Thursday, January 23, 2025
World

റഷ്യ കോവിഡ് വാക്‌സിന്റെ ഉൽപാദനം ആരംഭിച്ചു

മോസ്കോ: ലോകത്തിലെ ആദ്യ കോവിഡ് വാക്സിൻ റഷ്യ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ ഉത്പാദനം ആരംഭിച്ചു. ഗമേലയ സയന്റിഫിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി റഷ്യൻ പ്രതിരോധമന്ത്രാലയവുമായി ചേർന്ന് വികസിപ്പിച്ച സ്പുട്നിക്-അഞ്ച് വാക്സിന്റെ ഉത്പാദനമാണ് തുടങ്ങിയത്. റഷ്യൻ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

അതേ സമയം ചില വിദഗ്ദ്ധർ വാക്സിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്ക അറിയിച്ചിട്ടുണ്ട്. മതിയായ ഡാറ്റയുടെ അഭാവവും അതിവേഗ അംഗീകാരവും കാരണം റഷ്യയുടെ വാക്സിൻ കുത്തിവെയ്ക്കുന്നത് അത്ര സുരക്ഷിതാമയിരിക്കില്ലെന്നാണ് മൂവായിരത്തിലധികം മെഡിക്കൽ പ്രൊഫഷണലുകൾ പങ്കെടുത്ത ഒരു സർവേയിൽ കാണിച്ചിരിക്കുന്നത്. ഇതിൽ ഭൂരിപക്ഷവും റഷ്യൻ ഡോക്ടർമാരായിരുന്നു.

റഷ്യൻ പ്രസിഡന്റ് വ്ലാദ്മിർ പുതിൻ പുറത്തിറക്കിയ കോവിഡ് വാക്സിന് സ്പുട്നിക്-അഞ്ച് എന്നാണ് പേര് നൽകിയിട്ടുള്ളത്. 1957-ൽ സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച ആദ്യത്തെ കൃത്രിമ ഉപഗ്രഹത്തിനെ അനുസ്മരിച്ചുകൊണ്ടാണ് ഈ പേര് നൽകിയത്.

വാക്സിൻ ഇതുവരെ അന്തിമ പരീക്ഷണങ്ങൾ പൂർത്തിയാക്കിയിട്ടില്ലെന്നാണ് ചില ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. ഡോക്ടർമാരും ആരോഗ്യ വിദഗ്ദ്ധരുമായ 3040 പേർ പങ്കെടുത്ത ഒരു സർവേ റിപ്പോർട്ട് ആർ.ബി.സിയാണ് പ്രസിദ്ധീകരിച്ചത്. 52 ശതമാനം പേരും വാക്സിൻ എടുക്കാൻ തയ്യാറല്ലെന്നാണ് സർവേയിൽ അഭിപ്രായപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *