വായുമലിനീകരണം: പരസ്പ്പരം വിരൽ ചൂണ്ടേണ്ട സമയമല്ല, കേന്ദ്രം ഇടപെടണം – കെജ്രിവാൾ
അന്തരീക്ഷ മലിനീകരണം നേരിടാൻ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കേന്ദ്ര സർക്കാർ സംയുക്ത കർമപദ്ധതി ആവിഷ്കരിക്കണമെന്നും പരസ്പ്പരം വിരൽ ചൂണ്ടേണ്ട സമയമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു. വായു മലിനീകരണം അഖിലേന്ത്യാ പ്രതിസന്ധിയാണ്, ഉത്തരേന്ത്യയുടെ പല ഭാഗങ്ങളും കടുത്ത വായു മലിനീകരണം രേഖപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
“പഞ്ചാബിലെ വായുമലിനീകരണത്തിൻ്റെ പൂർണ്ണ ഉത്തരവാദിത്തം ഞങ്ങൾ ഏറ്റെടുക്കുന്നു, പഞ്ചാബിൽ സർക്കാർ രൂപീകരിച്ചിട്ട് ആറ് മാസമേ ആയിട്ടുള്ളൂ. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാൻ ഞങ്ങൾ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അടുത്ത വർഷത്തോടെ വൈക്കോൽ കത്തിക്കുന്നത് കുറയും” – അദ്ദേഹം പറഞ്ഞു. അതേസമയം പഞ്ചാബിലെയും ഡല്‍ഹിയിലെയും എഎപി സര്‍ക്കാരുകളെ മാത്രം കുറ്റപ്പെടുത്താനാകില്ലെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനുമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കെജ്രിവാള് കൂട്ടിച്ചേർത്തു.
ദേശീയ തലസ്ഥാനത്തെ സ്കൂളുകൾ നാളെ മുതൽ അടച്ചിടുമെന്നും കെജ്രിവാള് പ്രഖ്യാപിച്ചു. അഞ്ചാം ക്ലാസ് മുതലുള്ള കുട്ടികളുടെ ഔട്ട്ഡോർ കായിക വിനോദങ്ങളും അനുവദിക്കില്ല. അതേസമയം കാർഷികോൽപ്പന്നങ്ങൾ ഉയർന്ന നിലയിലായതിനാൽ വൈക്കോൽ കത്തിക്കുന്നത് വർധിച്ചുവരികയാണെന്ന് ഭഗവന്ത് മാൻ പറഞ്ഞു.