Thursday, October 17, 2024
National

രാമക്ഷേത്രം തുറക്കുന്ന കാര്യം പ്രഖ്യാപിക്കാൻ അമിത് ഷാ ആരാണ്, രാജ്യസുരക്ഷ ഉറപ്പിക്കലാണ് ആഭ്യന്തര മന്ത്രിയുടെ ജോലി; മല്ലികാർജുൻ ഖാർഗെ

രാമക്ഷേത്രം അടുത്ത വർഷം തുറക്കുമെന്ന അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസ് രം​ഗത്ത്. ക്ഷേത്രം തുറക്കുന്ന കാര്യം ക്ഷേത്ര ഭാരവാഹികൾ നോക്കുമെന്നും രാജ്യസുരക്ഷ ഉറപ്പിക്കലാണ് ആഭ്യന്തര മന്ത്രിയുടെ ജോലിയെന്നും കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. അയോധ്യാ രാമക്ഷേത്രം തുറക്കുന്നത് പ്രഖ്യാപിക്കാൻ അമിത് ഷാ ആരാണെന്നും അദ്ദേഹം ചോദിച്ചു.

കഴിഞ്ഞ ദിവസം അമിത് ഷാ അയോധ്യയിലെ രാമക്ഷേത്രം തുറക്കുന്നതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരുന്നു. 2024 ജനുവരി ഒന്നിന് രാമക്ഷേത്രം തുറക്കുമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കിയത്. രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം തടയാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്നും ക്ഷേത്രം യാഥാര്‍ത്ഥ്യമാക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും ത്രിപുരയിലെ രഥയാത്രയില്‍ അമിത് ഷാ പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് ഖാർഗെ രംഗത്തെത്തിയത്.

2024ൽ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, രാമക്ഷേത്രം തുറന്നുകൊടുക്കുന്നത് വലിയ രാഷ്ട്രീയ നേട്ടമുണ്ടാക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. തെരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണവിഷയവും രാമക്ഷേത്രമായിരിക്കും. ​171 അടി ഉയരമുള്ള വിശാലമായ രാമക്ഷേത്രമാണ് അയോധ്യയിൽ ഉയരുന്നത്. ലോക തീർത്ഥാടക ഭൂപടത്തിൽ പ്രമുഖസ്ഥാനം രാമക്ഷേത്രം വരുമ്പോൾ അയോധ്യയ്ക്ക് ഉണ്ടാകും. പതിറ്റാണ്ടുകളായി നിയമക്കുരുക്കിലായിരുന്ന അയോധ്യ ക്ഷേത്ര നിർമാണം, സുപ്രീംകോടതി വിധിക്ക് പിന്നാലെ 2020 ഓഗസ്റ്റ് അഞ്ചിനാണ് ആരംഭിച്ചത്. പ്രധാനമന്ത്രിയാണ് തറക്കല്ലിട്ടത്.

2019 നവംബറിൽ സുപ്രീംകോടതിയുടെ അഞ്ചംഗ ബഞ്ച് തർക്കഭൂമി ക്ഷേത്രത്തിന്റേതാണെന്ന് വിധിക്കുകയായിരുന്നു. അയോധ്യയിൽ അഞ്ച് ഏക്കർ ഭൂമി മുസ്‌ലിം പള്ളി നിർമിക്കാൻ നൽകാനും കോടതി അന്ന് ഉത്തരവിട്ടിരുന്നു.

Leave a Reply

Your email address will not be published.