Thursday, January 23, 2025
Kerala

സിസ തോമസിനെ നിയമിച്ച ഗവർണറുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യം; സർക്കാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കെ.ടി.യു താത്ക്കാലിക വി.സിയായി സിസ തോമസിനെ നിയമിച്ച ഗവർണറുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നിയമനത്തിൽ അപാകതയില്ലെന്ന് ഗവർണ്ണർ നേരത്തെ വിശദീകരണം നൽകിയിരുന്നു. ഗവർണ്ണറുടെ വിശദീകരണത്തിന് സർക്കാർ ഇന്ന് മറുപടി നൽകിയേക്കും.

കെ.ടി യു താൽക്കാലിക വി.സിയായി ഡോ. സിസ തോമസിനെ നിയമിച്ചതിൽ അപാകതയില്ലെന്നും സർക്കാർ ശുപാർശ ചെയ്തവരെ യു.ജി.സി നിയമ പ്രകാരം നിയമിക്കുവാൻ സാധിക്കില്ലെന്നുമായിരുന്നു ഗവർണ്ണറുടെ വിശദീകരണം. ഗവർണ്ണറുടെ വിശദീകരണത്തിന് സർക്കാർ ഇന്ന് മറുപടി സത്യവാങ്മൂലം സമർപ്പിച്ചേക്കും. സർക്കാർ ശുപാർശ ചെയ്തത് പ്രോ വി.സി, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി എന്നിവരുടെ പേരുകളാണ് .ഈ രണ്ടു പേരെയും സുപ്രീം കോടതി വിധിയും യു.ജി.സി ചട്ടപ്രകാരവും വിസിയായി നിയമിക്കാനാകില്ല. കെ .ടി.യു താൽക്കലിക വി.സിയായി സിസ തോമസിന് അധിക ചുമതല നൽകുകയായിരുന്നു.

അതേസമയം സാങ്കേതിക സർവകലാശാല നിയമപ്രകാരം വി.സി നിയമനത്തിൽ സർക്കാരിന് പേരുകൾ ശുപാർ ചെയ്യാൻ അധികാരമുണ്ട്. ഇത് മറികടന്നാണ് സിസ തോമസിന്റെ നിയമനം നടത്തിയതെന്ന് സർക്കാർ രേഖാമൂലം കോടതിയെ അറിയിച്ചിട്ടുണ്ട്. സർവകലാശാല നിയമപ്രകാരം താൽക്കാലിക വി.സിയായി പ്രോ.വിസിയെയും, ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയേയും പരിഗണിക്കാനാകുമെന്നും സർക്കാർ വാദിക്കുന്നു. ചാൻസലറായ ഗവർണ്ണറുടെ ഉത്തരവിനെതിരെ സർക്കാരിന് ഹർജി നൽകാനാകില്ലെന്നും മതിയായ യോഗ്യത തനിക്കുണ്ടെന്നും സിസ തോമസും കോടതിയെ അറിയിച്ചിരുന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *