Saturday, October 19, 2024
National

ഇന്ത്യൻ കൊവിഡ് വാക്‌സിന്റെ ഒന്നാം ഘട്ട പരീക്ഷണം വിജയകരമെന്ന് റിപ്പോര്‍ട്ട്

ന്യൂഡൽഹി: ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡ് വികസിപ്പിച്ച ഇന്ത്യയിലെ ആദ്യ തദ്ദേശീയ കൊവിഡ് വാക്സിന്റെ ഒന്നാം ഘട്ട പരീക്ഷണം രാജ്യത്ത് വിജയകരമെന്ന് റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബറില്‍ രണ്ടാം ഘട്ട പരീക്ഷണം ആരംഭിച്ചേക്കും. അടുത്ത കൊല്ലം പകുതിയോടെ ഭാരത് ബയോടെക്കിന്‍റെ കോവാക്സിന്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് സൂചന

രാജ്യത്തെ കൊവിഡ് പ്രതിരോധത്തിന് പ്രതീക്ഷ നല്‍കുന്നതാണ് കൊവാക്സിന് പരീക്ഷണത്തിന്‍റെ ആദ്യ ഫല സൂചന. ഹൈദ്രാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്ക് ഐസിഎംആര്‍ സഹകരണത്തോടെയാണ് വാക്സിന്‍ പരീക്ഷണം നടത്തുന്നത്. 12 കേന്ദ്രങ്ങളില്‍ 375 പേരിലായിരുന്നു ആദ്യ ഘട്ട മനുഷ്യ പരീക്ഷണം. ഡൽഹി എയിംസിലും ഹരിയാന റോത്തക്കിലെ പണ്ഡിറ്റ് ഭഗവത് ദയാല്‍ ശര്‍മ്മ പോസ്റ്റ് ഗ്രാജ്യേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലും
നാഗ്പൂരിലും നടത്തിയ പരീക്ഷണങ്ങള്‍ ഇതുവരെ വിജയകരമെന്നാണ് ഗവേഷണ തലവന്മാര്‍ പറയുന്നത്. വാക്സിന്‍ പരീക്ഷിച്ച ആര്‍ക്കും കാര്യമായ അസ്വസ്തതകളില്ല. ആദ്യ കുത്തിവയ്പിന് ശേഷം രണ്ട് പേര്‍ക്ക് പനി കണ്ടെങ്കിലും മറ്റ് മരുന്നുകള്‍ നല്‍കാതെ തന്നെ നില മെച്ചപ്പെട്ടു.

ഡൽഹി എയിംസില്‍ പതിനാറ് പേരിലും നാഗ്പൂരില്‍ 55 പേരിലുമാണ് വാക്സിന്‍ പരീക്ഷണം നടത്തിയത്. ഈമാസം അവസാനം വരെ മരുന്നു നല്‍കിയവരെ നിരീക്ഷിക്കും.മുഴുവന്‍ കേന്ദ്രങ്ങളിലെയും റിപ്പോര്‍ട്ട് ലഭിച്ചശേഷം രണ്ടാം ഘട്ട പരീക്ഷണമാരംഭിക്കാനാണ് ഭാരത് ബയോടെക്കിന്‍റെ നീക്കം. അതിനായി ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി തേടും. രണ്ടാം ഘട്ടത്തില്‍ 750 പേരില്‍ പരീക്ഷണം നടത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Leave a Reply

Your email address will not be published.