1,122 രൂപയ്ക്ക് വിമാനയാത്ര ഒരുക്കി സ്‌പൈസ് ജെറ്റിന്റെ പുതുവത്സര സമ്മാനം
ആവേശകരമായ വിന്റര്‍ സെയില്‍ ഓഫറുമായി പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ സ്പൈസ്ജെറ്റ്. എല്ലാ ചെലവുകളും ഉള്‍പ്പെടെ, വെറും 1122 രൂപ മുതല്‍ ആഭ്യന്തര വണ്‍വേ വിമാന ടിക്കറ്റുകള്‍ ഇപ്പോള്‍ ലഭ്യമാണ്. ഇങ്ങനെ എടുക്കുന്ന ടിക്കറ്റുകള്‍ക്ക് ഒരു പ്രാവശ്യം തീര്‍ത്തും സൗജന്യമായി യാത്രാ തീയതി മാറ്റാം. മാത്രമല്ല, തുടര്‍ന്നുള്ള യാത്രകളില്‍ ഉപയോഗിക്കാവുന്ന 500 രൂപയുടെ സൗജന്യ ഫ്ളൈറ്റ് വൗച്ചറും ഇതോടൊപ്പം സൗജന്യമായി ലഭിക്കും.
2021 ഡിസംബര്‍ 27 ന് തുടങ്ങി 2021 ഡിസംബര്‍ 31 വരെയാണ് ഓഫര്‍ നിരക്കില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാവുക. 2022 ജനുവരി 15 മുതല്‍ 2022 ഏപ്രില്‍ 15 വരെയുള്ള കാലയളവിലേക്കുള്ള യാത്രകള്‍ ഓഫറിന്‍ കീഴില്‍ ബുക്ക് ചെയ്യാം. പരിമിതമായ സീറ്റുകളാണ് ഓഫറിനായി മാറ്റിവെച്ചിരിക്കുന്നത് എന്നതിനാല്‍ ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തില്‍ മാത്രമേ ഓഫര്‍ ലഭ്യമാകൂ.
ഓഫര്‍ ടിക്കറ്റില്‍ യാത്രാ തീയതി മാറ്റുമ്പോള്‍ ചേഞ്ച് ഫീസ് ഇല്ലാതിരിക്കാനായി ഫ്ളൈറ്റ് പുറപ്പെടുന്ന തീയതിക്ക് 2 ദിവസം മുമ്പെങ്കിലും ബുക്കിങ് മാറ്റി ചെയ്യണം. അതു കഴിഞ്ഞ് മാറുന്ന ബുക്കിങ്ങുകള്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് നിരക്കുകള്‍ ബാധകമാകും. ടിക്കറ്റ് നിരക്ക് അപ്പോള്‍ കൂടുതലാണെങ്കില്‍ അധികം വരുന്ന തുക ഉപഭോക്താവ് നല്‍കണം. രണ്ടാമത്തെ തവണ തീയതി മാറ്റുകയാണെങ്കില്‍, നിബന്ധനകള്‍ അനുസരിച്ച് ബാധകമായ സ്റ്റാന്‍ഡേര്‍ഡ് ചേഞ്ച് ഫീസ് ഈടാക്കും.
500 രൂപയുടെ വൗച്ചര്‍ 2022 ജനുവരി 15 മുതല്‍ 2022 ജനുവരി 31 വരെയുള്ള കാലയളവില്‍ ഉപയോഗിക്കണം. 2022 ഫെബ്രുവരി 1 മുതല്‍ 2022 സെപ്റ്റംബര്‍ 30 വരെയുള്ള യാത്രകള്‍ക്കായുള്ള ടിക്കറ്റുകള്‍ക്ക് വൗച്ചര്‍ ഉപയോഗിച്ച് കിട്ടുന്ന തുക ഉപയോഗിക്കാം. ബുക്കിങ് സമയത്ത് ഉപഭോക്താവ് നല്‍കുന്ന ഇമെയില്‍ ഐഡിയിലേക്കായിരിക്കും ഇ-വൗച്ചര്‍ അയയ്ക്കുക. യാത്രാ തീയതിക്ക് 15 ദിവസം മുമ്പ് നടത്തുന്ന ബുക്കിങ്ങുകാര്‍ക്ക് മാത്രമേ വൗച്ചര്‍ റെഡീം ചെയ്യാനാകൂ.
സ്‌പൈസ് ജെറ്റ് വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ്, റിസര്‍വേഷനുകള്‍, എയര്‍പോര്‍ട്ട് ടിക്കറ്റിങ് കൗണ്ടര്‍, ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്റുമാര്‍ തുടങ്ങി എല്ലാ ചാനലുകള്‍ വഴിയും നടത്തുന്ന ബുക്കിംഗുകള്‍ക്ക് ഓഫര്‍ ലഭിക്കും. ഗ്രൂപ്പ് ബുക്കിംഗുകള്‍ക്ക് ഈ ഓഫര്‍ ബാധകമല്ല.