പിഎഫ്ഐ നടത്തിയ കൊലപാതകങ്ങൾ നേതൃത്വം അറിഞ്ഞ്’; ആരോപണങ്ങളുമായി എന്‍ഐഎ
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ. വിവരം പ്രത്യേക എന്‍ഐഎ കോടതിയെ അറിയിച്ചു. കേരളത്തിലെ എന്‍ഐഎ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 14 പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ കാര്യം എന്‍ഐഎ വ്യക്തമാക്കിയത്.
പിഎഫ്ഐ പ്രതിസ്ഥാനത്തുള്ള കൊലക്കേസുകളാണ് കൂടുതൽ. പിഎഫ്ഐ നടത്തിയ കൊലപാതകങ്ങൾ നേതൃത്വത്തിന്റെ അറിവോടെയാണ് നടത്തിയത്. കൊലയ്ക്ക് നിർദേശം നൽകിയത് നേതാക്കൾ തന്നെയാണ്.
ഇതര സമുദായങ്ങളിൽ ഭയമുണ്ടാക്കാൻ നീക്കം ഉണ്ടായി. ഇരകളെ പഠിച്ച ശേഷമാണ് കൊലപാതകം നടത്തുക. പരിശീലനം ലഭിച്ചത് പിഎഫ്ഐ കേന്ദ്രങ്ങളിൽ നിന്നാണ്. കേരളത്തിന് പുറത്തും കൊലപാതകം ആസൂത്രണം ചെയ്തു. കൊലക്കേസുകളിൽ എൻഐഎ വിവരശേഖരണം തുടങ്ങി.കൂടുതൽ കേസുകൾ ഏറ്റെടുത്തേക്കുമെന്നും എൻഐഎ അറിയിച്ചു.
രഹസ്യവിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവരെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണം നടന്ന് വരികയാണെന്നും എന്‍ഐഎ അറിയിച്ചു. 14 പ്രതികളുടെ റിമാന്‍ഡ് 180 ദിവസമായി നീട്ടണമെന്നും ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് പ്രതികളുടെ റിമാന്‍ഡ് 14 ദിവസത്തേക്ക് കൂടി ഉയര്‍ത്തിയതായി കോടതി ഉത്തരവിട്ടു.