കാട്ടാനശല്യം വ്യാപകം; കണ്ണൂർ ആറളം ഫാമിൽ വരുന്നു ആനപ്രതിരോധമതിൽ
കണ്ണൂർ ആറളം ഫാമിൽ കാട്ടാനശല്യം തടയാൻ ആനപ്രതിരോധ മതിൽ നിർമ്മിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. ആനമതിലാണ് ആറളത്തെ വന്യജീവി ശല്യം പൂർണ്ണമായി പ്രതിരോധിക്കാനുള്ള മികച്ച മാർഗ്ഗമെന്നു പ്രദേശവാസികളും വിവിധ രാഷ്ട്രീയ- സംഘടനാ- തൊഴിലാളി യൂണിയനുകളും പറഞ്ഞിരുന്നു.
മതിൽ നിലവിലുള്ള ഭാഗത്തുകൂടി ആനകൾ ഫാമിൽ പ്രവേശിക്കുന്നില്ലെന്ന അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് സ്ഥലവാസികൾ ഈ ആവശ്യം ഉന്നയിച്ചത്. ആന മതിൽ നിർമ്മിച്ചാൽ ആന മറ്റൊരു ഭാഗത്തേക്ക് മാറുകയാണെങ്കിൽ നേരത്തെ വിദഗ്ധസമിതി നിർദ്ദേശിച്ച കരുതൽ നടപടികൾ അവിടെ സ്വീകരിക്കും.
യോഗത്തിൽ വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, പട്ടികജാതി- പട്ടികവർഗ്ഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്‌ണൻ, ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാ സിംഗ്, കണ്ണൂർ ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ തുടങ്ങിയവർ സംസാരിച്ചു