Saturday, October 19, 2024
National

ബിഹാറിലെ വ്യാജമദ്യ ദുരന്തം; മരണം 20 ആയി, ചികിത്സയിൽ കഴിയുന്ന പലർക്കും കാഴ്ച്ച നഷ്ടപ്പെട്ടു

ചാപ്ര: ബിഹാറിലെ ചാപ്രയിൽ വ്യാജമദ്യം കഴിച്ച് ഇരുപത് പേർ മരിച്ചു. ഈ വർഷം ബിഹാറിൽ നൂറിലധികം പേരാണ് വ്യാജമദ്യ ദുരന്തത്തിൽ മരിച്ചത്. വിഷയം നിയമസഭയിൽ പ്രതിപക്ഷം ഉയർത്തിയപ്പോൾ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പൊട്ടിത്തെറിച്ചു.

ചൊവ്വാഴ്ച്ച രാത്രി ഗ്രാമത്തിലെ ആഘോഷത്തിനിടെ മദ്യം കഴിച്ചവരാണ് ആരോഗ്യ പ്രശ്നങ്ങൾ പ്രകടിപ്പിച്ചത്. അഞ്ച് പേർ ഗ്രാമത്തിലും മറ്റുള്ളവർ ആശുപത്രിയിലുമാണ് മരിച്ചത്. കൂടുതൽ പേരെ സാദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചികിത്സയിൽ കഴിയുന്ന പലർക്കും കാഴ്ച്ച നഷ്ടപ്പെട്ടതായും ബന്ധുക്കൾ പറഞ്ഞു. മദ്യം ലഭിച്ചത് എവിടെ നിന്നാണെന്ന് പൊലീസിന് നിലവിൽ വിവരമില്ല. കഴിഞ്ഞ ഓഗസ്റ്റിൽ സംസ്ഥാനത്ത് 11 പേർ വ്യാജമദ്യം കഴിച്ച് മരിച്ചിരുന്നു.

വ്യാജമദ്യ ദുരന്തങ്ങൾ ആവർത്തിക്കുന്നതിനെതിരെ ബിഹാർ നിയമസഭയിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. സർക്കാരിനെതിരെ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചതോടെ മുഖ്യമന്ത്രി നിതീഷ് കുമാർ പൊട്ടിത്തെറിച്ചു. മദ്യം നിരോധിച്ച ബിഹാറിൽ ബിജെപി നേതാക്കളാണ് വ്യാജമദ്യമെത്തിച്ചു നൽകുന്നതെന്ന് ക്ഷുഭിതനായ നിതീഷ് കുമാർ ആരോപിച്ചു.

Leave a Reply

Your email address will not be published.