Friday, January 24, 2025
Kerala

വിദ്യാർത്ഥികൾക്ക് സ്കൂളുകളിൽ വാക്സീൻ നൽകാനുള്ള സാധ്യത പരിശോധിക്കണം: മുഖ്യമന്ത്രി

 

തിരുവനന്തപുരം: 10, 11, 12 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് വാക്സിൻ സ്കൂളിൽ പോയി കൊടുക്കാൻ ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾ ചേർന്ന് സംവിധാനമൊരുക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകി. ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച നിർദേശം മുഖ്യമന്ത്രി നൽകിയിരിക്കുന്നത്. 15 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് നിലവിൽ കൊവിഡ് വാക്സീനേഷൻ പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സ്കൂളുകളിൽ കോവിഡ് വാക്സീനേഷൻ ക്യാംപുകൾ നടത്തി കൗമാരക്കാരുടെ വാക്സീനേഷൻ എത്രയും പെട്ടെന്ന് പൂ‍ർത്തിയാക്കാനുള്ള സാധ്യത പരിശോധിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടുകയും ചെയ്തു.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിശക്തമായി തുടരുന്നതിനിടെയാണ് ഇന്നത്തെ അവലോകനയോ​ഗം ചേർന്നത്. രാത്രികാലകർഫ്യൂവോ വാരാന്ത്യ ലോക്ക്ഡൗണോ പ്രഖ്യാപിച്ചില്ലെങ്കിലും മുൻകരുതലും ജാ​ഗ്രതയും ശക്തമാക്കാനാണ് അവലോകനയോ​ഗത്തിലെ ധാരണ. സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്‌ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേതുൾപ്പെടെ എല്ലാ ഔദ്യോഗിക പരിപാടികളും ചടങ്ങുകളും ഓൺലൈൻ ആയി നടത്തേണ്ടതാണെന്ന് യോ​ഗത്തിൽ നിർദേശിക്കുകയും ചെയ്തു

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ൽ കൂടുതലുള്ള ജില്ലകളിൽ സാമൂഹ്യ, സാംസ്കാരിക, സാമുദായിക പരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയുടേത് പോലെ 50 പേരായി പരിമിതപ്പെടുത്തും. കൂടുതൽ പേർ പങ്ക് എടുക്കേണ്ട നിർബന്ധിത സാഹചര്യങ്ങളിൽ പ്രത്യേക അനുവാദം വാങ്ങണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ൽ കൂടുതൽ വന്നാൽ പൊതുപരിപാടികൾ നടത്താൻ അനുവദിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *