പ്രഭാത വാർത്തകൾ
🔳 മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ക്കുള്ള പെന്ഷന് നിര്‍ത്തില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഗവര്‍ണറുമായി ഒരു പ്രശ്നവുമില്ല. നിയമസഭാ സമ്മേളനത്തിനു തലേന്ന് മുഖ്യമന്ത്രി ഗവര്‍ണറെ കാണാന്‍ പോയതു സ്വാഭാവിക നടപടിയാണ്. പൊതുഭരണ സെക്രട്ടറിയെ മാറ്റാന്‍ ഗവര്‍ണര്‍ പറഞ്ഞിട്ടില്ല. ഗവര്‍ണര്‍ സ്വീകരിച്ച നടപടി അദ്ദേഹം തന്നെ പിന്നീട് തിരുത്തിയെന്നും കോടിയേരി പറഞ്ഞു.
🔳സംസ്ഥാന സര്‍ക്കാരിനെ ശത്രുസ്ഥാനത്തല്ല കാണുന്നതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സര്‍ക്കാര്‍ എന്റേതാണ്. അവര്‍ക്ക് എന്റെ എല്ലാ പിന്തുണയും പരിഗണനയുമുണ്ട്. എന്നാല്‍ ഒരു കാര്യം ശരിയല്ലെന്ന് കുടുംബാംഗങ്ങളോട് കുടുംബനാഥന് പറയുന്നതില്‍ എന്താണ് തെറ്റ്? ഗവര്‍ണര്‍ മാധ്യമപ്രവര്‍ത്തകരോടു ചോദിച്ചു.
🔳സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ഇന്നു മുതല്‍ പൂര്‍ണതോതില്‍. 47 ലക്ഷം വിദ്യാര്‍ഥികള്‍ സ്കൂളുകളിലെത്തും. ക്ലാസുകള്‍ ഇന്നു മുതല്‍ വൈകുന്നേരം വരെ. നിശ്ചിത സമയത്തു പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കി പരീക്ഷ നടത്താനാണു വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. സ്കൂളിലേക്കുള്ള യാത്രയിലും സ്കൂളിലും സുരക്ഷാ ജാഗ്രത വേണമെന്ന ഉപദേശത്തോടെയാണ് ക്ലാസുകള്‍ പൂര്‍ണതോതിലാക്കുന്നത്.
🔳കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. പുന്നോല്‍ സ്വദേശിയായ മല്‍സ്യത്തൊഴിലാളി ഹരിദാസാണ് കൊല്ലപ്പെട്ടത്. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊല നടത്തിയതെന്ന് സിപിഎം ആരോപിച്ചു. ന്യൂ മാഹിക്കു സമീപം ഇന്നു പുലര്‍ച്ചെ രണ്ടിനു രണ്ടു ബൈക്കുകളില്‍ എത്തിയവരാണ് കൊലനടത്തിയത്.
🔳റഷ്യ ഏതു നിമിഷവും യുക്രെയിന് ആക്രമിച്ചേക്കുമെന്ന് ആവര്‍ത്തിച്ച് അമേരിക്ക. അമേരിക്കന്‍ ദേശീയ സുരക്ഷാ സംഘം സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം വിവരങ്ങള്‍ പ്രസിഡന്റ് ജോ ബൈഡനെ ധരിപ്പിച്ചെന്നു വൈറ്റ് ഹൗസ് വെളിപ്പെടുത്തി. അതിര്‍ത്തിയില്‍ തങ്ങള്‍ നടത്തുന്നതു സൈനികാഭ്യാസം മാത്രമാണെന്നാണു റഷ്യയുടെ പ്രതികരണം.
🔳റഷ്യ ആക്രമിക്കാനുള്ള സാധ്യതകള്‍ തുടരുന്നതിനാല്‍ യുക്രെയിനിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാര്‍ തിരിച്ചുവരണമെന്ന് വിദേശകാര്യമന്ത്രാലയം. താമസം അനിവാര്യമല്ലാത്ത എല്ലാവരും യുക്രൈന് വിടണമെന്നാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം നിര്‍ദ്ദേശിച്ചത്. പ്രത്യേക വിമാന സര്‍വ്വീസുകള്‍ ആരംഭിച്ചിട്ടുണ്ട്.
🔳ബിജെപി വിരുദ്ധ മുന്നണി രൂപീകരിക്കാനുള്ള തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ ശ്രമങ്ങള്‍ക്കു പിന്തുണയുണ്ടാകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ. ഉദ്ധവ് താക്കറെയുമായും എന്‍സിപി നേതാവ് ശരത് പവാറുമായും കെസിആര്‍ കൂടിക്കാഴ്ച നടത്തി. കൂടുതല്‍ പാര്‍ട്ടികളുടെ നേതാക്കളുമായി ചര്‍ച്ച തുടരുമെന്ന് ചന്ദ്രശേഖര്‍ റാവു വ്യക്തമാക്കി.
🔳കോട്ടയം ജില്ലാ ആശുപത്രിയില്‍നിന്ന് രക്ഷപ്പെട്ട പോക്സോ കേസിലെ പ്രതി ബാംഗ്ലൂരില്‍ പിടിയില്‍. മുണ്ടക്കയം സ്വദേശി ബിജീഷ് ആണ് പിടിയിലായത്. കഴിഞ്ഞ നവംബര്‍ 24 ന് മെഡിക്കല്‍ പരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ബിജീഷ് രക്ഷപ്പെട്ടത്.
🔳സംസ്ഥാനത്തെ മോട്ടോര്‍ വാഹന വകുപ്പിലെ മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ നാളെ പണിമുടക്കും. ടെക്നിക്കല്‍ തസ്തികകളിലേക്കുള്ള പ്രമോഷനുള്ള സാധ്യത ഇല്ലാതാക്കിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണു പണിമുടക്ക്.
🔳പാലക്കാട് കുഴല്‍മന്ദത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് യുവാക്കള്‍ മരിച്ച സംഭവത്തില്‍ യുവജന കമ്മീഷന് തെളിവെടുപ്പ് നടത്തി. അപകടത്തില്‍ മരിച്ച ആദര്‍ശിന്റെ വീട്ടിലെത്തി കുടുംബാഗംങ്ങളുടെ മൊഴിയെടുത്തു. ഡ്രൈവര്‍ക്കു വീഴ്ച സംഭവിച്ചെന്നാണു ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെ പ്രാഥമികമായി മനസിലാക്കിയതെന്ന് കമ്മീഷന് അംഗം അഡ്വ. ടി മഹേഷ് പറഞ്ഞു.
🔳തൃശൂരില്‍ യുവതിയെ ഹോട്ടല്‍ മുറിയില്‍ കെട്ടിയിട്ട് ബലാല്സംഗംചെയ്തെന്ന കേസില്‍ പ്രതി അറസ്റ്റില്‍. പുതുക്കാട് സ്വദേശി എ ലെനിനാണ് അറസ്റ്റിലായത്. പട്ടയമില്ലാത്ത ഭൂമിയ്ക്കു വായ്പ തരപ്പെടുത്താമെന്നു വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണു കണ്ണൂര്‍ സ്വദേശിനിയായ 38 കാരിയുടെ പരാതി. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം.
🔳കിഴക്കമ്പലത്ത് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ച ദീപുവിന്റെ കുടുംബത്തെ ട്വന്റി ട്വന്റി പ്രസ്ഥാനം ഏറ്റെടുക്കുന്നതായി പാര്‍ട്ടി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്. ദീപുവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
🔳കൊച്ചി വിമാനത്താവളത്തില്‍ ഒരു കോടിയോളം രൂപ വിലവരുന്ന 1.9 കിലോ സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി. എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശികളായ സിദ്ധാര്‍ഥ് മധുസൂദനന്, നിതിന്‍ ഉണ്ണികൃഷ്ണന് എന്നിവരില്‍ നിന്നാണ് സ്വര്‍ണ്ണം പിടിച്ചത്. ഇരുവരേയും കസ്റ്റംസ് അറസ്റ്റ് ചെയ്തു.
🔳യാത്രക്കാരെ ആക്രമിച്ച് ചാലക്കുടിയില്‍നിന്നു തട്ടികൊണ്ടുപോയ കാര്‍ മാളയില്‍ കണ്ടെത്തി. മാള കോള്ക്കുന്നില് ആളൊഴിഞ്ഞ വഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കാര്‍. മൂവാറ്റുപുഴയിലെ വസ്ത്ര വ്യാപാരികള്‍ സഞ്ചരിച്ച എര്‍ട്ടിഗ കാറാണു ഒരു സംഘം തട്ടിയെടുത്തത്. മറ്റൊരു കാറിലെത്തിയ അക്രമി സംഘം കാര്‍ തടഞ്ഞ് ചുറ്റിക കൊണ്ട് ഡ്രൈവര്‍ ഇരിക്കുന്ന ഭാഗത്തെ ചില്ല് അടിച്ചു തകര്‍ത്തു. യാത്രക്കാരെ മര്‍ദ്ദിച്ചശേഷമാണ് കാര്‍ തട്ടിയെടുത്തത്. കുഴല്‍പ്പണം കവര്‍ച്ച ചെയ്യുന്ന സംഘമാണ് കാര്‍ തട്ടിയെടുത്തതെന്നു പൊലീസ് സംശയിക്കുന്നു.
🔳മലപ്പുറം ജില്ലയിലെ ഊര്‍ങ്ങാട്ടിരിയില്‍ പി.വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാ പിതാവിന്റെ ഭൂമിയിലെ അനധികൃത റോപ് വേ പൂര്‍ണമായും പൊളിച്ചുനീക്കി. ഓംബുഡ്സ്മാന്റെ ഉത്തരവനുസരിച്ച് എട്ടു ദിവസമെടുത്താണ് റോപ് വേ പൊളിച്ചത്. ഒന്നര ലക്ഷം രൂപയാണ് പഞ്ചായത്ത് ഇതിനായി ചെലവഴിച്ചത്.
🔳മലയാളി വ്യവസായി ഷാര്‍ജയില്‍ അന്തരിച്ചു. തിരുവനന്തപുരം ആറ്റിങ്ങലിനടുത്ത് കീഴാറ്റിങ്ങല്‍ സ്വദേശി എസ് സുദര്ശനന് (56) ആണ് മരിച്ചത്. 31 വര്‍ഷമായി യുഎഇയില്‍ ബിസിനസ് ചെയ്യുകയായിരുന്നു.
🔳മൂന്നാര്‍ നല്ലതണ്ണി എസ്റ്റേറ്റിലെ കുറുമല ഡിവിഷനില്‍ രണ്ടു കാട്ടാനകള്‍ ഏറ്റുമുട്ടി. രാത്രി ഒരു മണിയോടെ എത്തിയ കൊമ്പന്മാര് പോരടിച്ച ശേഷം പുലര്‍ച്ചെയാണ് മടങ്ങിയത്. കലികയറിയ കാട്ടാനകള്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയും പാലത്തിന്റെ കൈവരികളും തേയിലച്ചെടികളും തകര്‍ത്തു.
🔳കൊടുങ്ങല്ലൂരില്‍ വീട്ടിനകത്തു വിഷവാതകമുണ്ടാക്കി ജീവനൊടുക്കിയ നാലംഗ കുടുംബത്തിന് വന്‍ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നെന്ന് ആത്മഹത്യാ കുറിപ്പ്. അമേരിക്കയിലെ ഐടി കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനിയറായ ആസിഫും കുടുംബവുമാണ് മരിച്ചത്. ഏറെ നാളായി വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലാണു ജോലി ചെയ്തിരുന്നത്. ഒരു കോടിയോളം രൂപ മുടക്കി വീടു നിര്‍മിച്ച ആസിഫിന് ഈയിടെ ബാങ്കില്‍നിന്ന് ജപ്തി നോട്ടീസ് ലഭിച്ചിരുന്നു.
🔳ഹരിത വിവാദത്തില്‍ എംഎസ്എഫ് സംസ്ഥാന ക്യാമ്പില്‍ പ്രസിഡന്റ് പി.കെ നവാസിനെതിരെ വിമര്‍ശനം. കേസും നിയമ നടപടികളും നേരിടുന്നവരെ സംഘടനയുടെ ഭാരവാഹിത്വത്തില്‍നിന്ന് ഒഴിവാക്കണമെന്ന പ്രമേയം സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിക്കാന്‍ ഈ വിഭാഗം ശ്രമിച്ചു. എന്നാല്‍ പ്രമേയം അവതരിപ്പിക്കാന്‍ നേതൃത്വം അനുവദിച്ചില്ല.
🔳വെങ്കലത്തില്‍ നിര്‍മ്മിച്ച രണ്ടു ടണ്‍ ഭാരമുള്ള ഭീമന് വാര്‍പ്പ് ഗുരുവായൂരപ്പന് സമ്മാനിച്ച് പാലക്കാട്ടെ കെ.കെ പരമേശ്വരന് നമ്പൂതിരിയുടെ കുടുംബം. പതിനേഴര അടി വ്യാസവുമുള്ള വാര്‍പ്പില്‍ ആയിരം ലിറ്റര്‍ പായസം തയ്യാറാക്കാനാവും. വെങ്കല പാത്ര നിര്‍മ്മാണത്തിന് പേരുകേട്ട ആലപ്പുഴ മാന്നാറിലാണു നാലു കാതുള്ള വാര്‍പ്പു നിര്‍മ്മിച്ചത്.
🔳പൗരത്വ നിയമ ഭേദഗതിക്കെതിരേ നടത്തിയ പ്രക്ഷോഭത്തിനിടെ പൊതുമുതല്‍ നശിപ്പിച്ചവരില്‍നിന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഈടാക്കിയ 22.4 ലക്ഷം രൂപ തിരികെ നല്‍കും. 875 പേര്‍ക്കെതിരെ റിക്കവറി നോട്ടീസ് നല്‍കിയിരുന്നു. രണ്ട് കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍, സുപ്രീം കോടതി വിലക്കിയതിനാലാണ് നടപടികളില്‍നിന്ന് യുപി സര്‍ക്കാര്‍ പിന്‍വാങ്ങുന്നത്.
🔳ഭീകരരോട് സമാജ് വാദി പാര്‍ട്ടിക്കു മൃദു സമീപനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ബിജെപി പ്രചാരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭീകരവാദക്കേസുകളുടെ അന്വേഷണം സമാജ് വാദി പാര്‍ട്ടി റദ്ദാക്കിയെന്നും അദ്ദേഹം ആരോപിച്ചു.
🔳സൗജന്യമായി ഗ്യാസ് സിലിണ്ടര്‍ നല്കിയാല് സ്ത്രീശാക്തീകരണമായെന്നാണ് ബിജെപി കരുതുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശില്‍ എല്ലാ ശക്തിയും സംഭരിച്ചാണു കോണ്‍ഗ്രസ് പോരാടുന്നത്. ബിജെപി ക്ഷയിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ് യുപിയില്‍ കാണുന്നതെന്നും പ്രിയങ്ക.
🔳സൗദി അറേബ്യയില്‍ തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ചതിന് ഒരാഴ്ചയ്ക്കിടെ 14,627 പേരെ പിടികൂടി. ഫെബ്രുവരി 10 മുതല്‍ 16 വരെ നടത്തിയ പരിശോധനയിലാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരില്‍ 1,942 പേര് രാജ്യത്തെ താമസ നിയമങ്ങള്‍ ലംഘിച്ചവരാണ്. അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ചതിനാണ് 4,732 പേരെ പിടികൂടിയത്. 7,953 പേര് തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും അറസ്റ്റിലായി.
