15-18 വയസ്സിനിടയിൽ പ്രായമുള്ളവരുടെ വാക്‌സിനേഷൻ 51 ശതമാനം കടന്നതായി ആരോഗ്യമന്ത്രി
സംസ്ഥാനത്ത് 15നും 18നും വയസിനിടക്ക് പ്രായമുള്ള 51 ശതമാനം കുട്ടികൾക്ക് കോവിഡ് വാക്‌സിൻ നൽകിയതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. ആകെ 7,66,741 കുട്ടികൾക്കാണ് വാക്സിൻ നൽകിയത്. ജനുവരി മൂന്നിനാണ് കുട്ടികളുടെ വാക്സിനേഷൻ ആരംഭിച്ചത്. കേവലം 12 ദിവസം കൊണ്ടാണ് പകുതിയിലധികം കുട്ടികൾക്ക് വാക്സിൻ നൽകാൻ സാധിച്ചത്.
സംസ്ഥാനത്ത് 1,67,813 പേർക്കാണ് ഇതുവരെ കരുതൽ ഡോസ് വാക്സിൻ നൽകിയത്. 96,946 ആരോഗ്യ പ്രവർത്തകർ, 26,360 കോവിഡ് മുന്നണി പോരാളികൾ, 44,507 അറുപത് വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർ എന്നിവർക്കാണ് കരുതൽ ഡോസ് നൽകിയത്.
18 വയസിന് മുകളിൽ വാക്സിൻ എടുക്കേണ്ട ജനസംഖ്യയുടെ 99.68 ശതമാനം പേർക്ക് (2,66,24,042) ഒരു ഡോസ് വാക്സിനും 82.27 ശതമാനം പേർക്ക് (2,19,73,681) രണ്ട് ഡോസ് വാക്സിനും നൽകി.