ആരുടെ സമീപനമാണ് ബാലിശമെന്ന് ജനം തീരുമാനിക്കട്ടെ; ഗവർണർക്ക് മറുപടിയുമായി എ കെ ബാലൻ
ഗവർണറുടെ വിമർശനത്തിന് മറുപടിയുമായി മുൻ മന്ത്രി എ കെ ബാലൻ. താൻ പറഞ്ഞതാണോ ബാലിശം അതോ ഗവർണറുടെ സമീപനമാണോ ബാലിശമെന്ന് ജനം തീരുമാനിക്കട്ടെ. താനൊരിക്കലും ഗവർണറെ അപമാനിച്ചിട്ടില്ല. ഗവർണറും സർക്കാരും തമ്മിൽ അഭിപ്രായ വ്യത്യാസമില്ലെന്ന സന്ദേശമാണ് താൻ എപ്പോഴും നൽകിയിട്ടുള്ളതെന്നും ബാലൻ പറഞ്ഞു
സഭയിൽ വരുന്നില്ലെന്നും പ്രസംഗം വായിക്കില്ലെന്നും സന്ദേശം നൽകുന്നതല്ലേ ബാലിശം. യഥാർഥത്തിൽ ഗവർണറെ സംരക്ഷിക്കുകയാണ് സർക്കാർ ചെയ്തത്. നയപ്രഖ്യാപനം വായിക്കില്ലെന്ന് ഗവർണർ സന്ദേശം നൽകിയത് തന്നെ ഭരണഘടനാ ലംഘനമാണ്. അതിന്റെ ഭാഗമായുണ്ടാകുന്ന പ്രത്യാഘാതങ്ങൾ ഒഴിവാക്കുന്നതിനുള്ള നടപടിയാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്.
അതിരൂക്ഷമായ ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കി അതിനെ മുതലെടുക്കാൻ ശ്രമിക്കുകയായിരുന്നു പ്രതിപക്ഷം. അതിന് ഇടയാക്കാതെ വിഷയം പരിഹരിക്കുകയാണ് സർക്കാർ ചെയ്തതെന്നും ബാലൻ പറഞ്ഞു.