Friday, January 10, 2025
Kerala

ഒന്നിൽ കൂടുതൽ മരണങ്ങൾ നടക്കുമ്പോൾ അത് അക്കങ്ങൾ മാത്രമായി മാറുകയാണ്; തലശ്ശേരി കൊലപാതകത്തിൽ അപലപിച്ച് ഗവർണർ

 

തലശ്ശേരി പുന്നോലിൽ സിപിഐഎം പ്രവർത്തകൻ കൊരമ്പിൽ ഹരിദാസിന്റെ കൊലപാതകത്തിൽ അപലപിച്ച് ഗവർണർ മുഹമ്മദ് ആരിഫ് മുഹമ്മദ് ഖാൻ.

‘ഒരു ജീവൻ നഷ്ടമാകുക എന്നത് ദുഃഖകരമാണ്. ഒന്നിൽ കൂടുതൽ മരണങ്ങൾ നടക്കുമ്പോൾ അത് അക്കങ്ങൾ മാത്രമായി മാറുകയാണ്. നിഷ്‌കളങ്കരായവർക്ക് ജീവൻ വഷ്ടപ്പെടുന്നത് ദൗർഭാഗ്യകരമാണ്’- ഗവർണർ പറഞ്ഞു.

കൊല്ലപ്പെട്ട ആളിന്റെ കുടുംബത്തിന് പിന്തുണ നൽകുന്നു. സുരക്ഷാ സംവിധാനങ്ങൾ ദ്രുതഗതിയിൽ പ്രവർത്തിക്കും എന്ന് പ്രതീക്ഷിക്കുന്നു. ഇത്തരം സംഭവങ്ങൾ ഉണ്ടാകാത്ത രീതിയിൽ കൂടുതൽ ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു.

പുലർച്ചെ ഒന്നരയോടെയാണ് ഹരിദാസ് കൊല്ലപ്പെട്ടത്. രണ്ട് ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണം തടയാൻ ശ്രമിച്ച സഹോദരനും വെട്ടേറ്റു. മത്സ്യത്തൊഴിലാളിയാണ് ഹരിദാസ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് എത്തുന്നതിനു തൊട്ടുമുൻപാണ് ആക്രമണം നടന്നത്.

ഹരിദാസിന്റെ മൃതദേഹം ന്യൂ മാഹി പുന്നോലിലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസിലും തുടർന്ന് പുന്നോലിലും പൊതു ദർശനത്തിന് വെച്ച ശേഷമാണ് മൃതദേഹം സംസ്‌കരിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *