കാമുകൻ നൽകിയ പാനീയം കുടിച്ചതോടെ വയറുവേദന, കരൾ തകരാറിലായി, യുവതിയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കൾ
നാഗർകോവിൽ: കോളേജ് വിദ്യാര്‍ത്ഥിനിയുടെ മരണം കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കള്‍. നിദ്രവിള, വാവറ സ്വദേശി ചിന്നപ്പര്‍ – തങ്കഭായ് ദമ്പതികളുടെ മകള്‍ അഭിത ( 19 )യുടെ മരണത്തിലാണ് കുടുംബം ദുരൂഹത ആരോപിക്കുന്നത്.നവംബര്‍ അഞ്ചിന് രാത്രി ഒന്‍പതോടെയാണ് അഭിത മരിച്ചത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: കളിയിക്കാവിളയിലെ സ്വകാര്യ കോളേജില്‍ ആദ്യവര്‍ഷ ബി.എസ്.സി വിദ്യാര്‍ത്ഥിയായ അഭിത വീടിനടുത്തുള്ള യുവാവുമായി രണ്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു. വിവാഹ വാഗ്ദാനം നല്‍കിയാണ് തന്നെ പ്രണയിച്ചതെന്നും യുവാവിന്റെ വീട്ടുകാര്‍ ബന്ധത്തെ എതിര്‍ത്തെന്നും അഭിത സൂചിപ്പിച്ചിട്ടുണ്ടെന്ന് വീട്ടുകാര്‍ പറയുന്നു.
സെപ്തംബര്‍ ഏഴിന് ഒറ്റയ്‌ക്ക് കാണണമെന്ന് യുവാവ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. അവിടെ വച്ച് യുവാവ് നല്‍കിയ ശീതളപാനീയം അഭിത കുടിച്ചെന്നും അതിന്റെ പിറ്റേദിവസം മുതല്‍ വയറുവേദന അനുഭവപ്പെട്ടെന്നുമാണ് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞത്. തുടര്‍ന്ന് അഭിതയെ മാര്‍ത്താണ്ഡത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പിന്നീട് തുടര്‍ ചികിത്സയ്‌ക്കായി തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ ചികിത്സയിലിരിക്കുമ്ബോഴാണ് അഭിത മരിച്ചത്. സ്ലോപോയ്സണ്‍ പോലെയുള്ള ദ്രാവകം ഉള്ളില്‍ ചെന്നതായും വിദ്യാര്‍ത്ഥിനിയുടെ കരള്‍ പൂര്‍ണമായും തകരാറിലാണെന്നും പരിശോധിച്ച ഡോക്ടര്‍ പറഞ്ഞിരുന്നതായി അഭിതയുടെ മാതാവ് പൊലീസിനോട് പറഞ്ഞു. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ കൂടുതല്‍ അന്വേഷണം നടത്താനാകൂവെന്നാണ് പൊലീസിന്റെ വാദം. ഇന്നലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. അഭിതയുടെ മാതാവ് തങ്കഭായി നല്‍കിയ പരാതിയില്‍ തമിഴ്നാട് നിദ്രവിള പൊലീസ് കേസെടുത്തു.