Sunday, April 27, 2025
Kerala

കെ.റെയിൽ മരവിപ്പിച്ചു; കോൺഗ്രസിന്റെ പ്രതിഷേധം ഫലം കണ്ടു; കെ.സുധാകരൻ

ജനവിരുദ്ധവും നാടിനും പരിസ്ഥിതിക്കും ആപത്തുമായ കെ.റെയിൽ പദ്ധതി മരവിപ്പിച്ച് സർക്കാർ യുടേൺ എടുത്തത് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും പ്രതിഷേധം ഫലം കണ്ടത് കൊണ്ടാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച ഉദ്യോഗസ്ഥരെ തിരികെ വിളിക്കാനുള്ള റവന്യു വകുപ്പ് ഉത്തരവ് അതിന്റെ ആദ്യഘട്ട വിജയം.

പാരിസ്ഥിതിക പഠനം,സാമൂഹികാഘാത പഠനം,ഡിപിആർ തുടങ്ങി വ്യക്തമായ യാതൊരു തയ്യാറെടുപ്പുമില്ലാതെയാണ് സർക്കാർ സിൽവർലൈൻ പദ്ധതിക്കായി എടുത്ത് ചാടിയത്.കേന്ദ്രാനുമതി കിട്ടിയശേഷം പദ്ധതി തുടങ്ങുമെന്ന് ഇപ്പോൾ വീമ്പ് പറയുന്നത് ജാള്യത മറയ്ക്കാനാണെന്നും സുധാകരൻ പറഞ്ഞു.

Read Also: പ്രണയക്കൊലകൾക്കെതിരെ ചർച്ചകളുയർത്തി ‘ഹയ’

ഭൂമിയേറ്റെടുക്കൽ വിജ്ഞാപനം നിലനിൽക്കുന്നത് കാരണം പലർക്കും അവരുടെ ഭൂമി ക്രയവിക്രയം ചെയ്യാനോ അവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനോ ബാങ്ക് വായ്പ ലഭിക്കുന്നതിനോ സാധിക്കാത്ത സ്ഥിതിയാണുള്ളത്. കൂടാതെ പ്രതിഷേധക്കാർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കാനും തയ്യാറാകണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.സർക്കാർ ഖജനാവിൽ നിന്നും 56.69 കോടിയാണ് ഒട്ടും പ്രായോഗികമല്ലാത്ത സിൽവർലൈൻ പദ്ധതിക്കായി പൊടിച്ചത്.

ഇതെല്ലാം ഖജനാവിലേക്ക് തിരിച്ചടച്ച് പൊതുസമൂഹത്തോട് മാപ്പുപറയാൻ മുഖ്യമന്ത്രി തയ്യാറാകണം.ജനങ്ങൾക്ക് വേണ്ടാത്ത പദ്ധതിയുമായി വന്നാൽ അതു നടപ്പാക്കാൻ സമ്മതിക്കില്ലെന്ന് കോൺഗ്രസ് നേരത്തെ വ്യക്തമാക്കിയതാണ്.അന്നത് മുഖവിലയ്‌ക്കെടുക്കാത്ത സർക്കാരിന് ഇന്ന് നാണം കെട്ട് പിൻമാറേണ്ടിവന്നു.അധികാരം ജനങ്ങളെ ദ്രോഹിക്കാനുള്ളതെന്ന വെളിവ് ഇനിയെങ്കിലും മുഖ്യമന്ത്രിക്ക് ഉണ്ടാകണമെന്നും സുധാകരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *