മഴ ശക്തമാകുന്നു; വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചത് 6411 പേരെ
മഴ ശക്തമായതോടെ വിവിധ ജില്ലകളിലായി 221 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. സംസ്ഥാനത്ത് ഇതുവരെ 6411 പേരെയാണ് വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചിട്ടുള്ളത്. റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ നേതൃത്വത്തിൽ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണ്. തൃശൂരിൽ തുറന്ന 51 ദുരിതാശ്വാസ ക്യാംപുകളിൽ ഇതുവരെ 1685 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. പത്തനംതിട്ടയിൽ 43 ക്യാംപുകളിലായി 1017 പേരും കോട്ടയത്ത് 45 ക്യാംപുകളിലായി 1075 പേരും കഴിയുന്നുണ്ട്.
തിരുവനന്തപുരത്ത് മൂന്നു ക്യാംപുകളിലായി 43 പേരെയും ആലപ്പുഴയിൽ 15 ക്യാംപുകളിലായി 289 പേരെയും ഇടുക്കിയിൽ എട്ടു ക്യാംപുകളിലായി 160 പേരെയും എറണാകുളത്ത് 20 ക്യാംപുകളിലായി 753 പേരെയും മാറ്റിപ്പാർപ്പിച്ചു. ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പുഴയുടെ ഇരു കരകളിലുമുള്ള ആഴുകളെ ഒഴിപ്പിക്കുന്ന നടപടികൾ തുടരുകയാണ്.
പാലക്കാട് അഞ്ചു ക്യാംപുകളിലായി 182 പേരാണുള്ളത്. മലപ്പുറത്ത് നാലു ക്യാംപുകളിൽ 66 പേരെയും കോഴിക്കോട് 11 ക്യാംപുകളിൽ 359 പേരെയും വയനാട് 11 ക്യാംപുകളിൽ 512 പേരെയും കണ്ണൂരിൽ നാലു ക്യാംപുകളിലായി 217 പേരെയും കാസർഗോഡ് ഒരു ക്യാംപിൽ 53 പേരെയും മാറ്റിപ്പാർപ്പിച്ചു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് കണ്ണൂർ ജില്ലകളിലാണ് റെഡ് അലേർട്ട്. കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർഗോട് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. തിരുവനന്തപുരത്ത് യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രിവരെ തൃശ്ശൂർ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ മലയോരമേഖലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്.