Friday, January 10, 2025
Health

പുരുഷന്മാരിലെ വന്ധ്യത; ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍…

 

പല പഠനങ്ങളും പ്രകാരം ആഗോളതലത്തില്‍ തന്നെ വന്ധ്യത വര്‍ധിച്ചുവരികയാണ്. ഇന്ത്യയിലാണെങ്കില്‍ അഞ്ച് ദമ്പതികളില്‍ ഒരു ജോഡിയെങ്കിലും വന്ധ്യത നേരിടുന്നുവെന്നാണ് പുതിയ കണക്ക്. വന്ധ്യത, നമുക്കറിയാം, സ്ത്രീയിലോ പുരുഷനിലോ ആകാം.

എന്നാല്‍ താരതമ്യേന പുരുഷന്മാരിലെ വന്ധ്യതയാണത്രേ കണ്ടെത്താന്‍ കൂടുതല്‍ സമയമെടുക്കാറ്. പാരിസ്ഥിതികമായ ഘടകങ്ങള്‍, ജീവിതരീതിയുമായി ബന്ധപ്പെട്ട അനാരോഗ്യകരമായ സംഗതികള്‍, അസുഖങ്ങള്‍ എന്നിവയുടെയെല്ലാം ഭാഗമായി പുരുഷന്മാരില്‍ വന്ധ്യതയുണ്ടാകാം.

വന്ധ്യതയുള്ള പുരുഷന്മാരില്‍ ഇത് മാത്രമായിരിക്കില്ല, മറിച്ച് ആരോഗ്യപരമായി പല പ്രശ്‌നങ്ങളും കണ്ടേക്കാനുള്ള സാധ്യത കൂടുതലാണെന്നും വിദഗ്ധര്‍ പറയുന്നു. അമിതവണ്ണം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവയെല്ലാം ഇവയില്‍ ചിലതാണ്. ഇത്തരം പ്രശ്‌നങ്ങളെല്ലാം കൃത്യമായി ചികിത്സയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.

നേരത്തേ കണ്ടെത്തുകയാണെങ്കില്‍ ഒരു പരിധി വരെ പുരുഷന്മാരിലെ വന്ധ്യയ്ക്കും ഫലപ്രദമായ പരിഹാരം തേടാവുന്നതാണ്. എന്തായാലും പുരുഷന്മാരുടെ വന്ധ്യതയെ കുറിച്ച് പറയുമ്പോള്‍ നിര്‍ബന്ധമായും നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചിലത് കൂടിയുണ്ട്. അത്തരത്തിലുള്ള ആറ് കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്.

ഒന്ന്…

ഇന്ന് പുവകലി ശീലമില്ലാത്ത പുരുഷന്മാര്‍ കുറവാണ്. മറ്റ് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും അസുഖങ്ങള്‍ക്കുമൊപ്പം പുരുഷന്മാരില്‍ വന്ധ്യതയുണ്ടാക്കാനും പുകവലി കാരണമാകാം.

ബീജോത്പാദനത്തെയും ബീജത്തിന്റെ ആരോഗ്യത്തെയും ആയുര്‍ദൈര്‍ഘ്യത്തെയുമെല്ലാം പുകവലി പ്രതികൂലമായി ബാധിക്കാം. ഗര്‍ഭധാരണത്തിലിരിക്കുന്ന കുഞ്ഞ് അബോര്‍ഷനായി പോകുന്നതിനും അച്ഛന്റെ പുകവലി കാരണമായേക്കാം. അത്രമാത്രം ഹാനികരമാണ് ഈ ശീലമെന്ന് മനസിലാക്കുക.

രണ്ട്…

പുകവലി പോലെ തന്നെ പുരുഷന്മാരില്‍ വലിയൊരു വിഭാഗം പേരും കൊണ്ടുനടക്കുന്ന മറ്റൊരു ദുശ്ശീലമാണ് മദ്യപാനം. അമിതമായി മദ്യപിക്കുന്നവരില്‍ ശുക്ലത്തിന്റെ അളവ് കുറഞ്ഞുവരികയും അതുപോലെ തന്നെ ബീജത്തിന്റെ ആയുര്‍ദൈര്‍ഘ്യവും ആരോഗ്യവും ക്ഷയിച്ചുവരികയും ചെയ്‌തേക്കാം.

മൂന്ന്…

വ്യായാമമില്ലായ്മ പുരുഷന്മാരിലെ വന്ധ്യതയ്ക്ക് കാരണമാകുന്നതായി പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിനാല്‍ മിതമായ രീതിയിലുള്ള വ്യായാമം പുരുഷന്മാര്‍ നിര്‍ബന്ധമായും ചെയ്യുക. മുപ്പത് മുതല്‍ 45 നിമിഷം വരെയെങ്കിലും ദിവസവും വ്യായാമത്തിന് വേണ്ടി മാറ്റിവയ്ക്കുക. ആഴ്ചയില്‍ അഞ്ച് ദിവസമെങ്കില്‍ ഇത്തരത്തില്‍ പോവുക. ബീജോത്പാദനം കൂടാനും ബീജത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കാനുമെല്ലാം ഇത് സഹായിക്കും.

നാല്…

അമിതവണ്ണവും ഒരു വിഭാഗം പുരുഷന്മാരില്‍ വന്ധ്യതയുണ്ടാക്കുന്നുണ്ട്. എന്നാല്‍ അമിതവണ്ണമുള്ള എല്ലാ പുരുഷന്മാരിലും ഈ പ്രശ്‌നമുണ്ടാകാമെന്നല്ല. ഒരു വിഭാഗം പേരില്‍ മാത്രം, വണ്ണം വന്ധ്യതയിലേക്ക് നയിക്കാം. ശരീരത്തില്‍ കൊഴുപ്പ് അമിതമാകുമ്പോള്‍ അത് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്ക് ഇടയാക്കുകയും അങ്ങനെ വന്ധ്യതയിലേക്ക് നയിക്കപ്പെടുകയുമാണ് ചെയ്യുന്നത്.

അഞ്ച്…

ഇന്ന് ഒട്ടുമിക്ക എല്ലാ തൊഴില്‍ മേഖലയും മത്സരാധിഷ്ടിതമായാണ് മുന്നോട്ടുപോകുന്നത്. ഈ വേഗത്തിലുള്ള ജീവിതരീതി പലരിലും മാനസിക സമ്മര്‍ദ്ദങ്ങള്‍ പതിവാക്കുന്നുണ്ട്. ഇത്തരത്തില്‍ ‘സ്‌ട്രെസ്’ പതിവാകുന്നതും, വിഷാദവും ഉത്കണ്ഠയും പോലുള്ള മാനസികപ്രശ്‌നങ്ങളും വന്ധ്യതയിലേക്ക് നയിക്കാം.

അതുകൊണ്ട് ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നീക്കം എപ്പോഴും നടത്തുക.

ആറ്…

നമ്മള്‍ എന്താണ് കഴിക്കുന്നത് എന്നതിനെ ആശ്രയിച്ച് തന്നെയാണ് വലിയൊരു പരിധി വരെ നമ്മുടെ ശാരീരിക- മാനസിക ആരോഗ്യം നിലനില്‍ക്കുന്നത്. അതിനാല്‍ ഭക്ഷണത്തിന് വലിയ പ്രാധാന്യം നല്‍കുക. ഒമേഗ- 3 ഫാറ്റി ആസിഡ്, ആന്റിഓക്‌സിഡന്റുകള്‍, വൈറ്റമിനുകള്‍, കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങള്‍ എന്നിവയെല്ലാം ബീജോത്പാദനത്തിനും ബീജത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.

പഴങ്ങളും പച്ചക്കറികളും മീനും ചിക്കനും ധാന്യങ്ങളുമെല്ലാം ‘ബാലന്‍സ്ഡ്’ ആയ രീതിയില്‍ കഴിച്ചുശീലിക്കുക. പ്രോസസ്ഡ് ഫുഡ്, ജങ്ക് ഫുഡ് എല്ലാം പരമാവധി അകറ്റിനിര്‍ത്തുന്നതും നല്ലതാണ്.

 

 

 

Leave a Reply

Your email address will not be published. Required fields are marked *