Thursday, January 23, 2025
Kerala

നിയമന കത്ത് വിവാദം: ആരെയും കുറ്റക്കാരാക്കാതെ ക്രൈംബ്രാഞ്ച്, റിപ്പോർട്ട് ഉടൻ സമർപ്പിക്കും

തിരുവനന്തപുരം നഗരസഭയിലെ വിവാദമായ കത്തുകളുടെ ഒറിജിനൽ കണ്ടെത്തണമെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം. ഒറിജിനൽ കണ്ടെത്താൻ കേസെടുത്തു അന്വേഷണം നടത്തണമെന്ന് ചൂണ്ടിക്കാട്ടി ഉടൻ സംസ്ഥാന പൊലീസ് മേധാവിക്ക് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. അതേ സമയം സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ടെലിഫോണിൽ നൽകിയ വിശദീകരണമാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഒരാഴ്ചയിലധികം സമയമെടുത്ത് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വിവാദമായ കത്തുകളുടെ ഒറിജിനൽ കണ്ടെത്താൻ ക്രൈം ബ്രാഞ്ചിന് സാധിച്ചില്ല. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ചിത്രം മാത്രമാണ് അന്വേഷണ സംഘം ശേഖരിച്ചത്. കത്ത് വ്യാജമാണെന്ന് മേയർ ആര്യ രാജേന്ദ്രന്റെ മൊഴിയുണ്ട്. എന്നാൽ ഇത് സാധൂകരിക്കണമെങ്കിൽ കത്തുകൾ വിശദമായ ഫോറൻസിക് പരിശോധനയ്ക്കു വിധേയമാക്കണം. കത്തിന്റെ ഒറിജിനല്‍ ലഭിക്കാതെ വ്യാജമെന്ന് സ്ഥിരീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്.

ഒറിജിനല്‍ കത്ത് കണ്ടെത്താന്‍ കേസ് എടുത്ത് അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ ശുപാര്‍ശ. മേയറുടെ മൊഴിയടക്കം ചൂണ്ടിക്കാട്ടിയാണ് ഇത് വ്യകമാക്കുന്നത്. കേസെടുത്തു അന്വേഷണം വേണമെന്ന ശുപാർശ ചെയ്‌തുള്ള പ്രാഥമിക അന്വേഷണ റിപ്പോർട്ട് നാളെ ക്രൈം സംസ്ഥാന പൊലീസ് മേധാവിക്ക് സമർപ്പിക്കും. ഡി.ആർ അനിലിന്റെ കത്തിന്റെയും ഒറിജിനൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കത്തുകളുണ്ടാക്കി ചിത്രങ്ങളെടുത്ത ശേഷം നശിപ്പിച്ചു കളഞ്ഞതായും ക്രൈം ബ്രാഞ്ച് സംശയിക്കുന്നുണ്ട്.

സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ മൊഴി നേരിട്ട് രേഖപ്പെടുത്തിയില്ലെന്നാണ് ക്രൈം ബ്രാഞ്ച് നിലപാട്. ടെലിഫോണിൽ നൽകിയ വിശദീകരണം മൊഴിയായി അന്വേഷണ റിപ്പോർട്ടിൽ ഉൾപ്പെടുത്തി. വിജിലൻസ് അന്വേഷണവും തുടരുകയാണ്. നാല്പതിനാല് ദിവസമാണ് പ്രാഥമിക അന്വേഷണം പൂർത്തിയാക്കാൻ വിജിലൻസിന് നല്കിയിരിക്കുന്നത്. പരമാവധി മൊഴിയെടുക്കൽ വേഗത്തിൽ പൂർത്തിയാക്കാനാണ് വിജിലൻസ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *