ഗുജറാത്തില്‍ ബസും എസ്‌യുവിയും കൂട്ടിയിടിച്ച് 9 മരണം
ഗുജറാത്തില്‍ ബസും എസ്‌യുവിയും കൂട്ടിയിടിച്ച് 9 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ശനിയാഴ്ച രാവിലെ ഗുജറാത്തിലെ നവ്‌സാരി ജില്ലയില്‍ അഹമ്മദാബാദ്-മുംബൈ ഹൈവേയില്‍ വച്ചായിരുന്നു അപകടമുണ്ടായത്.
പരുക്കേറ്റവരില്‍ ഗുരുതരാവസ്ഥയിലുള്ള ആളെ സൂറത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്യുവിയില്‍ യാത്ര ചെയ്ത ഒമ്പത് പേരില്‍ എട്ട് പേരും ബസിന്റെ ഡ്രൈവറും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി നവസാരി എസ്പി റുഷികേശ് ഉപാധ്യായ പറഞ്ഞു.
എസ്യുവിയില്‍ യാത്ര ചെയ്തിരുന്നവര്‍ അങ്കലേശ്വര്‍ നിവാസികളായിരുന്നു. വല്‍സാദില്‍ നിന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവര്‍. ബസിലെ യാത്രക്കാര്‍ വല്‍സാദില്‍ നിന്നുള്ളവരാണെന്ന് പൊലീസ് അറിയിച്ചു.
അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച പ്രധാനമന്ത്രിനരേന്ദ്ര മോദി, 2 ലക്ഷം രൂപ വീതം കുടുംബങ്ങള്‍ക്ക് ധനസഹായവും പ്രഖ്യാപിച്ചു. പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതം നല്‍കും.