Thursday, January 9, 2025
Top News

പ്രഭാത വാർത്തകൾ

 

◼️നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് മുന്‍ മാനേജിങ് ഡയറക്ടറും മുന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ചിത്ര രാമകൃഷ്ണ അറസ്റ്റില്‍. സിബിഐ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റു ചെയ്തത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹിയിലെ സിബിഐ പ്രത്യേക കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. 2013 മുതല്‍ 2016 വരെ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് എംഡി ആയിരുന്നു ചിത്ര. കോടികളുടെ ക്രമക്കേടുകളാണ് ചിത്രയ്ക്കെതിരേ സിബിഐ ഉന്നയിക്കുന്നത്.

◼️മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മൃതദേഹം കബറടക്കി. പാണക്കാട് ജുമാ മസ്ജിദില്‍ പുലര്‍ച്ചെ രണ്ടോടെയാണ് കബറടക്കിയത്. പാതിരാത്രിയിലും ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. രാവിലെ ഒമ്പതിനു സംസ്‌കാരം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഭൗതികശരീരം ഏറെനേരം വയ്ക്കാന്‍ സാധിക്കാത്തതിനാലാണ് കബറടക്കം നേരത്തെയാക്കിയത്. പ്രമുഖരടക്കം ആയിരങ്ങള്‍ മലപ്പുറം ടൗണ്‍ ഹാളില്‍ അന്ത്യോപചാരം അര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍, മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി അബ്ദുറഹ്‌മാന്‍, എ.കെ ശശീന്ദ്രന്‍ മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.

◼️പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷനാകും. ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റാണ് ഇദ്ദേഹം. ഇന്നു ചേരുന്ന ഉന്നതാധികാര സമിതിയില്‍ പ്രഖ്യാപനമുണ്ടാകും.

◼️ഉത്തര്‍പ്രദേശില്‍ ഏഴാംഘട്ട വോട്ടെടുപ്പ് ഇന്ന്. ഇതോടെ അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. പത്താം തീയതിയാണ് വോട്ടെണ്ണല്‍. നാലിടങ്ങളില്‍ ബിജെപി ഭരണത്തുടര്‍ച്ച പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ ബിജെപി കോട്ടയായിരുന്ന ഉത്തര്‍പ്രദേശിലടക്കം പഴയ പ്രതാപം ഉണ്ടാകില്ലെന്നാണു റിപ്പോര്‍ട്ട്. പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ നില പരുങ്ങലിലുമാണ്. ഇന്നു വോട്ടെടുപ്പു കഴിയുന്നതോടെ വൈകീട്ട് ആറിനു ശേഷം എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരും.

◼️പാലസ്തീനിലെ ഇന്ത്യന്‍ അംബാസഡര്‍ മുകുള്‍ ആര്യ മരിച്ച നിലയില്‍. രാമല്ലയിലെ എംബസി ആസ്ഥാനത്താണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണമോ മറ്റ് വിവരങ്ങളോ വ്യക്തമല്ല. പലസ്തീന്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

◼️സംസ്ഥാന ബജറ്റ് 11 ന്. ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ ആദ്യത്തെ സമ്പൂര്‍ണ ബജറ്റാണിത്. സംസ്ഥാനത്ത് ബജറ്റ് അവതരിപ്പിക്കുന്ന പതിനാറാമത്തെ വ്യക്തിയാണ് ബാലഗോപാല്‍. നിയമസഭാ ചരിത്രത്തില്‍ അറുപത്തഞ്ചാമത്തെ് ബജറ്റ്. കഴിഞ്ഞ വര്‍ഷം ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റ് തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിന്റെ പരിഷ്‌കരിച്ച പതിപ്പായിരുന്നു.

◼️ബലാത്സംഗക്കേസില്‍ പടവെട്ട് എന്ന ചിത്രത്തിന്റെ സംവിധായകന്‍ ലിജു കൃഷ്ണ അറസ്റ്റിലായി. കാക്കനാട് ഇന്‍ഫോപാര്‍ക്ക് പോലീസ് ഫയല്‍ ചെയ്ത കേസിലാണ് അറസ്റ്റ്. കണ്ണൂരില്‍നിന്നാണ് ലിജു കഷ്ണ പിടിയിലായത്. നിവിന്‍ പോളി, സണ്ണി വെയ്ന്‍ എന്നിവര്‍ അഭിനയിച്ച സിനിമ റീലീസിന് ഒരുങ്ങുന്നതിനിടയിലാണ് അറസ്റ്റ്.

◼️കിഴക്കമ്പലത്ത് പൊലീസിനെ ആക്രമിച്ച കേസില്‍ നിസാര വകുപ്പുകള്‍ ചുമത്തപ്പെട്ട 123 തൊഴിലാളികളെ തിരിച്ചെടുക്കുമെന്ന് കിറ്റെക്സ് കമ്പനി. അന്തിമകുറ്റപത്ര0 സമര്‍പ്പിച്ച കേസില്‍ നിയമോപദേശം അനുസരിച്ചാണ് നടപടിയെന്ന് കമ്പനി അറിയിച്ചു. തൊഴിലാളികളുടെ കുടുംബത്തിന് അടിയന്തര സഹായം നല്‍കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. കിഴക്കമ്പലത്ത് ക്രിസ്മസ് ആഘോഷത്തിനിടെയാണ് കിറ്റെക്സിലെ അതിഥി തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ചത്.

◼️ഇരയല്ല, അതിജീവിതയാണെന്ന് ആക്രമണത്തിന് ഇരയായ നടി. കേസിനുശേഷം തൊഴിലവസരം നിഷേധിക്കപ്പെട്ടു. സാമൂഹിക മാധ്യമങ്ങളിലെ മോശമായ പ്രതികരണങ്ങള്‍ വേദനയുണ്ടാക്കി. അച്ഛന്‍ ജീവിച്ചിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു. ആത്മാഭിമാനത്തിനായി പോരാട്ടം തുടരും. വനിതാ ദിനത്തോടനുബന്ധിച്ച് ‘വി ദ വിമെന്‍ ഓഫ് ഏഷ്യ’ കൂട്ടായ്മയോടൊപ്പം ചേര്‍ന്ന് നടത്തിയ ‘ഗ്ലോബല്‍ ടൗണ്‍ ഹാള്‍’ പരിപാടിയില്‍ പങ്കെടുത്താണ് നടിയുടെ പ്രതികരണം. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്തിന്റെ ചോദ്യങ്ങള്‍ക്കാണ് നടി മറുപടി പറഞ്ഞത്.

◼️ഇടുക്കി ഗവണ്‍മെന്റ് എന്‍ജിനിയറിംഗ് കോളജില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കുടുംബത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ആവശ്യമായ പിന്തുണ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി ഫേസ്ബുക്കില്‍ കുറിക്കുകയും ചെയ്തു.

◼️കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെയുണ്ടായ അതിക്രമത്തിന് കോഴിക്കോട് നടക്കാവ് പോലീസ് കേസെടുത്തു. അപമര്യാദയായി പെരുമാറിയ വ്യക്തിക്കു പുറമേ, നടപടിയെടുക്കാതിരുന്ന കണ്ടക്ടര്‍ക്കെതിരേയും കേസുണ്ട്. വിവാദമായതോടെ കണ്ടക്ടര്‍ ജാഫര്‍ മാപ്പപേക്ഷിച്ചിരുന്നു.

◼️പാലക്കാട് ഉമ്മിനിയില്‍ തള്ളപ്പുലി ഉപേക്ഷിച്ച പുലിക്കുഞ്ഞ് ചത്തു. തൃശൂര്‍ അകമലയിലെ വനം വകുപ്പ് ചികിത്സാ കേന്ദ്രത്തില്‍ പരിചരണത്തില്‍ ആയിരുന്നു പുലിക്കുട്ടി. മണ്ണുത്തി വെറ്റിനറി കോളേജില്‍ കുഞ്ഞിന്റെ പോസ്റ്റ്മോര്‍ട്ടം നടക്കും.

◼️ചങ്ങനാശേരിയിലെ പുന്നമൂട്ടില്‍ നിയന്ത്രണം വിട്ട കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതികള്‍ മരിച്ചു. പുത്തന്‍പാലം സ്വദേശി ബൈജുവും (43) ഭാര്യ വിബിയുമാണു മരിച്ചത്.

◼️സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് യുവാവ് അടിയേറ്റു മരിച്ചു. കണ്ണൂര്‍ പഴയങ്ങാടിയില്‍ കെ.വി. വിപിനാണ് മരിച്ചത്. സഹോദരന്‍ വിനോദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

◼️കൊല്ലം കടയ്ക്കലില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവു വില്‍പ്പന നടത്തിയിരുന്ന യുവാവ് പിടിയിലായി. കുമ്മിള്‍ പാങ്ങലുകാട് സ്വദേശിയായ ആദര്‍ശ് ബാബുവാണ് അറസ്റ്റിലായത്. 260 ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.

◼️ബംഗാളിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎമ്മും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ രഹസ്യധാരണയുണ്ടായിരുന്നെന്ന് ബിജെപി. 108 മുനിസിപ്പാലിറ്റികളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഒന്നില്‍പ്പോലും ബിജെപിക്ക് ജയിക്കാനാകാത്തത് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും സിപിഎമ്മും രഹസ്യ ധാരണ ഉണ്ടാക്കിയതുകൊണ്ടാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് സുകാന്ത മജുംദാര്‍ ആരോപിച്ചു. ബംഗാളില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും അദ്ദേഹം ആരോപിച്ചു.

◼️യുക്രെയിനില്‍നിന്ന് ഒഴിപ്പിക്കുന്ന ഇന്ത്യന്‍ യത്നം വലിയ രാജ്യങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആയിരക്കണക്കിനു പേരെ ഇതിനോടകം ഒഴിപ്പിച്ചു കഴിഞ്ഞു. കൊവിഡിനെ കൈകാര്യം ചെയ്തതുപോലെ പുതിയ സാഹചര്യത്തെയും വിജയകരമായി നേരിടുകയാണെന്നും മോദി പറഞ്ഞു.

◼️യുക്രൈനിലെ കീവില്‍ വെടിയേറ്റു ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഹര്‍ജോത് സിങ്ങിനെ ഇന്ന് ഇന്ത്യയില്‍ തിരികെ എത്തിക്കും. കേന്ദ്ര മന്ത്രി വി.കെ സിങ്ങിനൊപ്പമാകും ഹര്‍ജോത് തിരിച്ചെത്തുക. മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വെടിയേറ്റ ശേഷവും പലതവണ ബന്ധപ്പെട്ടിട്ടും ഇന്ത്യന്‍ എംബസി സഹായമൊന്നും ചെയ്തില്ലെന്ന് ഹര്‍ജോത് ആരോപിച്ചിരുന്നു.

◼️യുക്രെയിനിലെ സുമിയില്‍ കുടുങ്ങിക്കിടക്കുന്ന 700 ഇന്ത്യക്കാരെ എത്രയും വേഗം തിരിച്ചെത്തിക്കുമെന്ന് യുക്രൈനിലെ ഇന്ത്യന്‍ എംബസി. അതേസമയം കിഴക്കന്‍ മേഖലകളിലുള്ളവരെ ഒഴിപ്പിച്ചു കൊണ്ടുവരാന്‍ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന ആവശ്യം ഇന്ത്യ ആവര്‍ത്തിച്ചു.

◼️ഓപ്പറേഷന്‍ ഗംഗ ദൗത്യത്തിലൂടെ 2,500 വിദ്യാര്‍ത്ഥികളെകൂടി ഇന്ത്യയിലെത്തിച്ചു. 13 വിമാനങ്ങളിലായാണ് ഇവരെ എത്തിച്ചത്. ഇതുവരെ പതിനാറായിരത്തോളം വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിച്ചു. പോളണ്ട്, സ്ളോവാക്യ, ഹംഗറി, റൊമാനിയ അതിര്‍ത്തികളില്‍നിന്ന് വ്യോമസേനയുടെ പ്രത്യേക വിമാനങ്ങളും ഭാഗമായി. ആക്രമണം രൂക്ഷമായ കാര്‍കീവ്, കീവ് മേഖലയില്‍നിന്നുള്ളവരാണ് തിരിച്ചെത്തിയവരില്‍ അധികവും.

◼️യുദ്ധം അവസാനിക്കണമെങ്കില്‍ യുക്രൈന്‍ പോരാട്ടം നിര്‍ത്തണമെന്ന വിചിത്ര ആവശ്യവുമായി റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിന്‍. റഷ്യയുടെ ആവശ്യങ്ങള്‍ യുക്രൈന്‍ അംഗീകരിക്കണമെന്നും തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗനുമായള്ള സംഭാഷണത്തില്‍ പുടിന്‍ ആവശ്യപ്പെട്ടു. ചര്‍ച്ചകളോടു യുക്രൈന്‍ ക്രിയാത്മകമായി ഇടപെടുമെന്നാണ് പ്രതീക്ഷയെന്നും ക്രെംലിന്‍ പ്രസ്താവനയില്‍ പറയുന്നു.

◼️റഷ്യയില്‍ ഭക്ഷ്യവസ്തുക്കള്‍ അടക്കമുള്ളവയുടെ വില്‍പനയ്ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി. യുദ്ധവും ഉപരോധവുംമൂലം പല ഇനങ്ങള്‍ക്കും ക്ഷാമമുണ്ടാകുമെന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

◼️റഷ്യ യുക്രെയിനിലെ ജനവാസ മേഖലകളിലേക്കും ആക്രമണം വ്യാപിപ്പിക്കുമെന്ന് ബ്രിട്ടീഷ് മിലിട്ടറി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഹാര്‍കീവ്, ചെര്‍നിഹിവ്, മരിയാപോള്‍ എന്നീ നഗരങ്ങളില്‍ ജനവാസ മേഖലകളില്‍ ആക്രമണം നടത്തുമെന്നാണു റിപ്പോര്‍ട്ട്.

◼️യുക്രെയിനിലെ വിനിട്സ്യ വിമാനത്താവളം റഷ്യ തകര്‍ത്തു. എട്ടു റോക്കറ്റുകള്‍ ഉപയോഗിച്ചാണ് വിമാനത്താവളം തകര്‍ത്തതെന്ന് യുക്രെയിന്‍ പ്രസിഡന്റ് വ്ളോഡ്മിര്‍ സെലെന്‍സ്‌കി പറഞ്ഞു. റഷ്യന്‍ അധിനിവേശം പതിനൊന്നു ദിവസം പിന്നിടുമ്പോള്‍ യുക്രെയിനിലെ പ്രധാന നഗരങ്ങളെല്ലാം തകര്‍ത്ത നിലയിലാണ്. യുക്രെയിനെ വ്യോമനിരോധന മേഖലയായി പ്രഖ്യാപിക്കണമെന്ന് സെലന്‍സ്‌കി ആവശ്യപ്പെട്ടു.

◼️റഷ്യന്‍ അധിനിവേശത്തെത്തുടര്‍ന്ന് പത്തു ദിവസത്തിനിടെ യുക്രെയിനില്‍നിന്ന് അയല്‍ രാജ്യങ്ങളിലേക്കു പലായനം ചെയ്തവരുടെ എണ്ണം 15 ലക്ഷം കടന്നെന്ന് ഐക്യരാഷ്ട്രസഭ. ശനിയാഴ്ച മാത്രം 1,29,000 പേരാണു യുക്രെയിന്‍നിന്നു ജീവനുംകൊണ്ടോടിയത്. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രതിസന്ധിയാണ് യൂറോപ്പിലുള്ളതെന്നും യുഎന്‍ ചൂണ്ടിക്കാട്ടി.

◼️സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ട പൊടിക്കാറ്റ് അടുത്ത ദിവസങ്ങളിലും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ ദിവസമുണ്ടായ പൊടിക്കാറ്റില്‍ റിയാദ് മേഖലയില്‍ 182 വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

◼️ഐപിഎല്‍ പതിനഞ്ചാം സീസണിന്റെ മല്‍സരങ്ങള്‍ മാര്‍ച്ച് 26 മുതല്‍ മേയ് 29 വരെ. മുംബൈയിലും പുനെയിലുമായി 65 ദിവസം നടക്കുന്ന മത്സരങ്ങളുടെ ഷെഡ്യൂള്‍ ബിസിസിഐ പുറത്തിറക്കി. 70 ലീഗ് മത്സരങ്ങളും നാല് പ്ലേ ഓഫ് കളികളും ഉണ്ടാകും. ആദ്യമല്‍സരം മാര്‍ച്ച് 26ന് വാംഖഢെയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലാണ്. 12 ദിവസങ്ങളില്‍ രണ്ടു മത്സരങ്ങള്‍ നടക്കും. ആദ്യ മത്സരം ഇന്ത്യന്‍സമയം ഉച്ചകഴിഞ്ഞ് 3.30നും രണ്ടാം മത്സരം രാത്രി 7.30 നുമാണ്. ലീഗ് ഘട്ടം മെയ് 22 ന് വാംഖഢെയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- പഞ്ചാബ് കിംഗ്‌സ് മത്സരത്തോടെ അവസാനിക്കും. മെയ് 29 നാണ് കലാശപ്പോര്.

◼️ഐഎസ്എല്‍ സീസണിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില. തകര്‍പ്പന്‍ കളി പുറത്തെടുത്ത ഗോവയ്‌ക്കെതിരേ ബ്ലാസ്റ്റേഴ്‌സ് സമനിലയുമായി രക്ഷപ്പെടുകയായിരുന്നു. എട്ടു ഗോള്‍ പിറന്ന മത്സരത്തില്‍ ഇരു ടീമും നാലു ഗോള്‍ വീതം നേടി. ഗോവയ്ക്കായി ഐറം കബ്രേറ ഹാട്രിക്ക് നേടി.

