Thursday, January 9, 2025
World

കോവിഡിനെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുത്; ഡബ്ല്യു.എച്ച്.ഒ

 

കോവിഡിനെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ലോകാരോഗ്യ സംഘടന. കോവിഡിനെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ വൈറസ് ബാധ ആഗോളതലത്തില്‍ വര്‍ധിക്കാന്‍ ഒരു കാരണമായെന്നും ഡബ്ല്യു.എച്ച്.ഒയുടെ കോവിഡ് ടെക്നിക്കല്‍ മേധാവി മരിയ വാൻ കെർഖോവെ വിശദീകരിച്ചു.

കോവിഡിനെ കുറിച്ച് പ്രധാനമായും മൂന്നു തെറ്റിദ്ധാരണകളാണ് പരക്കുന്നതെന്ന് മരിയ ചൂണ്ടിക്കാട്ടി. കോവിഡ് മഹാമാരി അവസാനിച്ചു, ഒമിക്രോണിനെ പേടിക്കാനില്ല, ഇത് കോവിഡിന്‍റെ അവസാന വകഭേദമാണ് എന്നിങ്ങനെയുള്ള തെറ്റായ വിവരങ്ങള്‍ സമൂഹത്തില്‍ പ്രചരിക്കുകയാണ്. ഇത് വളരെയധികം ആശയക്കുഴപ്പം സൃഷ്ടിക്കുകയും വൈറസ് വ്യാപനത്തിന് കാരണമാവുകയും ചെയ്യുന്നുവെന്ന് മരിയ വാൻ കെർഖോവെ പറഞ്ഞു.

വാക്സിനേഷന്‍റെ ആവശ്യകതയെക്കുറിച്ച് ലോകാരോഗ്യ സംഘടന ഊന്നിപ്പറയുന്നു. കോവിഡ് മരണം തടയുന്നതില്‍ വാക്സിനേഷന്‍ അവിശ്വസനീയമാം വിധം ഫലപ്രദമാണെന്ന് ഡബ്ല്യു.എച്ച്.ഒ ചൂണ്ടിക്കാട്ടി. BA.2 ആണ് ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും വ്യാപനശേഷി കൂടിയ വകഭേദം. BA.1നെ അപേക്ഷിച്ച് BA.2ന്‍റെ തീവ്രതയിൽ വലിയ മാറ്റമില്ല. പക്ഷേ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കൂടുന്നതനുസരിച്ച് മരണസംഖ്യയും കൂടുമെന്ന ആശങ്ക ഡബ്ല്യു.എച്ച്.ഒ പങ്കുവെയ്ക്കുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ ആഗോള തലത്തില്‍ കോവിഡ് കോസുകളിലുണ്ടായ വര്‍ധന പരിശോധിക്കുമ്പോള്‍ കോവിഡ് മുക്ത ലോകം അടുത്ത കാലത്തൊന്നും സാധ്യമാകില്ലെന്നാണ് ഡബ്ല്യു.എച്ച്.ഒ നല്‍കുന്ന മുന്നറിയിപ്പ്. ആഗോളതലത്തിൽ കഴിഞ്ഞയാഴ്ചയെ അപേക്ഷിച്ച് കോവിഡ് കേസുകളിൽ എട്ടു ശതമാനത്തിന്‍റെ വർധനയാണ് രേഖപ്പെടുത്തിയത്. 11 മില്യണ്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനയിലും ദക്ഷിണ കൊറിയയിലും കോവിഡ് കേസുകളില്‍ 25 ശതമാനം വര്‍ധനയുണ്ടായി. മരണ നിരക്കില്‍ 27 ശതമാനം വര്‍ധനയുണ്ടായെന്നും ഡബ്ല്യു.എച്ച്.ഒ ചൂണ്ടിക്കാട്ടുന്നു.

യൂറോപ്പില്‍ നിന്ന് വരുന്നതും മറ്റൊരു കോവിഡ് തരംഗത്തിന്‍റെ സൂചനകളാണ്. ഓസ്ട്രിയ, ജർമനി, സ്വിറ്റ്സർലൻഡ്, നെതർലാൻഡ്സ്, യു.കെ എന്നിവിടങ്ങളിൽ മാർച്ച് ആദ്യം മുതൽ കോവിഡ് കേസുകളുടെ എണ്ണം ഉയരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *