Friday, March 7, 2025
National

ബെല്ലാരെയിലെ യുവമോര്‍ച്ച നേതാവിന്റെ കൊലപാതകം: പ്രത്യേക അന്വേഷണസംഘം ഇന്ന് കേരളത്തിലെത്തും

കര്‍ണാടക ബെല്ലാരെയിലെ യുവമോര്‍ച്ച നേതാവിന്റെ കൊലപാതകത്തിന് പിന്നില്‍ മലയാളികളെന്ന് സൂചന. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചെന്ന് മംഗളൂരു എസ് പി പറഞ്ഞു. ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ അന്വേഷണം കേരളത്തിലേക്ക് കൂടി വ്യാപിപ്പിച്ചു. ഇന്ന് പ്രത്യേക അന്വേഷണസംഘം കേരളത്തിലെത്തും. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ദക്ഷിണ കന്നഡ മേഖലയില്‍ പൊലീസ് സുരക്ഷ ശക്തമാക്കി.

യുവമോര്‍ച്ച ദക്ഷിണ കന്നഡ എക്‌സിക്യൂട്ടീവ് അംഗം പ്രവീണ്‍ നട്ടാരുവിന്റെ കൊലപാതകത്തില്‍ ഊര്‍ജിതമായ അന്വേഷണമാണ് പുരോഗമിക്കുന്നത്. പുത്തൂരു ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. കേരള രജിസ്‌ട്രേഷനിലുള്ള ബൈക്കിലെത്തിയ സംഘമാണ് പ്രവീണിനെ വെട്ടി കൊലപ്പെടുത്തിയതെന്നായിരുന്നു ദൃക്‌സാക്ഷികളുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിച്ചു കഴിഞ്ഞു. പ്രദേശത്ത് ഒരാഴ്ച്ചയ്ക്ക് മുന്‍പ് കാസര്‍ഗോഡ് സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടിരുന്നു. കേസില്‍ ബിജെപി, ആര്‍.എസ്.എസ് പ്രവര്‍ത്തകരായിരുന്നു പ്രതികള്‍. ഇതിനെ തുടര്‍ന്നുള്ള വൈരാഗ്യമാണ് പ്രവീണിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.

പ്രതികളെ സഹായിച്ചുവെന്ന് കരുതുന്ന മൂന്ന് ബെല്ലാരെ സ്വദേശികളെ പൊലീസ് ഇന്നലെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കൊലപാതക സംഘത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. അതേ സമയം കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ദക്ഷിണ കന്നഡ മേഖലയില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. മൂന്ന് താലൂക്കുകളില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *