റഷ്യൻ ആക്രമണം: കീവിൽ നിന്ന് ജനങ്ങളുടെ കൂട്ടപ്പലായനം, മെട്രോ സ്‌റ്റേഷനുകളിൽ ജനക്കൂട്ടം
യുക്രൈനിൽ റഷ്യ ആക്രമണം ആരംഭിച്ചതിന് പിന്നാലെ യുക്രൈൻ തലസ്ഥാനമായ കീവിൽ നിന്ന് ജനങ്ങളുടെ കൂട്ടപ്പലായനം. നഗരത്തിലെ ഭൂഗർഭ മെട്രോ സ്‌റ്റേഷനുകളിലും മറ്റ് കേന്ദ്രങ്ങളിലുമായി രക്ഷപ്പെടാനായി ജനക്കൂട്ടം തമ്പടിച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ റഷ്യ ബോംബാക്രമണം ആരംഭിച്ചതിന് പിന്നാലെ നിരവധി പേരാണ് മെട്രോ സ്‌റ്റേഷനുകളിലെത്തിയത്.
കീവ് നഗരത്തിൽ നിന്ന് പുറത്തേക്ക് പോകുന്ന റോഡുകളിലെല്ലാം വലിയ തിരക്കാണ്. രൂക്ഷമായ ഗതാഗത കുരുക്ക് റോഡുകളിൽ അനുഭവപ്പെടുന്നുണ്ട്. കീവിലെയും ഒഡേസയിലെയും പെട്രോൾ പമ്പുകളിലും എടിഎം കൗണ്ടറുകൾക്ക് മുന്നിലും നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു.
ആക്രമണമുണ്ടായാൽ മെട്രോ സ്‌റ്റേഷനിൽ ജനങ്ങൾക്ക് സുരക്ഷിത താവളം ഒരുക്കാൻ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കിയതായി കീവ് മേയർ അറിയിച്ചിരുന്നു. ഇതോടെയാണ് ജനങ്ങൾ മെട്രോ സ്‌റ്റേഷനുകളിൽ തമ്പടിച്ചത്.