പെഗാസസ്; ഫോണ്‍ ചോര്‍ത്തലിന് വിധേയരായവരോട് വിവരങ്ങള്‍ തേടി സുപ്രീംകോടതി വിദഗ്ധ സമിതി
പെഗാസസ് ഫോണ്‍ ചോര്‍ത്തലിന് വിധേയരായവരോട് വിവരങ്ങള്‍ തേടി സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി. [email protected] എന്ന ഈ മെയില്‍ വിലാസത്തിലാണ് വിവരങ്ങള്‍ അറിയിക്കേണ്ടതെന്ന് ജസ്റ്റിസ് ആര്‍.വി.രവീന്ദ്രന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി അറിയിച്ചു.
പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തപ്പെട്ടെന്ന് സംശയിക്കുന്ന ഫോണുകള്‍ പരിശോധിക്കാന്‍ തയ്യാറാണെന്നും വിദഗ്ധ സമിതി അറിയിച്ചിട്ടുണ്ട്. 142ഓളം പ്രമുഖരുടെ ഫോണുകള്‍ ചോര്‍ത്തപ്പെട്ടെന്ന് ദി വയര്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ചോര്‍ത്തപ്പെട്ടുവെന്ന് സംശയിക്കപ്പെടുന്ന ചില സെല്‍ഫോണുകള്‍ ആംനസ്റ്റി ഇന്റര്‍ നാഷണലിന്റെ സെക്ക്യൂരിറ്റി ലാബില്‍ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കിയതായും ദി വയര്‍ വ്യക്തമാക്കിയിരുന്നു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കള്‍, സുപ്രീംകോടതി രജിസ്ട്രാര്‍മാര്‍, വിരമിച്ച ജഡ്ജി, പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടേയും ഫോണുകള്‍ പെഗാസസ് ചോര്‍ത്തിയതായാണ് ആരോപണം. സര്‍ക്കാരിനും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും മാത്രമാണ് പെഗാസസ് ഉപയോഗിക്കാന്‍ അനുമതിയുള്ളൂവെന്നിരിക്കെ ആരോപണത്തിന്റെ ഗുരുതര സ്വഭാവം കണക്കിലെടുത്ത് സുപ്രീംകോടതി വിദ്ഗധ സമിതിയെ അന്വേഷണത്തിനായി നിയോഗിക്കുകയായിരുന്നു.