◼️മൊഹാലി ടെസ്റ്റില്‍ ശ്രീലങ്കയെ ഇന്നിങ്‌സിനും 222 റണ്‍സിനും തകര്‍ത്ത് ഇന്ത്യ. മത്സരത്തില്‍ സെഞ്ചുറിയും ഒമ്പത് വിക്കറ്റുമായി തിളങ്ങിയ രവീന്ദ്ര ജഡേജയുടെ മികവിലാണ് ഇന്ത്യ ലങ്കയെ തകര്‍ത്തത്. ഇതോടെ രണ്ടു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.

◼️കേരളത്തില്‍ ഇന്നലെ 25,325 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 1,408 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ 14,153 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. രാജ്യത്ത് ഇന്നലെ 3127 കോവിഡ് രോഗികള്‍. നിലവില്‍ 54,941 കോവിഡ് രോഗികള്‍. ആഗോളതലത്തില്‍ ഇന്നലെ പന്ത്രണ്ട് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. നിലവില്‍ 6.09 കോടി കോവിഡ് രോഗികള്‍.

◼️അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കെ.ടി.ഡി.സിയുടെ റിസോര്‍ട്ടുകളില്‍ വനിതകള്‍ ഉള്‍പ്പെടുന്ന റൂം ബുക്കിംഗില്‍ 50 ശതമാനം കിഴിവും കോംപ്ലിമെന്ററി ഡിന്നറും നല്‍കുന്നു. പ്രീമിയം റിസോര്‍ട്ടുകളായ ബോള്‍ഗാട്ടി(കൊച്ചി), ടീകൗണ്ടി(മൂന്നാര്‍), വാര്‍ട്ടര്‍സ്‌കേപ്സ്(കുമരകം), സമുദ്ര(കോവളം), ആരണ്യനിവാസ്, ലേക്ക്പാലസ്(തേക്കടി), മാസ്‌ക്കറ്റ് ഹോട്ടല്‍(തിരുവനന്തപുരം) എന്നിവിടങ്ങളിലും ബഡ്ജറ്റ് റിസോര്‍ട്ടുകളായ ഗോള്‍ഡന്‍പീക്ക്(പൊന്മുടി), പെരിയാര്‍ഹൗസ് (തേക്കടി), സുവാസം കുമരകം ഗേറ്റ്വേ റിസോര്‍ട്ട്(തണ്ണീര്‍മുക്കം), ഗ്രാന്‍ഡ് ചൈത്രം(തിരുവനന്തപുരം), പെപ്പര്‍ ഗ്രോവ്(സുല്‍ത്താന്‍ ബത്തേരി), റിപ്പിള്‍ലാന്‍ഡ്(ആലപ്പുഴ), ഫോക്ക്‌ലാന്‍ഡ്(പറശിനിക്കടവ്), ലൂംലാന്‍ഡ്(കണ്ണൂര്‍), നന്ദനം(ഗുരുവായൂര്‍), ഗാര്‍ഡന്‍ഹൗസ് (മലമ്പുഴ) എന്നിവിടങ്ങളിലുമാണ് ഓഫറുള്ളത്. കൂടാതെ, കെ.ടി.ഡി.സിയുടെ റസ്റ്റോറന്റുകളില്‍ വനിതകളോടൊപ്പം വരുന്നവര്‍ക്കും 20ശതമാനം കിഴിവ് ഭക്ഷണത്തിന് നല്‍കും. മാര്‍ച്ച് 6 മുതല്‍ തുടങ്ങിയ ഓഫര്‍ 12വരെ ലഭിക്കും. ബുക്കിംഗിന്: ഫോണ്‍: 9400008585, 0471- 2316736, 2725213.

◼️രാജ്യത്ത് ജീവന്‍രക്ഷാ മരുന്നുകളുടെ വില കുത്തനെ ഉയര്‍ന്നേക്കും. ഷെഡ്യൂള്‍ഡ് മരുന്നുകളുടെ (വില നിയന്ത്രണമുള്ള) 10 ശതമാനം ആണ് ഉയര്‍ത്തുക. പ്രൈസിംഗ് റെഗുലേറ്ററി നിലവില്‍ വന്ന ശേഷം ആദ്യമായാണ് ഇത്രയും വലിയ വിലവര്‍ധനവ് ഉണ്ടാകുന്നത്. പുതുക്കിയ വില ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരും. രാജ്യത്തെ എണ്ണൂറോളം മരുന്നുകളെ വില വര്‍ധനവ് ബാധിക്കും. ഹോള്‍സെയില്‍ വില വര്‍ധനവ് ചൂണ്ടിക്കാട്ടിയാണ് മരുന്നുകളുടെ വില ഉയര്‍ത്തുന്നത്. ആന്റിബയോട്ടിക്കുകള്‍, പ്രമേഹ രോഗികള്‍ക്കുള്ള മരുന്നുകള്‍ തുടങ്ങി പാരസിറ്റമോളിന് വരെ വിലക്കൂടും. ആഭ്യന്തര വിപണിയിലെ ആകെ വില്‍പ്പനയുടെ 17-18 ശതമാനമാണ് ഷെഡ്യൂള്‍ഡ് മരുന്നുകള്‍. ഏകദേശം 1.6 ട്രില്യണ്‍ രൂപയുടെ മരുന്ന് വിപണിയാണ് ഇന്ത്യയിലേത്.

