Friday, January 10, 2025
Kerala

കൊല്ലത്ത് ‘നഗ്നപൂജ’; പീഡിപ്പിച്ച്‌ മന്ത്രവാദം; ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ യുവതിയുടെ പരാതി

കൊല്ലം: യുവതിയെ നഗ്നയാക്കി പീഡിപ്പിക്കാൻ ശ്രമിച്ചു മന്ത്രവാദത്തിന് ഇരയാക്കിയെന്ന് പരാതി.ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും നഗ്നപൂജയ്ക്ക് ഇരയാക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ആറ്റിങ്ങല്‍ സ്വദേശിയുടെ പരാതിയില്‍ കൊല്ലം ചടയമംഗലം പൊലീസ് രണ്ടുപേരെ കസ്റ്റഡിയില്‍ എടുത്തു. 2016ല്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസ് എടുക്കാന്‍ വിസമ്മതിച്ച പൊലീസ് ഇലന്തൂരിലെ നരബലിയുടെ പശ്ചാത്തലത്തിലാണ് നിലപാട് മാറ്റിയത്. 

‘കല്യാണം കഴിഞ്ഞ് വന്ന അന്ന് മുതല്‍ അബ്ദുള്‍ ജബ്ബാര്‍ എന്ന പറഞ്ഞ ഒരാള്‍ ഇവിടെയുണ്ട്. അവന്‍ നിരന്തരം എന്നെ പീഡിപ്പിക്കുകയും അവന് വേണ്ടിയിട്ട് വാക്കാലത്ത് ഏറ്റെടുത്ത് സംസാരിക്കുന്നത് എന്റെ ഭര്‍ത്താവും അമ്മയും സഹോദരിയുമാണ്. സഹോദരിയാണ് എല്ലാവര്‍ക്ക് മുന്നിലും കാഴ്ചവെക്കാന്‍ നിര്‍ബന്ധിക്കുന്നത്. അതോടൊപ്പം ഒരു സിദ്ധിഖുമുണ്ട്. അവന്‍ എന്റെ വസ്ത്രം വലിച്ച്‌കീറിയപ്പോള്‍ അത് മന്ത്രവാദത്തിന്റെ ഭാഗമാണെന്നാണ് ഭര്‍ത്താവ് പറഞ്ഞതെന്ന്’- പീഡനത്തിനിരയായ യുവതി മാധ്യമങ്ങളോട് പറഞ്ഞു.

2016ലാണ് ചടയമംഗലം സ്വദേശിയും യുവതിയും തമ്മിലുള്ള വിവാഹം നടക്കുന്നത്. അതിന് പിന്നാലെ മന്ത്രവാദത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി. നഗ്നപൂജയ്ക്കായി നിര്‍ബന്ധിച്ചതായും അതിന് തയ്യാറാകാത്തതിന്റെ പേരില്‍ പലപ്പോഴും ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചതായും യുവതി പരാതിയില്‍ പറയുന്നു. ഹണിമൂണിനെന്ന പേരില്‍ നാഗൂരിലേക്ക് കൊണ്ടുപോയി അവിടെ വച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ചു. അതിന് പിന്നാലെ ചടയമംഗലത്തെ ഭര്‍ത്താവിന്റെ വീട്ടില്‍ വച്ച്‌ അബ്ദുള്‍ ജബ്ബാര്‍, സിദ്ധിഖ് എന്നിവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായും അവിടെ വച്ച്‌ സിദ്ധിഖ് തന്റെ വസ്ത്രം പിടിച്ചുപറിച്ച കാര്യം ഭര്‍ത്താവിനെ അറിയിച്ചപ്പോള്‍ അത് മന്ത്രവാദത്തിന്റെ ഭാഗമാണെന്നായിരുന്നു മറുപടിയെന്നും യുവതി പറയുന്നു.മൂന്ന് മാസമാണ് ഈ ദമ്പതികൾ ഒരുമിച്ച്‌ താമസിച്ചിരുന്നത്. ഇവര്‍ തമ്മിലുള്ള വിവാഹമോചനക്കേസ് കോടതിയിലാണ്. കേസുമായി ബന്ധപ്പെട്ട് ഭര്‍ത്താവിന്റെ സഹോദരനെയും ഭര്‍തൃമാതാവിനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മന്ത്രവാദം നടത്തിയ അബ്ദുള്‍ ജബ്ബാറും സിദ്ധിഖും ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *