പന്നിയങ്കരയിൽ ഇന്ന് മുതൽ ടോൾ നിരക്ക് വർധിക്കും
പാലക്കാട് വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാത പന്നിയങ്കരയിൽ ഇന്ന് മുതൽ ടോൾ നിരക്ക് വർധിക്കും. അഞ്ച് ശതമാനം വരെയാണ് നിരക്ക് വർധിപ്പിക്കുക. കഴിഞ്ഞ മാർച്ച് 9 ന് പന്നിയങ്കരയിൽ ടോൾ പിരിവ് ആരംഭിച്ചതിനു ശേഷം ഇത് രണ്ടാം തവണയാണ് നിരക്ക് വർധിപ്പിക്കുന്നത്.
കാർ, ജീപ്പ് ,വാൻ എന്നിവയ്ക്ക് ഒരു ഭാഗത്തേക്ക് 105 രൂപയായിരിക്കും പുതിയ നിരക്ക്. എന്നാൽ ഒരേ ദിവസം മടക്കയാത്രയും ഉണ്ടെങ്കിൽ 155 രൂപയാണ് അടക്കേണ്ടത്. ലൈറ്റ്, കൊമേഷ്യൽ വാഹനം, ലൈറ്റ് ഗുഡ്‌സ് വാഹനം ,മിനി ബസ്സ് എന്നിവക്ക് 160 രൂപയും, തിരിച്ച് യാത്ര ഉണ്ടെങ്കിൽ 240 രൂപയുമാണ് പുതിയ കണക്ക്. ബസ്, ട്രാക്ക് എന്നിവക്ക് ഒരു യാത്രക്ക് 325 ഉം ,തിരിച്ച് ഉണ്ടെങ്കിൽ 485 ആണ് പുതുക്കിയ നിരക്ക്.
മുൻപ് വർധിപ്പിച്ച നിരക്ക് ഈടാക്കുന്നത് തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് റദ്ദാക്കിയ പശ്ചാത്തലത്തിലാണ് ഇന്ന് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുന്നത്.
അതേസമയം വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, വണ്ടാഴി, പാണഞ്ചേരിപഞ്ചായത്തിലുള്ളവർക്കു സൗജന്യയാത്ര തുടരും. തിരിച്ചറിയൽ രേഖകൾ കാണിച്ചാൽ പ്രത്യേക ട്രാക്കിലൂടെ കടന്നുപോകാം.