🔳എലിസബത്ത് രാജ്ഞിക്കു കോവിഡ്. രാജ്ഞി പൂര്‍ണ വിശ്രമത്തിലാണ്. വിദഗ്ധ ഡോക്ടര്‍മാര്‍ നിരീക്ഷിക്കുന്നുണ്ട്. ആശുപത്രിയിലേക്കു മാറ്റേണ്ട സാഹചര്യമില്ലെന്നു കൊട്ടാരം വൃത്തങ്ങള്‍ അറിയിച്ചു.
🔳മുന്‍ അമേരിക്കന്‍ പ്രസിഡന്റും വ്യവസായിയുമായ ഡോണള്‍ഡ് ട്രംപ് തന്റെ പുതിയ സോഷ്യല്‍ മീഡിയ സംരംഭമായ ‘ട്രൂത്ത് സോഷ്യല്‍’ പുറത്തിറക്കുന്നു. ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ ഇന്ന് ആപ്പ് ലോഞ്ച് ചെയ്യും.
🔳ഐഎസ്എല്ലില്‍ ചെന്നൈയിന് എഫ് സിയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് വീഴ്ത്തി ജംഷഡ്പൂര്‍ എഫ് സി പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. ജയത്തോടെ 16 മത്സരങ്ങളില്‍ 31 പോയന്റ് നേടിയ ജംഷഡ്പൂര്‍ 32 പോയന്റുള്ള ഹൈദരാബാദിന് തൊട്ടു പിന്നില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കിയപ്പോള്‍ 30 പോയന്റുള്ള എടികെ മോഹന്‍ ബഗാന് മൂന്നാമതും 27 പോയന്റുള്ള കേരളാ ബ്ലാസ്റ്റേഴ്സ് നാലാമതും നില്ക്കുന്നു.
🔳വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ 17 റണ്‍സ് ജയവുമായി ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പര തൂത്തുവാരി. അവസാന മത്സരത്തില്‍ 185 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
🔳കേരളത്തില്‍ ഇന്നലെ 49,183 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 5427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്നലെ 9 മരണങ്ങള് സ്ഥിരീകരിച്ചു. ഇതുകൂടാതെ ഇന്നലെ രേഖപ്പെടുത്തിയ 83 മുന്‍ മരണങ്ങളടക്കം സംസ്ഥാനത്തെ ആകെ മരണം 64,145 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 14,334 പേര് രോഗമുക്തി നേടി. ഇതോടെ 66,018 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്കുകള്‍ : തിരുവനന്തപുരം 841, എറണാകുളം 767, കൊല്ലം 537, കോട്ടയം 456, കോഴിക്കോട് 428, തൃശൂര്‍ 386, ആലപ്പുഴ 321, ഇടുക്കി 305, വയനാട് 296, മലപ്പുറം 279, പത്തനംതിട്ട 263, പാലക്കാട് 230, കണ്ണൂര്‍ 226, കാസര്‍ഗോഡ് 92.
🔳രാജ്യത്ത് ഇന്നലെ 11,000 കോവിഡ് രോഗികള്‍. മഹാരാഷ്ട്ര- 1,437 കര്‍ണാടക- 1,001, തമിഴ്നാട്- 949.
🔳ആഗോളതലത്തില്‍ ഇന്നലെ പന്ത്രണ്ട് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. അമേരിക്കയില്‍ 12,940. ബ്രസീല്‍ – 40,625, റഷ്യ- 1,70,699, ജര്‍മനി – 1,04,131. ആഗോളതലത്തില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 42.47 കോടി പേര്‍ക്ക്. നിലവില്‍ 6.87 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 5028 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്ക- 220, ഇന്ത്യ – 206, ബ്രസീല്‍ – 348, റഷ്യ- 745. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 59.05 ലക്ഷമായി.
🔳കഴിഞ്ഞമാസം ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം 43 ശതമാനം കുറഞ്ഞുവെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്റെ റിപ്പോര്‍ട്ട്. 64.08 ലക്ഷം പേരാണ് ജനുവരിയില്‍ പറന്നത്. ഡിസംബറില്‍ യാത്രക്കാര്‍ 1.20 കോടിയായിരുന്നു. സര്‍വീസുകളില്‍ ഏറ്റവുമധികം യാത്രക്കാരെ ഉള്‍ക്കൊള്ളിച്ചത് സ്പൈസ് ജെറ്റാണ്; 73.4 ശതമാനം. ഇന്‍ഡിഗോ (66.6 ശതമാനം), വിസ്താര (61.6 ശതമാനം), ഗോഫസ്റ്റ് (66.7 ശതമാനം), എയര്‍ഏഷ്യ ഇന്ത്യ (60.5 ശതമാനം) എന്നിങ്ങനെയാണ് മറ്റ് കമ്പനികളുടെ പ്രകടനം. എയര്‍ഇന്ത്യയുടെ സര്‍വീസുകളില്‍ 60.6 ശതമാനം സീറ്റുകള്‍ ഉപയോഗിക്കപ്പെട്ടു. ഏറ്റവുമധികം യാത്രക്കാരെ സ്വന്തമാക്കി (35.57 ലക്ഷം പേര്) വിപണിവിഹിതത്തിലെ ഒന്നാംസ്ഥാനം ഇന്‍ഡിഗോ നിലനിറുത്തി (55.5 ശതമാനം). സ്പൈസ് ജെറ്റ് (6.8 ലക്ഷം), എയര്‍ഇന്ത്യ (6.56 ലക്ഷം), ഗോഫസ്റ്റ് (6.35 ലക്ഷം), വിസ്താര (4.79 ലക്ഷം), എയര്‍ഏഷ്യ ഇന്ത്യ (2.95 ലക്ഷം), അലയന്‍സ് എയര്‍ (0.80 ലക്ഷം) എന്നിങ്ങനെയാണ് മറ്റ് കമ്പനികളുടെ കണക്ക്. സമയനിഷ്ഠയില്‍ മുന്നില്‍ 94.5 ശതമാനവുമായി ഗോഫസ്റ്റാണ്.
🔳ചെറുകാറുകളുടെ നാടെന്ന പ്രതിച്ഛായയില്‍ നിന്ന് ഇന്ത്യ എസ്.യു.വികളുടെ സ്വന്തം നാടെന്ന പെരുമനേടി കുതിക്കുന്നു. കഴിഞ്ഞമാസവും മൊത്തം പാസഞ്ചര്‍ വാഹന വില്പനയില് (ചെറുകാര്‍, എസ്.യു.വി, വാന്‍) 42 ശതമാനം വിഹിതവുമായി എസ്.യു.വികള്‍ മുന്നിലെത്തി. 35 ശതമാനമാണ് ചെറുകാറുകളുടെ (ഹാച്ച്ബാക്ക്) വിഹിതം. 2021ല്‍ വിപണിയിലെത്തിയ 35 പുതിയ കാറുകളില്‍ 22 എണ്ണവും എസ്.യു.വികളായിരുന്നു.
🔳’മിസ്റ്റര്‍ ഹാക്കര്‍’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. സിഎസ്എഫ് ഫിലിംസിന്റെ ബാനറില്‍ മുഹമ്മദ് അബ്ദുല്‍ സമദ് നിര്‍മ്മിച്ച് നവാഗതനായ ഹാരിസ് കല്ലാര്‍ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് മിസ്റ്റര്‍ ഹാക്കര്‍. എറണാംകുളം, വാഗമണ്‍, തലയോലപ്പറമ്പ് എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്ന മിസ്റ്റര്‍ ഹാക്കറില്‍ മാണി സി കാപ്പന് എംപി, സീനു സോഹന്‍ ലാല്‍, പാഷാണം ഷാജി, സാജന് സൂര്യ, അന്ന രേഷ്മ രാജന്, കണ്ണന് സാഗര്‍, രജനി ചാണ്ടി, അടക്കമുള്ളവര്‍ അഭിനയിക്കുന്നുണ്ട്.
