Tuesday, April 15, 2025
Kerala

മുഹമ്മദ് മുബാറക് പ്രധാന ആയുധ പരിശീലകനെന്ന് എൻഐഎ: പിഎഫ്ഐ കേസിൽ പ്രതിയെ കസ്റ്റഡിയിൽ വിട്ടു

കൊച്ചി: പിഎഫ്ഐ കേസിൽ അറസ്റ്റിലായ മുഹമ്മദ് മുബാറക്കിനെ അഞ്ചുദിവസം എൻഐഎ കസ്റ്റഡിയിൽ വിട്ടു. മുഹമ്മദ് മുബാറക് പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എന്ന് എൻഐഎ കോടതിയിൽ പറഞ്ഞു. ആയോധന കലാ പരിശീലന സ്ഥാപനം നടത്തുന്നുണ്ടെന്നും പിഎഫ്ഐ ബന്ധമില്ലെന്നും പ്രതിഭാഗം വാദിച്ചു.

പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിനെ തുടർന്നാണ് എറണാകുളം സ്വദേശി അഡ്വ മുഹമ്മദ് മുബാറക്കിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രമുഖ നേതാക്കളെയടക്കം വധിക്കുന്നതിന് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് രൂപീകരിച്ച ഹിറ്റ് സ്ക്വാഡിലെ അംഗമായിരുന്നു. മുഹമ്മദ് മുബാറക്കെന്നാണ് കോടതിയെ അറിയിച്ചിരിക്കുന്നത്.

അഡ്വ മുഹമ്മദ് മുബാറക് ഹൈക്കോടതിയിൽ അഭിഭാഷകനെന്നാണ് എടവനക്കാടുകാർക്കും ലോക്കൽ പൊലീസിനും അറിയാമായിരുന്നത്. കുംഫൂ അടക്കമുളള ആയോധന കലകളിൽ പണ്ടേ തന്നെ വിദഗ്ധനാണ്. അതുകൊണ്ടുതന്നെ പ്രദേശത്തെ ചെറുപ്പക്കാരടക്കമുളളവരുമായി അടുപ്പമുണ്ടായിരുന്നു. കൊച്ചിയിലേക്ക് അഭിഭാഷകനായി പോയതോടെയാണ് നാട്ടിലുളള പതിവ് ബന്ധങ്ങൾ നിലച്ചത്.

ദേശീയ അന്വേഷണ ഏജൻസി അറസ്റ്റു ചെയ്തപ്പേഴാണ് മുബാറക്കിന് ആരുമറിയാത്ത മറ്റു ചില പശ്ചാത്തലങ്ങൾ കൂടി ഉണ്ടായിരുന്നെന്ന് പുറം ലോകമറിയുന്നത്. മൂന്നുവർഷം മുൻപാണ് അഭിഭാഷകനായി മുബാറക് കൊച്ചി നഗരത്തിലെത്തിയത്. എന്നാൽ ഹൈക്കോടതിയിൽ അധികം കണ്ടവരില്ല. നേരത്ത പോപ്പുലർ ഫ്രണ്ടുമായും എസ്‌ഡിപിഐയും മുബാറകിന് അടുപ്പമുണ്ടായിരുന്നതായി ലോക്കൽ പൊലീസിനും അറിയാം. എന്നാൽ പിന്നീട് അതെല്ലാം വിട്ട് പൂർണ അഭിഭാഷകനായി മാറിയെന്നായിരുന്നു കരുതിയത്.

നേരത്തെ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ടിന്‍റെ മുൻ നിര നേതാക്കളെ ചോദ്യം ചെയ്തതിൽ നിന്നാണ് വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖരെ വധിക്കാൻ ഹിറ്റ് ലിസ്റ്റ് തയാറാക്കിയെന്നും അതിനായി കൊലയാളി സംഘത്തെ നിയോഗിച്ചെന്നും അറിയുന്നത്. അത്തരമൊരു കൊലയാളി സംഘത്തിലെ പ്രധാനിയായിരുന്നു എല്ലായ്പോഴും സൗമ്യനായിരുന്ന മുബാറക്കെന്നാണ് എൻ ഐ എ പറയുന്നത്. ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ മഴു എന്ന് തോന്നിപ്പിക്കും വിധമുളള ആയുധങ്ങൾ തീവ്രവാദ ശക്തികൾ ആയുധ പരിശീലനത്തിന് കാലങ്ങളായി ഉപയോഗിക്കുന്നതാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. കൊച്ചി നഗരത്തിൽ മുബാറക്കുമായി സൗഹൃദമുണ്ടായിരുന്ന ചില യുവ അഭിഭാഷകർ, ചില ഓൺ ലൈൻ മാധ്യമപ്രവർത്തകരും എൻ ഐ എയുടെ അന്വേഷണ പരിധിയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *