സർവകലാശാലകളുടെ നടത്തിപ്പ് ചാൻസലർക്ക്, മാർച്ച് നടത്തി സമ്മർദം ചെലുത്തേണ്ടെന്ന് ഗവർണർ
എൽഡിഎഫ് മാർച്ച് നടത്തി സമ്മർദം ചെലുത്തേണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിഷേധിക്കാൻ എല്ലാവര്ക്കും അവകാശമുണ്ട് എന്നാൽ സമ്മർദം ചെലുത്താമെന്ന് കരുതേണ്ട. താൻ സമ്മർദത്തിന് വഴങ്ങുന്നയാളല്ലെന്ന് ഗവർണർ വ്യക്തമാക്കി. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തിൽ പ്രതിഷേധിക്കാനുള്ള അവകാശത്തെ മാനിക്കുന്നു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസം സർക്കാർ ഇടപെട്ടാണ് തകർത്തതെന്ന് ഗവർണർ വിമർശിച്ചു. ഭരണകാര്യങ്ങളിൽ ഒരിക്കലെങ്കിലും ഇടപെട്ടത് ചൂണ്ടിക്കാണിച്ചാൽ രാജിവയ്ക്കാൻ തയ്യാറാണ്. ഡൽഹിക്ക് പുറപ്പെടുന്നത് വരെ തന്റെ പക്കലേക്ക് സർക്കാരിന്റെ ഒരു ഓർഡിനൻസും എത്തിയിരുന്നില്ലെന്ന് ഗവർണർ പറഞ്ഞു. ഇത് എത്ര തവണ പറയമെന്ന് തനിക്കറിയില്ല. കിട്ടാത്ത കാര്യത്തെ കുറിച്ച് എനിക്ക് പറയാൻ കഴിയില്ല.
നിയമവിരുദ്ധമായി സർവകലാശാലകളുടെ പ്രവർത്തനത്തിൽ ഇടപെടാൻ ആർക്കും കഴിയില്ല. സർവകലാശാലകളുടെ നടത്തിപ്പ് ചുമതല ഗവർണർക്കാണ്. സർക്കാരിനെ നയിക്കേണ്ട ചുമതല തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനും. ആരെങ്കിലും ദിവസവും സർവകലാശാലകളുടെ പ്രവർത്തനത്തിൽ ഇടപെടുകയാണെങ്കിൽ സുപ്രീം കോടതിയും ഹൈക്കോടതിയും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്തെല്ലായിടത്തും സർവകലാശാലകളുടെ നടത്തിപ്പ് ചാൻസലർക്കാണ്. ഞാൻ സർക്കാരിന്റെ പ്രവർത്തനത്തിൽ ഇടപെട്ടെന്ന് പറയുന്ന ഒരു സംഭവം ചൂണ്ടിക്കാട്ടിയാൽ താൻ അപ്പോൾ തന്നെ രാജിവെക്കാം. എന്നാൽ തനിക്ക് ആയിരം ഇത്തരം ഇടപെടലുകൾ കാണിച്ചുതരാനാവും.
സർവകലാശാലകളെ ഭരണകക്ഷിയുടെ വകുപ്പാക്കി മാറ്റാൻ കഴിയില്ല. ഞാൻ വ്യക്തികളെ കുറിച്ചല്ല, കേരളത്തിലെ വിദ്യാർത്ഥികളെ കുറിച്ചാണ് ചിന്തിക്കുന്നത്. അവർ ഉന്നത വിദ്യാഭ്യാസത്തിനായി കേരളം വിടുന്നു. കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസം മികച്ചതാണ്. എന്നാൽ കേരളത്തിലെ സർവകലാശാലകളുടെ സ്ഥിതി അതല്ലെന്നും ഗവർണർ വ്യക്തമാക്കി.