ബഫർസോൺ വിഷയത്തിൽ പ്രമേയം പാസാക്കി സിപിഐഎം ഭരിക്കുന്ന സുൽത്താൻ ബത്തേരി നഗരസഭ
ബഫർസോൺ വിഷയത്തിൽ പ്രമേയം പാസാക്കി സിപിഐഎം ഭരിക്കുന്ന സുൽത്താൻ ബത്തേരി നഗരസഭ. നേരിട്ട് വിവരശേഖരണം നടത്തണമെന്നും വനാതിർത്തിയിൽ നിന്ന് വനത്തിനുള്ളിലേക്ക് ബഫർസോൺ നിശ്ചയിക്കണമെന്നുമാണ് ആവശ്യം. അതിനിടെ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട്ടെ കൂരാച്ചുണ്ട് പഞ്ചായത്ത് വനം മന്ത്രിയെ കണ്ടു.
ഉപഗ്രഹ സർവേ പ്രകാരമുള്ള ബഫർ സോൺ നിർണയത്തിൽ ആശയ കുഴപ്പം വ്യാപകമായതോടെയാണ് സിപിഐഎം ഭരിക്കുന്ന ബത്തേരി നഗരസഭ അടിയന്തര കൗൺസിൽ ചേർന്ന് പ്രമേയം പാസാക്കിയത്. ബഫർ സോണുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ ശേഖരിക്കാനായി നേരിട്ടുള്ള സർവേ നടത്തണമെന്നാണ് പ്രധാന ആവശ്യം. വനാതിർത്തിയിൽ നിന്ന് വനത്തിനുള്ളിലേക്ക് ബഫർസോൺ നിശ്ചയിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.
സർവേ പ്രകാരം ബത്തേരി ടൗൺ പൂർണ്ണമായും ബഫർ സോണിൽ ഉൾപ്പെടും. നഗരസഭയിലെ ഭൂരിപക്ഷം സ്ഥാപനങ്ങളും മാപ്പിൽ ഉൾപ്പെട്ടിട്ടില്ലെന്നും പരാതിയുണ്ട്. അതിനിടെ കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് പഞ്ചായത്ത് പ്രതിനിധികൾ വനം മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. പരാതികൾ നൽകാനുള്ള സമയ പരിധി നീട്ടണമെന്നും ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം മന്ത്രിയെ കണ്ടത്. പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.