ലോകത്തിന്റെ ഹൃദയം കീഴടക്കിയ സംഗീതജ്ഞ; ലതാ മങ്കേഷ്‌കറിന് ആദരാഞ്ജലികൾ നേർന്ന് മുഖ്യമന്ത്രി
അന്തരിച്ച മഹാഗായിക ലതാ മങ്കേഷ്‌കറിന് ആദരാഞ്ജലികൾ അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആലാപന മാധുരി കൊണ്ട് ലോകത്തിന്റെ ഹൃദയം കീഴടക്കിയ സമാനതകളില്ലാത്ത സംഗീതജ്ഞയായിരുന്നു ലതാ മങ്കേഷ്‌കറെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ആലാപനമാധുരി കൊണ്ട് ലോകത്തിന്റെ ഹൃദയം കീഴടക്കിയ സമാനതയില്ലാത്ത സംഗീതജ്ഞയായിരുന്നു ലതാമങ്കേഷ്‌കർ. അവരുടെ പാട്ടിനൊപ്പം വളർന്ന പല തലമുറകൾ ഉണ്ട്. അവരുടെയെല്ലാം മനസ്സിൽ മായ്ക്കാനാവാത്ത സ്ഥാനമാണ് ലതാമങ്കേഷ്‌കർക്കുള്ളത്.
പല പതിറ്റാണ്ടുകൾ മറ്റാരുമായും താരതമ്യപ്പെടുത്താനാവാത്തത്ര ഉയരത്തിൽ നിന്ന ഈ ഗായിക ഹിന്ദിയിൽ മാത്രമല്ല ഇന്ത്യയിലെ വ്യത്യസ്തങ്ങളായ നിരവധി ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചു. മലയാളിക്കും അവരുടെ നാവിൻതുമ്പിലെ മലയാളത്തിന്റെ മധുരം അനുഭവിക്കാൻ ഭാഗ്യമുണ്ടായി.
ലതാ മങ്കേഷ്‌കറുടെ വിയോഗത്തിൽ ദുഃഖിക്കുന്ന സംഗീത ലോകത്തെയാകെ ദുഃഖം അറിയിക്കുന്നു.