സാമ്പത്തിക സംവരണം സാമൂഹിക നീതിക്കെതിരുതന്നെ: കെആര്‍എല്‍സിസി
മുന്നാക്ക വിഭാഗത്തില്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക സംവരണം ശരിവയ്ക്കുന്ന സുപ്രിംകോടതി വിധി നിരാശാജനകവും സാമ്പത്തിക സംവരണം സാമൂഹിക നീതിക്കെതിരെ എന്ന വാദം നിലനില്‍ക്കുന്നതുമാണെന്ന് കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) അഭിപ്രായപ്പെട്ടു.
ന്യായാധിപരില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ രണ്ടുപേര്‍ സാമ്പത്തിക സംവരണത്തെ അനുകൂലിക്കാത്തത് വളരെ പ്രസക്തമാണ്. 103-ാം ഭരണഘടന ഭേദഗതിയില്‍ സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ള മുന്നാക്ക വിഭാഗക്കാര്‍ക്ക് പരമാവധി 10 ശതമാനം സംവരണമാണ് ഏര്‍പ്പെടുത്തിയത്. എങ്കിലും കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളും പ്രസ്തുതവിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക, പിന്നാക്കാവസ്ഥയുടെ നിജസ്ഥിതി പരിഗണിക്കാതെ പരമാവധി സംവരണം ഏര്‍പ്പെടുത്തുകയായിരുന്നു. ഇത് പ്രയോഗത്തില്‍ 20 ശതമാനം സംവരണമായി മാറിയിട്ടുണ്ട്.
പൊതു വിഭാഗത്തിനായി നിശ്ചയിക്കപ്പെട്ടിട്ടുള്ള 50 ശതമാനത്തില്‍ നിന്നാണ് 10 ശതമാനം നല്‍കേണ്ടതെങ്കിലും കേരള സര്‍ക്കാര്‍ മൊത്തത്തിലുള്ള ഒഴിവുകളുടെ പത്ത് ശതമാനം കണക്കാക്കുന്നതുവഴി സംവരണ നിരക്ക് 10 ശതമാനത്തില്‍ നിന്നും 20 ശതമാനമായി ഉയര്‍ന്നതും ഗൗരവമായ അനീതിയാണ്. ഇതാകട്ടെ മുന്നാക്ക വിഭാഗങ്ങളിലെ മാത്രം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി പരിമിതപ്പെടുത്തുന്നതും അസന്തുലിതാവസ്ഥയെ രൂക്ഷമാക്കുന്നതായി കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡും ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയിലും ചൂണ്ടിക്കാട്ടി.