🔳ശരത്ത് അപ്പാനിയാണ് നായകനായി എത്തുന്ന ആദിവാസി എന്ന ചിത്രത്തിലെ സെക്കന്റ് ലുക്ക് പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. ലോകത്തില്‍ ഏറ്റവും വെറുക്കപ്പെട്ട സെല്‍ഫിയുമായി എന്ന് പറഞ്ഞാണ് പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. ആള്‍ക്കൂട്ട മര്‍ദ്ദനത്താല്‍ കൊല്ലപ്പെട്ട മധുവിന്റെ കഥ പറയുന്ന ചിത്രമാണ് ‘ആദിവാസി’. വിജീഷ് മണിയാണ് സംവിധായകന്. ശരത് അപ്പാനിയോടൊപ്പം ആദിവാസി കലാകാരന്മാരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
🔳ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യൂണ്ടായി ഇന്ത്യ തങ്ങളുടെ മോഡലുകള്‍ക്ക് ഈ മാസം ആകര്‍ഷകമായ കിഴിവ് ഓഫറുകള്‍ പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്. ഐ20, ഗ്രാന്‍ഡ് ഐ10 നിയോസ്, ഓറ, സാന്‍ട്രോ എന്നീ മോഡലുകളില്‍ ആണ് ഈ ആനുകൂല്യങ്ങള്‍ നല്‍കുന്നത്. ക്യാഷ് ഡിസ്കൌണ്ടുകള്, എക്സ്ചേഞ്ച് ബോണസ്, കോര്‍പ്പറേറ്റ് ഡിസ്കൌണ്ടുകള് എന്നിവയുടെ രൂപത്തിലാണ് ഈ ഓഫറുകള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്.
🔳മലയാള നാടകവേദിയില്‍ പുതിയൊരു ഭാവുകത്വത്തിന്റെ നാന്ദിവാക്യമായിരുന്നു സി. എന്‍. ശ്രീകണ്ഠന്‍നായരുടെ നാടകങ്ങള്‍. അനശ്വരമായ നാടകത്രയത്തിലെ ആദ്യനാടകമാണ് ദശരഥനെ കേന്ദ്രകഥാപാത്രമാക്കി രചിച്ച സാകേതം. പുരാണ പരിസരങ്ങളില്‍നിന്ന് കഥാപാത്രങ്ങളെ വീണ്ടെടുത്ത് അവരുടെ മാനസിക വ്യാപാരങ്ങളെ പുനര്‍വായനയ്ക്കു വിധേയമാക്കുന്ന തീക്ഷ്ണമായ രചന. ‘സാകേതം’. ഡിസി ബുക്സ്. വില 63 രൂപ.
🔳പ്രോട്ടീന്‍ സമ്പന്നമായ കോഴിയിറച്ചിയില്‍ അടങ്ങിയിട്ടുള്ള പ്രോട്ടീന്‍ നമ്മുടെ പേശികളെ ആരോഗ്യവും ഉറപ്പുമുള്ളതാക്കി തീര്‍ക്കും. ആഴ്ചയില്‍ ഒരു ദിവസം ചിക്കന്‍ സൂപ്പ് കഴിച്ചാല്‍ ഇരട്ടി ഗുണം ലഭിക്കും. ഒപ്പം രോഗപ്രതിരോധശേഷിയും വര്‍ദ്ധിക്കും. കൂടാതെ ധാരാളം കാല്‍സ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ അസ്ഥികളെ സംരക്ഷിക്കും.അമിതമായ ടെന്‍ഷനും ഇതിലൂടെ ഉണ്ടാകുന്ന മാനസിക സമ്മര്‍ദ്ദവും ഒഴുവാക്കാന്‍ കോഴിയിറച്ചിയിലുള്ള വിറ്റാമിന്‍ ബി 5, ട്രിപ്റ്റോഫാനും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്. സന്ധിവാതത്തിനുള്ള സാദ്ധ്യത കുറയ്ക്കാനും കോഴിയിറച്ചിക്ക് കഴിവുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡ് , പൂരിത കൊഴുപ്പുകള്‍ എന്നിവയടങ്ങിയ കോഴിയിറച്ചി ഹൃദയാരോഗ്യത്തിനും ഉത്തമാണ്. എന്നാല്‍ ബ്രോയിലര്‍ ചിക്കന്‍ അമിതമായി കഴിക്കുന്നത് ആരോഗ്യകരമല്ല. കറിയാക്കി കഴിക്കുന്നതാണ് ആരോഗ്യകരം. പാകം ചെയ്യുന്നതിന് മുന്‍പ് ഇറച്ചിയിലെ അമിതമായുള്ള കൊഴുപ്പ് നീക്കാന്‍ മറക്കരുത്. ചിക്കന്‍ ബ്രെസ്റ്റ് ആണ് ഏറ്റവും നല്ലതാണ്.