◼️മമ്മൂട്ടി-അമല്‍ നീരദ് കൂട്ടുകെട്ടിലെത്തിയ ഭീഷ്മപര്‍വം ചരിത്ര വിജയം നേടി ഇപ്പോഴും ഹൗസ്ഫുള്‍ ആയി തുടരുകയാണ്. ഇപ്പോഴിതാ സിനിമയുടെ ഓസ്‌ട്രേലിയ-ന്യൂസീലന്‍ഡ് രാജ്യങ്ങളിലെ റിലീസിന്റെ അവകാശം റെക്കോര്‍ഡ് തുകയ്ക്ക് വിറ്റുപോയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു മലയാള സിനിമക്ക് ഇതുവരെ ലഭിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ കോപ്പി റൈറ്റ് തുകയാണ് ഭീഷ്മപര്‍വത്തിന് ലഭിച്ചതെന്ന് അണിയറക്കാര്‍ അവകാശപ്പെടുന്നു. എംകെഎസ് ഗ്രൂപ്പാണ് സ്വപ്നവിലയ്ക്ക് ഓവര്‍ സീസ് റൈറ്റ് സ്വന്തമാക്കിയിരിക്കുന്നത്.

◼️നായിക നായകന്‍ പരിപാടിയിലെ വിജയികളെ കഥാപാത്രങ്ങളാക്കി സംവിധായകന്‍ ലാല്‍ ജോസ് ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. ‘സോളമന്റ് തേനീച്ചകള്‍’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കണ്ണിലെ കൃഷ്ണമണിയില്‍ തേനീച്ച കുത്തുന്നതാണ് ടൈറ്റില്‍ പോസ്റ്റര്‍. ചിത്രത്തില്‍ സോളമന്‍ എന്ന കേന്ദ്ര കഥാപാത്രമായി എത്തുന്നത് ജോജു ജോര്‍ജ് ആണ്. ജോജുവിന് ഒപ്പം ജോണി ആന്റണിയും ഒരു പ്രധാനവേഷം ചെയ്യുന്നുണ്ട്. ഇവരെ കൂടാതെ മഴവില്‍ മനോരമയിലെ നായിക നായകന്‍ ഷോയിലെ വിജയികളും കഥാപാത്രങ്ങളായി എത്തുന്നു. പി ജി പ്രഗീഷ് ആണ് ചിത്രത്തിന്റെ രചന.

◼️പുതിയ മാറ്റങ്ങളോടെ യമഹയുടെ 50 സിസി കുഞ്ഞന്‍ സ്‌കൂട്ടര്‍ വിനോ വിപണിയിലെത്തി. ബോണി ബ്ലൂ, മാറ്റ് ആര്‍മര്‍ഡ് ഗ്രീന്‍ മെറ്റാലിക് എന്നീ രണ്ട് പുതിയ കളര്‍ ഓപ്ഷനുകളും യമഹ സമ്മാനിച്ചിട്ടുണ്ട്. ഈ പുതിയ നിറങ്ങള്‍ക്കൊപ്പം യമഹ വിനോ സ്‌കൂട്ടറിന് ഇപ്പോള്‍ ആകെ ആറ് കളര്‍ ഓപ്ഷനുകളുണ്ട്. പുതിയ കളര്‍ ഓപ്ഷനുകള്‍ ഒഴികെ, യമഹ വിനോ 50 സിസി സ്‌കൂട്ടറില്‍ മറ്റ് മാറ്റങ്ങളൊന്നുമില്ല. ജപ്പാനില്‍ യമഹ വിനോ 203,500 യെന്‍ (ഏകദേശം 1.33 ലക്ഷം രൂപ) മുതല്‍ വില ആരംഭിക്കുന്നു.

