വീണ്ടും ഗില്ലാട്ടം, സെഞ്ച്വറി വരൾച്ച അവസാനിപ്പിച്ച് രോഹിത്തും; ഇന്ത്യ മികച്ച നിലയിൽ
ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ രോഹിത് ശർമ്മയ്ക്കും ശുഭ്മാന്‍ ഗില്ലിനും സെഞ്ചുറി. മൂന്ന് വർഷത്തെ സെഞ്ചുറി വരൾച്ചയ്ക്കാണ് ഇന്ത്യൻ ക്യാപ്റ്റൻ ഇതോടെ അറുതിവരുത്തി വരുത്തിയത്. രോഹിത് ശർമ്മയുടെ കരിയറിലെ 30-ാം സെഞ്ച്വറിയാണിത്. ഇതോടെ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ റിക്കി പോണ്ടിങ്ങിന് തുല്യമായി രോഹിത് ശർമ്മ.
അവസാന നാല് ഇന്നിങ്സുകളില്‍ നിന്ന് ഗില്‍ നേടുന്ന മൂന്നാം ഏകദിന സെഞ്ചുറിയാണിത്. 71 പന്തില്‍ നിന്നാണ് ഗില്‍ സെഞ്ചുറി നേടിയത്. 13 ഫോറും അഞ്ച് സിക്സും അടങ്ങിയതാണ് ഗില്ലിന്റെ വെടിക്കെട്ട് ഇന്നിങ്സ്. രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 212 റണ്‍സ് നേടി. മത്സരത്തിൽ 85 പന്തിൽ 9 ഫോറും 6 സിക്സും അടക്കം 101 റൺസാണ് രോഹിത് ശർമ്മ നേടിയത്. അതേസമയം 34 ഓവർ പിന്നിടുമ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 272 റൺസ് എന്ന നിലയിലാണ്.