*ശുഭദിനം*
ആ നായ്ക്കുട്ടി മുയലിനെ ഓടിച്ചിട്ടു പിടിക്കാന്‍ ശ്രമിക്കുകയാണ്. കുറെ ദൂരം ഓടിച്ചെങ്കിലും മുയലിനെ കിട്ടിയില്ല. നായ്ക്കുട്ടി കിതച്ചുകൊണ്ട് തിരിച്ചു നടക്കുന്നത് കണ്ട് ആട് ചോദിച്ചു : നിന്റെ സാമാര്ഥ്യ മൊന്നും മുയലിന്റെ മുന്നില്‍ വിലപ്പോയില്ലാലെ. നായ്ക്കുട്ടി പറഞ്ഞു : ഞാന്‍ മുയലിന്റെ പിന്നാലെ ഓടിയത് വിനോദത്തിന് വേണ്ടിയാണു. പക്ഷെ ആ മുയല് ഓടിയത് പ്രാണന് വേണ്ടിയാണ്. ആ വ്യത്യാസമാണ് മുയല് രക്ഷപ്പെടാന്‍ കാരണം. പ്രചോദനത്തിന്റെ ആഴമാണ് പ്രകടനത്തിന്റെ ആധാരം. മണ്ണെണ്ണ ഒഴിച്ച് കത്തിക്കുന്ന അടുപ്പ് ആളിയതിനേക്കാള് വേഗത്തില്‍ അണയും. ഉമിയില്‍ നിന്ന് ഉണക്കകമ്പിലൂടെ പടര്‍ന്ന അഗ്നി അവസാന പൊരിയും കെടുന്നത് വരെ കത്തിനില്ക്കും. ഒരു നിമിഷത്തെ പ്രചോദനത്തില്‍ നിന്നോ ആവേശത്തില്‍ നിന്നോ ഉത്ഭവിക്കുന്ന ഒന്നിനും ആയുര്ദൈര്ഘ്യമുണ്ടാകില്ല. തുടക്കത്തേക്കാള്‍ ശക്തമായ പ്രതിബന്ധമുണ്ടായാല്‍ അവ സ്വയം അവസാനിക്കും. എന്നാല്‍ ചില മാസ്മരിക പ്രകടനത്തിന് പിന്നില്‍ മറക്കാനാകാത്ത ചില ഘടകങ്ങള്‍ ഉണ്ട്. തുടങ്ങാതിരിക്കാന്‍ കഴിയാത്തവിധമുള്ള പ്രേരണ, തുടരാതിരിക്കാന്‍ കഴിയാത്ത വിധമുള്ള പ്രേരണ, അവസാനിച്ചാല്‍ താനും അവസാനിക്കും എന്ന യാഥാര്‍ഥ്യബോധം- ഇവ മൂന്നും കൂടിച്ചേര്‍ന്നാല്‍ പിന്നെ സ്വയം അത്ഭുതം തോന്നുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകും. കിതക്കാനുള്ള കാരണങ്ങളെക്കാള്‍ ശക്തമാകട്ടെ കുതിക്കാനുള്ള കാരണങ്ങള്‍ – *ശുഭദിനം.*