◼️മലയാള കഥാസാഹിത്യത്തില്‍ പുതിയ ഭാവുകത്വം സൃഷ്ടിച്ചവരില്‍ പ്രമുഖനാണ് സന്തോഷ് ഏച്ചിക്കാനം. പുരോഗമനാത്മകമായ നിലപാടുകളിലൂടെ പ്രത്യാശ്യാഭരിതമായ അന്തരീക്ഷത്തിലേക്ക് നയിക്കുന്നവയാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥകള്‍. കുട്ടികളില്‍ മലയാളത്തിലെ എഴുത്തുകാരുടെ കഥാലോകത്തെ പരിചയപ്പെടുത്തിക്കൊണ്ട് വായനാശീലം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത പരമ്പരയാണ് കഥാമാലിക. ‘മഞ്ഞു മനുഷ്യന്‍’. ഡിസി ബുക്സ്. വില 135 രൂപ.

◼️അമിതവണ്ണവുമായി ബന്ധപ്പെട്ട് പലപ്പോഴും ഉപയോഗിക്കുന്ന ഒരു പദമാണ് ബോഡി മാസ് ഇന്‍ഡക്സ് അഥവാ ബിഎംഐ. ഒരാള്‍ക്ക് ഭാരം കുറവാണോ, സാധാരണ ഭാരമാണോ, അമിതഭാരമുണ്ടോ, അമിതവണ്ണമുണ്ടോ എന്ന് നിര്‍ണ്ണയിക്കാനുള്ള അളവുകോലായാണ് ഇത് ഉപയോഗിക്കുന്നത്. ബിഎംഐ കൂടുമ്പോഴാണ് പൊണ്ണത്തടി എന്ന അവസ്ഥയിലെത്തുന്നത്. പൊണ്ണത്തടി എന്നത് തന്നെ ഒരു രോഗമാണ്. കൂടാതെ ഹൃദയം-കരള്‍, വൃക്ക സന്ധികള്‍, നാഡീവ്യൂഹം എന്നിവയിലെ അനുബന്ധ പ്രശ്നങ്ങളും ഇതുവഴി ഉണ്ടാകും. ഹൃദയ ധമനികളിലാണ് ആദ്യത്തെ ക്ഷതം സംഭവിക്കുന്നത്. ഇവിടെ ഫാറ്റി സ്ട്രീക്കുകള്‍ രൂപപ്പെടുകയും രക്തധമനികള്‍ ചുരുങ്ങുന്ന ആതറോസ്‌ക്ലറോസിസ് എന്ന രോഗത്തിനും കാരണമാകും. 18നും 25നും ഇടയില്‍ പ്രായമുള്ളവരിലടക്കം ഇത്തരം പ്രശ്നങ്ങള്‍ സംഭിവിക്കും. കൊളസ്ട്രോള്‍, ഫാറ്റി ആസിഡുകള്‍, അമിത ട്രൈഗ്ലിസറൈഡുകള്‍ എന്നിവ ഹൈപ്പര്‍ടെന്‍ഷന്‍ അടക്കമുള്ള പ്രശ്നങ്ങളിലേക്ക് നയിക്കും. ഉദാസീനമായ ജീവിതശൈലിയാണ് ഇതിന്റെ പ്രധാന കാരണം. ബ്ലോക്ക് കാരണമോ രക്താതിമര്‍ദ്ദം മൂലമോ ഹൃദയസ്തംഭനം ഉണ്ടാകാം. കൂടാതെ, പൊണ്ണത്തടിയുള്ളവരില്‍ ഇന്‍സുലിന്‍ പ്രതിരോധം സാധാരണമാണ്. പ്രമേഹവുമായി ബന്ധപ്പെട്ട ന്യൂറോപ്പതി വേദന അനുഭവപ്പെടുന്നത് കുറയ്ക്കുമെന്നതിനാല്‍ രോ?ഗലക്ഷണങ്ങള്‍ അറിയാതെപോകാനും ഇടയുണ്ട്. പല പ്രമേഹരോഗികള്‍ക്കും സൈലന്റ് ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകാറുണ്ട്.

