Thursday, January 23, 2025
Kerala

സജി ചെറിയാൻ രാജിവച്ച ഒഴിവിലേക്ക് പുതിയ മന്ത്രി; തീരുമാനം ഇന്നുണ്ടായേക്കും

സജിചെറിയാന്‍ രാജി വെച്ച ഒഴിവിലേക്ക് പുതിയ മന്ത്രി വേണമോ എന്ന കാര്യത്തില്‍ സിപിഐഎം ഇന്ന് തീരുമാനമെടുത്തേക്കും. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ സജി ചെറിയാന്‍റെ രാജിക്ക് ശേഷമുള്ള സാഹചര്യങ്ങള്‍ ചര്‍ച്ചയാകും. എംഎല്‍എ സ്ഥാനം രാജിവെക്കണ്ടെന്ന് നിലപാടിലേക്ക് സിപിഐഎം എത്തിച്ചേരാനാണ് സാധ്യത. പ്രതിപക്ഷം രാജി ആവശ്യം കടുപ്പിക്കാത്തതും അനുകൂലമായിട്ടാണ് സിപിഐഎം കാണുന്നത്. കോടതി കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയാല്‍ രാജിയെ കുറിച്ച് അപ്പോള്‍ ആലോചിക്കാമെന്നാണ് നേതൃത്വത്തിന്‍റെ നിലപാട്. സജി ചെറിയാന്‍റെ പ്രസംഗത്തെ ഇതുവരെ തള്ളിപ്പറയാത്ത സിപിഐഎം, യോഗത്തിന് ശേഷം നിലപാട് വ്യക്തമാക്കിയേക്കും.

സജി ചെറിയാനെതിരായ പരാതി ഗവർണറുടെ പരിഗണനയ്ക്ക് വിട്ട് രാഷ്ട്രപതി. ബെന്നി ബഹനാൻ നൽകിയ പരാതിയാണ് ഗവർണർക്ക് രാഷ്ട്രപതി കൈമാറിയത്. ക്യാബിനറ്റ് സെക്രട്ടറി വഴിയാണ് നടപടി. പരാതി പരിശോധിച്ച് അടിയന്തരമായി ഉചിത നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

മല്ലപ്പള്ളി പ്രസംഗത്തിൽ സജി ചെറിയനെതിരെ രജിസ്റ്റർ ചെയ്ത എഫ് ഐആർ ന്റെ പകർപ്പ് 24 ന് ലഭിച്ചിരുന്നു. മുൻ മന്ത്രി സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചെന്ന് എഫ് ഐ ആറിൽ പറയുന്നു. പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷണൽ ഓണർ ആക്ട് സെക്ഷൻ 2 പ്രകാരമാണ് കേസ്. മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് സജി ചെറിയനെതിരെ ചുമത്തിയത്.

അതേസമയം, ഭരണഘടനയെ അവഹേളിച്ചുവെന്ന പരാതിയിൽ മുൻ മന്ത്രി സജി ചെറിയനെതിരായ കേസ് തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. സജി ചെറിയനെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് കേസ് ഇന്ന് വീണ്ടും പരിഗണിക്കുന്നത്.

സജി ചെറിയാൻ ഭരണഘടനയെ കുറിച്ച് പറഞ്ഞത് സിപിഎമ്മിന്റെ കണ്ണൂർ രാഷ്ട്രീയ പ്രമേയത്തിന് വിരുദ്ധമായ നിലപാടാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞിരുന്നു. അദ്ദേഹം പറഞ്ഞ വാക്കുകൾ ഇടത് മുന്നണിയുടേയോ സിപിഎമ്മിന്റെയോ നിലപാടനുസരിച്ചല്ല. കണ്ണൂർ പാർട്ടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിന് വിരുദ്ധമാണ് അദ്ദേഹത്തിന്റെ വാക്കുകൾ. മന്ത്രിസ്ഥാനം രാജി വെച്ച സജി ചെറിയാൻ എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നും കാനം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *