണ്. സിപിഐഎം എംഎൽഎ മരിച്ചതിനാൽ ദുഖസൂചകമായി വെച്ച കരിങ്കൊടി വരെ അഴിച്ചു മാറ്റിയെന്ന് അദ്ദേഹം പറഞ്ഞു.
ആകാശ് തില്ലങ്കേരിയെ പോലുള്ള ക്രിമിനലുകൾക്ക് മുന്നിൽ വിറച്ചു പോയ പാർട്ടിയാണ് സിപിഐഎം. സർക്കാരിനെതിരായ പ്രക്ഷോഭം തുടരും. കരുതൽ തടങ്കൽ പ്രവർത്തകരെ പ്രകോപിപ്പിക്കുകയാണ്. ഇതിനെ നിയമപരമായി നേരിടും. സുപ്രിം കോടതിയുടെ നിർദേശം ലംഘിക്കുകയാണ്. സിപിഐഎം പ്രതിരോധത്തിൽ നിൽക്കുന്നതിനാലാണ് ജാഥയുടെ പേര് പ്രതിരോധ യാത്ര എന്നിട്ടതെന്ന് വി ഡി സതീശൻ പരിഹസിച്ചു.
സർക്കാർ ചില കാര്യങ്ങൾ മറച്ചു വെക്കാനാണ് ശ്രമിക്കുന്നത്. സംരംഭങ്ങളുടെ കാര്യത്തിൽ കള്ളക്കണക്കാണ് പറയുന്നത്. ആകാശിനെ വിഷമിപ്പിക്കരുതെന്നാണ് നൽകിയിരിക്കുന്ന നിർദേശം. ആകാശ് വാ തുറന്നാൽ പലരും കുടുങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.
ശശി തരൂർ പ്രവർത്തക സമിതിയംഗം ആകാൻ യോഗ്യനാണോ എന്ന് തീരുമാനിക്കാൻ താൻ ആളല്ല. അത് തന്റെ പരിധിയിൽ പെടില്ല. എം പി എന്നുള്ള നിലയിൽ എല്ലാ കോൺഗ്രസ് എം പി മാരും നല്ല പ്രവർത്തനം ആണ് നടത്തുന്നതെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.