ഓപറേഷൻ ഗംഗ: ഇന്ന് ആയിരത്തിലധികം പേരെ തിരികെ എത്തിക്കും, വ്യോമസേന വിമാനം രാത്രിയെത്തും
യുദ്ധം രൂക്ഷമായ യുക്രൈനിൽ നിന്ന് ആയിരത്തിലധികം പേരെ ഇന്ന് ഡൽഹിയിൽ എത്തിക്കുമെന്ന് കേന്ദ്രസർക്കാർ. ഇന്നലെ ഖാർകീവിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടതിന് പിന്നാലെ രക്ഷാ ദൗത്യത്തിന്റെ വേഗത കേന്ദ്രസർക്കാർ വർധിപ്പിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയാകുമ്പോഴേക്കും മൂന്ന് വിമാനങ്ങൾ യുക്രൈൻ അതിർത്തി രാജ്യങ്ങളിൽ നിന്നായി ഡൽഹിയിൽ എത്തിയിട്ടുണ്ട്
രാവിലെ പോളണ്ടിൽ നിന്നുള്ള വിമാനമാണ് ആദ്യമെത്തിയത്. ഹംഗറി, ബുഡാപെസ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളും പിന്നാലെ എത്തി. ബുക്കാറസ്റ്റിൽ നിന്നുള്ള വിമാനം ഉച്ചയോടെ ഡൽഹിയിൽ എത്തുമെന്നും കേന്ദ്രം അറിയിച്ചു. രാത്രിയിൽ റൊമാനിയ, ഹംഗറി, പോളണ്ട്, സ്ലോവാക്യ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളും ഡൽഹിയിൽ എത്തുന്നുണ്ട്
രക്ഷാദൗത്യത്തിൽ വ്യോമസേനയുടെ വിമാനവും പങ്കെടുക്കുന്നുണ്ട്. വ്യോമസേനയുടെ ആദ്യ വിമാനം രാത്രി 11 മണിയോടെ ഹിൻഡൻ വിമാനത്താവളത്തിൽ എത്തും. രാവിലെ നാല് മണിയോടെയാണ് വ്യോമസേനാ വിമാനം ബുക്കാറസ്റ്റിലേക്ക് പോയത്. ഇന്നും നാളെയും മറ്റന്നാളുമായി 26 വിമാനങ്ങളിലാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.