*ശുഭദിനം*

ആ കര്‍ഷകന്‍ തന്റെ ഗ്രാമത്തിലുള്ള ആശ്രമത്തില്‍ ഒരു കുട്ട മുന്തിരിയുമായി എത്തി. ആശ്രമമണിയടിച്ചപ്പോല്‍ വാതില്‍ തുറന്ന സന്ന്യാസിയ്ക്ക് അദ്ദേഹം മുന്തിരി നിറച്ച കുട്ട നല്‍കി. അത് ആശ്രമാധിപനുള്ള സമ്മാനമാണെന്ന് ധരിച്ച് അദ്ദേഹം അത് ആശ്രമാധിപനെ ഏല്‍പ്പിച്ചു. പ്രായം ചെന്ന് കിടപ്പിലായ സന്യാസിക്കാണല്ലോ ഈ പഴങ്ങള്‍ കൂടുതല്‍ ആവശ്യമെന്ന് കരുതി അദ്ദേഹം അത് ആ വയോധികനായ സന്യാസിക്ക് നല്‍കി. വയോധികനായ സന്യാസി ആ മുന്തിരി കിട്ടിയപ്പോള്‍ അത് പാചകക്കാരനായ സന്യാസിക്ക് നല്‍കികൊണ്ട് പറഞ്ഞു: എനിക്ക് മൂന്ന് നേരവും ഭക്ഷണം താങ്കളാണ് നല്‍കുന്നത്. ഇത് താങ്കള്‍ക്കുള്ളതാണ്. ആ സമ്മാനം വാങ്ങി തിരികെ വരുമ്പോള്‍ പാചകക്കാരന്‍ സന്യാസി കണ്ടത് കാവല്‍ നില്‍ക്കുന്ന സന്യാസിയെയാണ്. ആശ്രമത്തില്‍ ചേരാന്‍ പാതിമനസ്സോടെ എത്തിയ താന്‍ തീരുമാനം ഉറപ്പിച്ചത് അന്ന് വാതില്‍ തുറന്നുതന്ന ആ സന്യാസിയിലൂടെയാണ്. അതിനാല്‍ ഈ മുന്തിരി അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്. പാചകക്കാരന്‍ സന്യാസി അത് കാവല്‍ നില്‍ക്കുന്ന സന്യാസിയെ സന്തോഷത്തോടെ ആ കുട്ട മുന്തിരി ഏല്‍പ്പിച്ചു. അങ്ങനെ ഒടുവില്‍ മുന്തിരി ആ കാവല്‍ക്കാരന്റെ കയ്യില്‍ തന്നെ വന്നെത്തി നമ്മള്‍ ഒഴുക്കിവിടുന്നതെന്തും നമ്മളിലേക്ക് തന്നെ വന്നെത്തും. അത് നന്മയായാലും, തിന്മയായാലും. എല്ലാ കര്‍മ്മങ്ങള്‍ക്കും ചാക്രിക സ്വഭാവമുണ്ട്. തൊടുത്തുവിടുന്നതെല്ലാം മറ്റാരിലൂടെയെങ്കിലും സഞ്ചരിച്ച് അവസാനം അവനവനിലേക്ക് തന്നെ തിരിച്ചെത്തും. ഇതാണ് കര്‍മ്മഫലമെന്നതിന്റെ വിശദീകരണം. നല്ലത് ചെയ്യുന്നവര്‍ക്ക് ലഭിക്കുന്നതെല്ലാം നല്ലതായിരിക്കും എന്ന് അതിനര്‍ത്ഥമില്ല. പക്ഷേ, ഏത് അശുദ്ധിയേയും നിര്‍വീര്യമാക്കാനുള്ള വിശുദ്ധിയുള്ളതിനാല്‍ അവരില്‍ വന്നുചേരുന്ന വിപത്തുക്കള്‍ പോലും ആത്യന്തികമായി അവരില്‍ നന്മ ചൊരിയും. അതുപോലെ, ദുഷ്‌കര്‍മ്മങ്ങളുടെ ആള്‍രൂപങ്ങളില്‍ നന്മയുടെ എത്ര വെളിച്ചം വീശിയാലും, ദുഷ്ടതയുടെ പ്രതിരോധഭിത്തിയില്‍ തട്ടി അത് ചിതറിത്തെറിച്ചുപോവുകതന്നെ ചെയ്യും. സൗഖ്യവും സന്തോഷവും വ്യക്തിപരമായി തന്നെ അവശേഷിക്കും. എന്നാല്‍ അസുഖകരമായവയ്ക്ക് അസാധാരണമായ വ്യാപനശേഷിയുണ്ട്. തന്നിലേക്ക് വരുന്ന തിന്മ തന്നില്‍ തന്നെ അവസാനിക്കുന്നുവെന്നും, തന്നിലേക്കെത്തുന്ന നന്മ പലമടങ്ങായി ശക്തിപ്രാപിച്ച് പലരിലേക്കും പരക്കുന്നുണ്ടെന്നും നമുക്ക് ഉറപ്പുവരുത്താം. നമുക്കും നന്മയുടെ സഞ്ചാരപഥത്തിലെ കണ്ണികളായി മാറാം –

 

Leave a Reply

Your email address will not be published. Required fields are marked *